കഞ്ചാവ് കടത്ത് പിടികൂടാനെത്തിയ എസ്.ഐയെ അപായപ്പെടുത്താന്‍ ശ്രമം; രണ്ടു പേര്‍ പിടിയില്‍

തിരുവല്ല: കഞ്ചാവ് കടത്ത് പിടികൂടാനെത്തിയ എസ്.ഐയെ അപായപ്പെടുത്താന്‍ ശ്രമിച്ച കഞ്ചാവ് സംഘത്തിലെ രണ്ടു പേര്‍ പിടിയിലായി. വള്ളംകുളം പുത്തന്‍പറമ്പില്‍ വിനിത് (28), കോഴിമല, തോട്ടപ്പുഴ കോന്നാത്ത് ഗൗതം (26) എന്നിവരാണ് പിടിയിലായത്.

ജില്ല പൊലീസ് മേധാവിയുടെ ഷാഡോ സംഘവും തിരുവല്ല പൊലീസും കിലോമീറ്ററുകളോളം സാഹസികമായി പിന്തുടര്‍ന്നാണ് കഞ്ചാവുവേട്ട നടത്തിയത്. രണ്ടു കിലോ കഞ്ചാവും ഇവരില്‍നിന്ന് പിടികൂടി. രണ്ടു പേര്‍ ഓടിരക്ഷപെട്ടു.

വെള്ളിയാഴ്ച അര്‍ധരാത്രിയോടെ ആയിരുന്നു സംഭവം. റാന്നി ഭാഗത്തു നിന്നു കഞ്ചാവുമായി തിരുവല്ലയിലേക്കു സംഘം പോകുന്നുവെന്ന് ജില്ല പൊലിസ് മേധാവിക്കു ലഭിച്ച രഹസ്യ സന്ദേശത്തെതുടര്‍ന്ന് എസ്.പിയുടെ ഷാഡോ സംഘം രാത്രി 12 മണി മുതല്‍ റാന്നി മുതല്‍ സംഘത്തിന്റെ കാറിനെ പിന്തുടരുകയായിരുന്നു. ഇരവിപേരൂരിനു സമീപം വെണ്ണിക്കുളം റോഡിലെത്തിയപ്പോള്‍ തിരുവല്ല എസ്.ഐ അനീഷ് ഏബ്രഹാം ജീപ്പ് റോഡിനു കുറുകെയിട്ട് തടഞ്ഞു.

ഇതു കണ്ട് കഞ്ചാവ് സംഘം കാര്‍ പിറകോട്ടെടുത്ത് ഓടിച്ചുപോകാന്‍ ശ്രമിച്ചു. കാറില്‍ കയറിപിടിച്ച എ.ഐ അനീഷ് ഏബ്രഹാം 30 മീറ്ററോളം കാറിനോടൊപ്പം ഓടിയെങ്കിലും വീണുപോയി. കൈയില്‍ പരിക്കേറ്റ ഇദ്ദേഹം ചികിത്സയിലാണ്. രക്ഷപെട്ട സംഘത്തെ എസ്.ഐയും ഷാഡോ സംഘവും പിന്തുടര്‍ന്ന് വള്ളംകുളം പാലത്തിനു സമീപം വെച്ച് തടയുകയായിരുന്നു. ഇവിടെ വച്ചാണ് രണ്ടു പേര്‍ ഓടിരക്ഷപെട്ടത്.

ഇരവിപേരൂരിലെ വന്‍ കഞ്ചാവ് റാക്കറ്റ് ആയ വിനീതിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് എത്തിച്ചത്. ഇയാള്‍ മൂന്ന് മാസം മുമ്പും എസ്.പിയുടെ ഷാഡോ സംഘത്തിന്റെ വാഹനം ഇടിച്ചുതെറിപ്പിച്ച് കഞ്ചാവുമായി രക്ഷപ്പെട്ടിരുന്നു. ഏഴ് കഞ്ചാവ് കടത്ത് കേസുകളില്‍ പ്രതികളാണ് ഇവര്‍.

Tags:    
News Summary - ganja case arrest in Thiruvalla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.