തിരുവല്ല: പ്രായോഗിക വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. മൈഗ്രേഷൻ കോൺക്ലേവിൽ ‘ഉന്നത വിദ്യാഭ്യാസത്തിന് പിന്തുണ’ എന്ന വിഷയത്തെ അധികരിച്ച് നടന്ന സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഏറ്റവും നല്ല ഭൗതിക പശ്ചാത്തലം ഒരുക്കി മികച്ച പഠന സാഹചര്യം ഇവിടെ തന്നെ ഉണ്ടാക്കിയെടുക്കുകയാണ് ലക്ഷ്യം.
പ്രവാസികൾ തങ്ങൾ പഠിച്ചിറങ്ങിയ വിദ്യാലയങ്ങളുടെ വികസന വഴികളിൽ മികച്ച സംഭാവനകൾ നൽകണം. അലൂംമ്നി, പൗരപ്രമുഖർ, ജനപ്രതിനിധികൾ, എന്നിവരുമായി ചേർന്ന് പദ്ധതികൾ ആവിഷ്കരിക്കണം. തങ്ങളുടെ വൈദഗ്ധ്യങ്ങളും കഴിവുകളും മുൻ അനുഭവങ്ങളും അറിവും വിദ്യാർത്ഥികളോട് പങ്കുവെക്കാൻ പ്ലാറ്റ്ഫോമുകൾ ഉണ്ടാകണം. ഗവേഷണാത്മകമായ പഠനത്തിനാണ് ഇനി കേരളം ഊന്നൽ നൽകുന്നതെന്നും അവർ വ്യക്തമാക്കി.
എം.ജി സർവകലാശാല വൈസ് ചാൻസിലർ ഡോ. സാബു ജോസഫ്, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. സജി ഗോപിനാഥ്, ടെക്നിക്കൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. രാജശ്രീ, കേരള സർവകലാശാല ബയോ ഇൻഫോമാറ്റിക്സ് മുൻ തലവൻ ഡോ. അച്യുത് ശങ്കർ എന്നിവർ സംസാരിച്ചു.
അന്തർദേശീയ നിലവാരമുള്ള ഹോസ്റ്റലുകൾ പണിയുകയാണ്. അടുത്ത അധ്യയന വർഷം ഡിഗ്രിയും പിജിയും ചേർത്ത് നാല് വർഷ ബിരുദാനന്തര കോഴ്സുകൾ ആരംഭിക്കും. ആദ്യ മൂന്ന് വർഷം കഴിഞ്ഞ് നിർത്തിയാൽ ഡിഗ്രി സർട്ടിഫിക്കറ്റും തുടർന്നാൽ ഓണേഴ്സ് ബിരുദവും നൽകും. പ്രൈവറ്റ് യൂനിവേഴ്സിറ്റി എന്ന ആശയം നടപ്പാക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. അതിന്റെ പ്രാഥമിക ചർച്ചകളിലൂടെ കടന്നുപോകുകയാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.