റാന്നി: ശബരിമല റോഡിലെ പാലത്തിന്റെ കൈവരി തകർന്നിട്ട് വർഷങ്ങളായിട്ടും പരിഹാരമില്ലെന്ന് ആക്ഷേപം. പ്ലാച്ചേരി- എരുമേലി റോഡിലെ പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷന് സമീപത്തെ പാലത്തിന്റെ കൈവരിയാണ് തകര്‍ന്ന നിലയിലുള്ളത്.
ഇവിടെ നിരവധി അപകടങ്ങൾ ഉണ്ടായിട്ടും തൽസ്ഥിതി തുടരുകയാണ് ഇപ്പോഴും. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയോട് ചേര്‍ന്ന് എരുമേലി റോഡിന്റെ ആരംഭത്തിലാണ് വീതി കുറഞ്ഞ ഈ പാലം സ്ഥിതി ചെയ്യുന്നത്. ഉന്നത നിലവാരത്തില്‍ നിർമിച്ച പ്ലാച്ചേരി-എരുമേലി റോഡിലെ പാലം കോട്ടയം- പത്തനംതിട്ട ജില്ല അതിര്‍ത്തിയിലാണ്.ശബരിമല സീസൺ ആരംഭിക്കും മുമ്പ് നടക്കുന്ന അറ്റകുറ്റപ്പണിയിൽ ഈ പാലത്തിന്റെ കൈവരി ഉയരത്തിൽ കെട്ടി സുരക്ഷ ഒരുക്കണമെന്ന ആവശ്യമുയര്‍ന്നിട്ടും അവഗണിക്കുന്നതായാണ് പരാതി.
കഴിഞ്ഞ ശബരിമല സീസൺ സമയത്ത് തീർഥാടകരുടെ വാഹനം നിയന്ത്രണം നഷ്ടമായി പാലത്തില്‍ ഇടിച്ചിരുന്നു. അന്ന് കൈവരിയുള്ളത് കൊണ്ട് വാഹനം തോട്ടിലേക്ക് മറിയാതെ രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ സീസൺ സമയത്ത് പാലത്തിന്റെ ഇരുവശത്തും മരക്കമ്പുകള്‍ കുഴിച്ചിട്ട് കയർ വലിച്ചുകെട്ടിയാണ് മുന്നറിയിപ്പ് നൽകിയിരുന്നത്.
ശബരിമല സീസൺ ആരംഭിക്കുമ്പോൾ വലിയ തിരക്കുള്ള റോഡാണിത്. എരുമേലിക്ക് പോകുന്ന വാഹനങ്ങളും സംസ്ഥാനപാത വഴി വരുന്ന വാഹനങ്ങളും ഈ വഴിയാണ് വരിക. രണ്ടുവലിയ വാഹനങ്ങള്‍ വന്നാൽ തിരിഞ്ഞു പോകാൻ ബുദ്ധിമുട്ടാണ്. കൈവരി കൂടെയില്ലെങ്കിൽ ഏത് സമയത്തും അപകടം ഉണ്ടാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.