തിരുവല്ല: ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച് ശക്തമായ നിയമങ്ങള്‍ ഉണ്ടെങ്കിലും നിയമം അനുശാസിക്കുന്ന പരിരക്ഷ സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ലെന്ന് കേരള വനിത കമീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി. തിരുവല്ല വൈ.എം.സി.എ ഹാളില്‍ നടത്തിയ ജില്ലതല സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അധ്യക്ഷ. അദാലത്തില്‍ പരിഗണനക്ക് വന്ന പരാതികള്‍ പരിശോധിച്ചതില്‍നിന്ന് കുടുംബാന്തരീക്ഷം സങ്കീര്‍ണമാകുന്ന സാഹചര്യമാണ് ജില്ലയിലുള്ളത്. മദ്യപാനം മൂലമുള്ള പ്രശ്നങ്ങളും പൊലീസ് താക്കീത് നല്‍കിയശേഷവും കുടുംബാംഗങ്ങളെ ഉപദ്രവിക്കുന്ന സാഹചര്യവും ഉണ്ട്.
പരാതിപ്പെട്ടതിന്റെ പേരിലും സ്ത്രീകള്‍ ആക്രമണത്തിനിരയാകുന്നു. ഇത്തരം കുടുംബ പ്രശ്നങ്ങള്‍ ദോഷകരമായി ബാധിക്കുന്നത് കുട്ടികളെയാണ്. വീടുകള്‍ക്കുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി വാര്‍ഡ് തലത്തിലുള്ള ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം സജീവമാക്കണം. മദ്യപാനത്തിനെതിരെ വലിയ ബോധവത്കരണവും ഭാര്യ, ഭര്ത്താക്കന്മാര്ക്ക് ആവശ്യമായ കൗണ്‍സലിങ്ങും നല്‍കണം. വനിത കമീഷന്റെ തിരുവനന്തപുരം ഓഫിസില്‍ സ്ഥിരമായ കൗണ്‍സലിങ്ങും എറണാകുളത്തെ റീജനല്‍ ഓഫിസില്‍ മൂന്ന് ദിവസം കൗണ്‍സലിങ്ങും നല്‍കുന്നുണ്ട്. വനിത ശിശു വികസന വകുപ്പിന്റെയും പൊലീസ് വനിത സെല്ലിന്റെയും കൗണ്‍സലിങ് സംവിധാനം ജില്ലകളില്‍ പ്രയോജനപ്പെടുത്തണം.
ഹോം നഴ്സുകളുടെയും വീട്ടുജോലിക്കാരുടെയും പ്രശ്നങ്ങള്‍ അറിയാനായി ജില്ലയില്‍ ഒക്ടോബറിൽ പബ്ലിക് ഹിയറിങ് നടത്തുമെന്നും വനിത കമീഷന് അധ്യക്ഷ പറഞ്ഞു. അദാലത്തില്‍ 46 പരാതികള്‍ പരിഗണിച്ചു. 14 കേസുകള്‍ തീര്‍പ്പാക്കുകയും നാല് പരാതികളില്‍ പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിനായി അയക്കുകയും ചെയ്തു. ബാക്കി 28 കേസുകള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കാനായി മാറ്റി.
കുടുംബ പ്രശ്നങ്ങള്‍ സംബന്ധിച്ച പരാതികളാണ് അദാലത്തില്‍ ലഭിച്ചതില്‍ ഏറെയും. സിറ്റിങ്ങില്‍ വനിത കമീഷന് അധ്യക്ഷ അഡ്വ. പി. സതീദേവിയും അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായിയും പരാതികള്‍ കേട്ട് കേസുകള്‍ തീര്‍പ്പാക്കി. പാനല്‍ അഭിഭാഷകരായ അഡ്വ. എസ്. സബീന, അഡ്വ. എസ്. സീമ, കൗണ്‍സിലര്‍ രമ്യ കെ.പിള്ള എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.