റാന്നി: കനത്ത മഴയിൽ റാന്നി താലൂക്കിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. ചില പ്രദേശങ്ങളിൽ ഗതാഗതം മുടങ്ങുന്ന സ്ഥിതിയുമുണ്ടായി. തുലാപ്പള്ളി പമ്പാവാലിയിലെ മൂക്കൻപെട്ടി പാലം വെള്ളത്തിനടിയിലായി. അഴുതാ നദി കര കവിഞ്ഞതാണ് പാലം മുങ്ങുന്നതിന് കാരണമായത്.
പമ്പാനദിയിലും – അഴുതയാറ്റിലും മണിമലയാറിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. അഴുതയിൽ വെള്ളം കൂടിയായതോടെ പമ്പാനദിയിലെ ജലനിരപ്പുയര്‍ന്നു. സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ കൃഷിയിടങ്ങളിലേക്ക് വെള്ളം കയറി. എയ്ഞ്ചല്‍വാലി, കണമല, അരയാഞ്ഞിലി മണ്‍, കുരുമ്പന്‍മൂഴി, മുക്കം കോസ് വേകള്‍ മുങ്ങി.
വനത്താലും പമ്പാനദിയാലും ചുറ്റപ്പെട്ട അരയാഞ്ഞിലിമണ്‍, കുരുമ്പന്‍മൂഴി, മണക്കയം കോളനികള്‍ ഒറ്റപ്പെട്ടു. നാറാണംതോട്ടില്‍ ശബരിമല പാതയില്‍ വെള്ളംകയറി. പെരുന്തേനരുവി തടയണ നിറഞ്ഞു കവിഞ്ഞു. കക്കട്ടാറിലും കല്ലാറിലും സമാനസ്ഥിതിയാണ്.
മാമ്മുക്കിലെ പഴയ ചന്ത വെള്ളത്തിനടിയിലായി. ചെട്ടിമുക്ക്-വലിയകാവു റോഡ് പുള്ളോലിയില്‍ മുങ്ങി വാഹന ഗതാഗതം തടസപ്പെട്ടു.,ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡിനു സമീപത്തെ താഴ്ന്ന നിലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി. ചെത്തോങ്കര എസ്.സിപ്പടിയില്‍ വെള്ളം കയറിയതോടെ സംസ്ഥാനപാതയിലും താത്ക്കാലികമായി ഗതാഗതം മുടങ്ങി. ശനിയാഴ്ച രാത്രിയോടെ തുടങ്ങിയ മഴ ഇന്നലെ വൈകുമ്പോഴും ശമിക്കാതെ തുടരുകയാണ്. മഴയുടെ അളവിൽ കുറവുണ്ട്.
മഴ ഇനിയും ശക്തമായ നിലയിൽ തുടർന്നാൽ അതീവ അപകടകരമായ സ്ഥിതി നേരിടേണ്ടി വരുമെന്നുള്ളതിനാൽ കനത്ത ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.