റാന്നി: അവിട്ടം ജലോത്സവം ആഗസ്റ്റ് 30ന് നടക്കും. 11 പള്ളിയോടം പങ്കെടുക്കും. ഒരുക്കങ്ങൾ തുടങ്ങി. പ്രധാന വേദി പുല്ലൂപ്രം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രക്കടവിലേക്കു മാറ്റാനും അവിട്ടം ജലോത്സവ സമിതി, വിവിധ കരകളിലെ പള്ളിയോട പ്രതിനിധികൾ, എൻ.എസ്.എസ് കരയോഗം ഭാരവാഹികൾ എന്നിവയുടെ സംയുക്ത സമ്മേളനം തീരുമാനിച്ചു.
നെടുമ്പ്രയാർ, അയിരൂർ, ചെറുകോൽ, കോറ്റാത്തൂർ- കൈതക്കോടി, കാട്ടൂർ, കീക്കൊഴൂർ, ഇടപ്പാവൂർ, ഇടപ്പാവൂർ - പേരൂർ, പുല്ലൂപ്രം, റാന്നി, ഇടക്കുളം പള്ളിയോടങ്ങൾ പങ്കെടുക്കും.
വർണാഭമായ ജലഘോഷയാത്രയാണ് അവിട്ടം ജലോത്സവത്തിൽ പ്രധാനം. അങ്ങാടി ബോട്ട്ജെട്ടി കടവിൽനിന്ന് ഭഗവതികുന്ന് ക്ഷേത്രക്കടവിലേക്കാണ് എല്ലാ വർഷവും ജലഘോഷയാത്ര നടക്കുന്നത്. നിർമാണം മുടങ്ങിക്കിടക്കുന്ന പാലം, അടുത്തടുത്തുള്ള മൂന്ന് പാലങ്ങളുടെ തൂണുകൾ എന്നിവ അപകടം ഉണ്ടാക്കുമെന്ന പള്ളിയോട കരകളുടെ അഭിപ്രായം പരിഗണിച്ച് ഘോഷയാത്ര ബോട്ട്ജെട്ടി കടവിൽനിന്ന് പുല്ലൂപ്രം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രക്കടവ് വരെയാക്കും. നെടുമ്പ്രയാർ, റാന്നി, ഇടക്കുളം എന്നീ പള്ളിയോടങ്ങൾ ഭഗവതികുന്ന് ക്ഷേത്രക്കടവിൽ എത്തി സ്വീകരണവും ദക്ഷിണയും ഏറ്റുവാങ്ങാനും ധാരണയായി. പള്ളിയോടങ്ങളുടെ സുഗമയാത്രക്ക് തടസ്സം ഉണ്ടാകുന്ന വിധത്തിൽ പമ്പാനദിയിൽ പുല്ലൂപ്രം ഭാഗത്ത് രൂപപ്പെട്ട മൺപുറ്റ് നീക്കണമെന്ന ആവശ്യം ജലവിഭവ മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് പരിഹാരം ഉണ്ടാക്കാനും തീരുമാനമായി. സംയുക്ത സമ്മേളനം വൈസ് പ്രസിഡന്റ് റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ജേക്കബ് മാത്യു കരിങ്കുറ്റിയിൽ അധ്യക്ഷത വഹിച്ചു. വർക്കിങ് പ്രസിഡന്റ് ഷൈൻ ജി. കുറുപ്പ്, ജനറൽ സെക്രട്ടറി ടി.കെ. രാജപ്പൻ, ഭാരവാഹികളായ ആലിച്ചൻ ആറൊന്നിൽ, രവി കുന്നയ്ക്കാട്ട്, ശ്രീനി ശാസ്താംകോവിൽ, ബി. സുരേഷ്, ബെന്നി പുത്തൻപറമ്പിൽ, സമദ് മേപ്രത്ത്, സജി നെല്ലുവേലിൽ, ബാജി രാധാകൃഷ്ണൻ, പള്ളിയോട പ്രതിനിധികളായ അജിത് കുമാർ (നെടുമ്പ്രയാർ), ജോഷ് കുമാർ (ഇടപ്പാവൂർ), ടി.എസ്. ഹരീഷ് (കോറ്റാത്തൂർ), ടി.എൻ. ചന്ദ്രശേഖരൻ (ഇടപ്പാവൂർ പേരൂർ), ടി.ആർ. അഖിൽകുമാർ (കീക്കൊഴൂർ), ഗോപാലകൃഷ്ണക്കുറുപ്പ് (റാന്നി), ടി.ആർ. സന്തോഷ് കുമാർ (ഇടക്കുളം), എം.ജി. ശശിധരൻ പിള്ള (ചെറുകോൽ), രഞ്ജിത് രാമചന്ദ്രൻ (കാട്ടൂർ) എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.