പത്തനംതിട്ട: മാർച്ചിൽ സംസ്ഥാനത്ത് ഏറ്റവുമധികം വേനൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിൽ. ജില്ലയുടെ മലയോര മേഖലയിലാണ് ശക്തമായ വേനൽമഴ ലഭിച്ചത്. 125 മില്ലീമീറ്റർ മഴയാണ് മാർച്ചിൽ ജില്ലയിൽ ലഭിച്ചത്. ഈ കാലയളവിൽ 82 ശതമാനം അധികമഴയാണ് ജില്ലയിൽ ലഭിച്ചത്. പത്തനംതിട്ടയിൽ തന്നെ ഏറ്റവുമധികം മഴ ലഭിച്ച കോന്നി മണ്ണീറയിൽ 461 മില്ലീമീറ്റർ മഴ ലഭിച്ചപ്പോൾ, തവളപ്പാറ, കുമ്മണ്ണൂർ, കരിപ്പാൻതോട്, പെരുന്തേനരുവി, ളാഹ മേഖലകളിലും 250 മില്ലീമീറ്ററിൽ അധികം മഴ ലഭിച്ചു.
എന്നാൽ, റാന്നി, കോന്നി താലൂക്കുകളിൽ റെക്കോഡ് വേനൽമഴ ലഭിച്ചപ്പോൾ അടൂർ, തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി താലൂക്കുകളിലെ ചില സ്ഥലങ്ങളിൽ സാധാരണയിലും കുറഞ്ഞ മഴയാണ് ലഭിച്ചത്. ജില്ലയിലെ പ്രധാന ഡാമായ കക്കി, ആനത്തോട് ഡാമിന്റെ വൃഷ്ടിപ്രദേശത്തും മഴ ലഭിച്ചു.
ഡാമിൽ മുൻവർഷം ഇതേസമയത്ത് ഉണ്ടായിരുന്നതിനെക്കാൾ ജലനിരപ്പ് ഉയർന്ന് നിൽക്കുന്നുണ്ട്. കഴിഞ്ഞവർഷം ഇതേ സമയത്ത് കക്കി ജലസംഭരണിയിൽ 48.66 ശതമാനം ജലമാണ് ഉണ്ടായിരുന്നത്. വെള്ളിയാഴ്ച രാവിലെ ഏഴിന് എടുത്ത കണക്കനുസരിച്ച് കക്കി ഡാമിൽ 50.15 ശതമാനം വെള്ളമാണുള്ളത്. എന്നാൽ, ചെറിയ ജലസംഭരണിയായ പമ്പാ ഡാമിൽ കഴിഞ്ഞവർഷം ഈ സമയം 49.29 ശതമാനം വെള്ളം ഉണ്ടായിരുന്ന സ്ഥാനത്ത് വെള്ളിയാഴ്ച രാവിലെ ഏഴിന് 4.27 ശതമാനം ജലം മാത്രമാണുള്ളത്. അതേസമയം, ജില്ലയിൽ വേനൽമഴ തുടരെ ലഭിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.