തിരുവല്ല: പീഡനക്കേസ് പ്രതിയായ പ്രാദേശിക നേതാവിനെ പാർട്ടിയിൽ തിരിച്ചെടുത്ത സംഭവത്തിൽ സി.പി.എം ലോക്കൽ കമ്മിറ്റി യോഗത്തിൽ ഉന്തുംതള്ളും. സി.സി. സജിമോനെ തിരിച്ചെടുത്ത തീരുമാനം റിപ്പോര്‍ട്ട് ചെയ്യാന്‍ ഏരിയ കമ്മിറ്റി ഓഫിസിൽ വിളിച്ച തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി യോഗമാണ് കൈയാങ്കളിയിലും അസഭ്യവർഷത്തിലും കലാശിച്ചത്.
ലോക്കൽ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ സജിമോനും എത്തിയിരുന്നു. യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലും കുഞ്ഞിന്റെ ഡി.എൻ.എ പരിശോധന സമയത്ത് ആൾമാറാട്ടം നടത്തിയ കേസിലും സി.പി.എം വനിത നേതാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി മയക്കുമരുന്ന് കലർത്തി പീഡിപ്പിച്ചശേഷം ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച കേസിലും സജിമോൻ പ്രതിയാണ്. സി.പി.എമ്മിന്റെ ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്തിരുന്ന സജിമോനെ കഴിഞ്ഞയാഴ്ച തിരിച്ചെടുത്തിരുന്നു. ഇതിനിടെയാണ് സജിമോൻ ശനിയാഴ്ച വൈകീട്ട് നടന്ന യോഗത്തിൽ പങ്കെടുക്കാൻ എത്തിയത്. സജിമോനെ യോഗത്തില്‍നിന്ന് ഒഴിവാക്കി തീരുമാനം റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഒരുവിഭാഗം നിലപാടെടുത്തു.
തുടർന്ന് ചേരിതിരിഞ്ഞ് അസഭ്യവർഷവും ഉന്തുംതള്ളും നടന്നു. സ്ഥിതിഗതികൾ സംഘർഷാവസ്ഥയിലേക്ക് നീണ്ടതോടെ മുതിർന്ന നേതാക്കൾ ഇടപ്പെട്ട് യോഗം പിരിച്ചുവിട്ടു. ഇതിനിടെ ശനിയാഴ്ച രാത്രിയോടെ പീഡനവീരൻ എന്നാരോപിച്ച് സജിമോന്റെ ചിത്രം വെച്ചുള്ള പോസ്റ്ററുകൾ തിരുവല്ല നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടു. പീഡനവീരനും സ്ത്രീകളെ വലവീശി പിടിക്കുന്നവനും കൈക്കൂലിക്കാരനുമാണെന്ന് പോസ്റ്ററിൽ എഴുതിയിട്ടുണ്ട്. കുഞ്ഞിന്റെ പിതൃത്വം സി.സി. സജിമോൻ ഏറ്റെടുക്കണമെന്നും പോസ്റ്ററിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവല്ല പൗരസമിതിയുടെ പേരിൽ പോസ്റ്ററുകൾ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിന് സമീപത്തും പതിച്ചിട്ടുണ്ട്. സി.പി.എം കേന്ദ്രകമ്മിറ്റി അംഗങ്ങൾ ഇടപെട്ട് പുറത്താക്കിയ സജിമോനെ സംസ്ഥാന കൺട്രോൾ കമീഷനാണ് തിരിച്ചെടുക്കാൻ നിർദേശം നൽകിയത്.അതേസമയം, തനിക്കെതിരെ സംഘടിതനീക്കം നടക്കുന്നതായും അപകീർത്തി ഉണ്ടാക്കുന്ന വിധം പോസ്റ്റർ പതിച്ചതിനെതിരെ പൊലീസിൽ പരാതി നൽകുമെന്നും സജിമോൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.