റാന്നി: ഇൻഷൂറൻസ് പരിരക്ഷ പരിഗണിക്കാതെ മരിച്ച വ്യക്തിയുടെ പേരിലുള്ള വായ്പ തുക അന്യായമായി തിരിച്ചുപിടിച്ച നടപടി റദ്ദാക്കി ഉപഭോക്തൃ തർക്കപരിഹാര കമീഷൻ. പരാതിക്കാരിക്ക് നഷ്ടപരിഹാരവും കോടതി ചിലവുമടക്കം എസ്.ബി.ഐ ലൈഫ് ഇൻഷ്വറൻസ് കമ്പനി 56.20 ലക്ഷം രൂപ നൽകണമെന്ന് പത്തനംതിട്ട ഉപഭോക്ത തർക്ക പരിഹാര കമീഷൻ ഉത്തരവിട്ടു.
വടശ്ശേരിക്കര കുമരംപേരൂർ തെക്കേക്കരയിൽ എ.ടി ലീലകുട്ടി നല്കിയ ഹർജിയിലാണ് കമീഷന്റെ വിധി. തിരുവനന്തപുരം ടെക്നോപാർക്കിലെ ആർക്കി ടെക് ഉദ്യോഗസ്ഥനായ ലീലകുട്ടിയുടെ മകൻ ലിന്റോ എൻ.വർഗീസ് 56,75,523 രൂപ ഭവന വായ്പയായി എസ്.ബി.ഐ ടെക്നോപാർക്ക് ശാഖയിൽനിന്ന് എടുത്തിരുന്നു. 2019 ഡിസംബര്‍ 12 മുതൽ 2039 ഡിസംബര്‍ 21 വരെ ഈ ലോണിന് ഇൻഷ്വറൻസ് പരിരക്ഷ ഉണ്ട്. ഇൻഷ്വറൻസ് പരിരക്ഷ കിട്ടുന്നതിലേക്കായി 1,15,523 രൂപ പ്രീമിയമായി എസ്.ബി.ഐ ലൈഫ് ഇൻഷ്വറൻസ് കമ്പനിക്ക് ലിന്റോ അടക്കുകയും ചെയ്തിരുന്നു.
എന്നാൽ, ലിന്റോ 2020 സെപ്റ്റംബര്‍ 20ന് ഹൃദായാഘാതം മൂലം മരിച്ചു. വിവാഹിതനല്ലാത്തതിനാല്‍ അനന്തരാവകാശിയായ അമ്മയാണ് കമീഷനിൽ ഹർജി ഫയൽ ചെയ്തത്. നിയമപ്രകാരം ലോൺ എടുത്ത വ്യക്തി മരിച്ചുപോയാൽ അടച്ച തുകയുടെ ബാക്കി ഇൻഷ്വറൻസ് കമ്പനി ബാങ്കിൽ അടക്കേണ്ടതാണ്. എന്നാൽ, മരിച്ച ആളിന്റെ അമ്മയെ ബാങ്കുകാർ ഭീക്ഷണിപ്പെടുത്തി 55,60,000 രൂപയും ബാങ്കിൽ അടപ്പിക്കുകയാണ് ചെയ്തത്.ഹർജി ഫയലിൽ സ്വീകരിച്ച കമീഷൻ ഇരുകൂട്ടർക്കും ഹാജരാകാൻ നോട്ടീസ് അയക്കുകയും ഇരുകക്ഷികളും അഭിഭാഷകർ മുഖേന കമീഷനിൽ ഹാജരാകുകയും ചെയ്തു.
എതിർകക്ഷിയുടെ അഭിഭാഷകൻ കമീഷനിൽ ബോധിപ്പിച്ചത് ലോണിന് ഇൻഷ്വറൻസ് കവറേജ് എടുക്കുന്ന സമയത്ത് പൂരിപ്പിച്ചു കൊടുക്കുന്ന പ്രൊപ്പോസൽ ഫോമിൽ രോഗ വിവരം ഒന്നും തന്നെ കാണിച്ചിരുന്നില്ലെന്നും മരിച്ച ലിന്റോ വർഗീസിന് ഗുരുതരമായ ഡയബറ്റിക്സിന്റെ അസുഖം ഉണ്ടായിരുന്നു എന്നുമാണ്. രോഗവിവരം മറച്ചുവെച്ചാണ് ഇൻഷ്വറൻസ് എടുത്തത് എന്നും ആരോപിച്ചു. ലിന്റോ മരിച്ചത് ഒരാഴ്ചയായി തുടർന്നുവന്ന ശ്വാസതടസ്സത്തിന്റെയും തുടർന്ന് ഹൃദയാഘാതത്തിന്റെയും ഭാഗമായി ട്ടാണ് എന്ന് കമീഷന് ബോധ്യപ്പെട്ടു.
അതിന്റെ അടിസ്ഥാനത്തിൽ ഹർജികക്ഷിക്ക് ലഭിക്കാനുള്ള നിയമ പ്രകാരമുള്ള തുകയായ 55,60,000 രൂപയും 50,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചിലവും ചേർന്ന് 56,20,000 രൂപ ലീലക്കുട്ടിക്ക് നൽകാൻ കമീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്ന് വിധി പ്രസ്താവിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.