വീട്ടിൽ ഗുണ്ടാസംഘത്തിന്‍റെ ആക്രമണം; ജനലുകൾ അടിച്ച് തകർത്തു, കാറും ബൈക്കുകളും നശിപ്പിച്ചു

തിരുവല്ല: തിരുവല്ലയിലെ കാട്ടൂക്കരയിൽ ഗുണ്ടാ സംഘം വീടും നിർത്തിയിട്ടിരുന്ന വാഹനങ്ങളും അടിച്ചു തകർത്തു. കാട്ടുക്കര കൊച്ചുപുരയിൽ പ്രസാദിന്റെ വീടിന് നേരെയാണ് ആക്രമണം. പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. പ്രസാദിന്റെ ഭാര്യ അജിത (51) മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ബഹളം കേട്ടെത്തിയ വീട്ടമ്മയുടെ മുഖത്ത് ജനലിലൂടെ കുരുമുളക് സ്‌പ്രേ അടിച്ച ശേഷമാണ് ആക്രമണം അഴിച്ചുവിട്ടത്. വീടിന്റെ എല്ലാ ജനൽ ചില്ലകളും തകർത്ത നിലയിലാണ്. നിർത്തിയിട്ടിരുന്ന അജിതയുടെ കാറിന്റെ ചില്ലുകളും പൊട്ടിച്ചു. കൂടാതെ, രണ്ട് ബൈക്കുകളും ഒരു സ്‌കൂട്ടറും തകർത്തു.


വീടിന്റെ പ്രധാന വാതിലും വടിവാൾ ഉപയോഗിച്ച് തകർത്തെങ്കിലും പൂട്ട് തുറക്കാനായില്ല. വീടിനുള്ളിലേക്കുള്ള എല്ലാ ജല വിതരണ കുഴലുകളും മുറിച്ചു മാറ്റി.

വീട്ടിലെ നാല് നായ്ക്കളെയും അക്രമികൾ വെറുതെ വിട്ടില്ല. ഇവയുടെ കണ്ണിലും കുരുമുളക് സ്പ്രേ ഉപയോഗിച്ച് പരിക്കേൽപ്പിച്ചു.

വടിവാളും കമ്പവടികളുമായി എത്തിയ ഗുണ്ടകളെ പേടിച്ച് സമീപ വാസികളും വീടിനു പുറത്തിറങ്ങിയില്ല. അഞ്ചോളം പേരാണ് ഗുണ്ടാ സംഘത്തിലുണ്ടായിരുന്നതെന്ന് വീട്ടമ്മ പറഞ്ഞു. വീടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തിരുവല്ല കോടതിയിൽ കേസ് നിലവിലുണ്ട്. അജിത നൽകിയ പരാതിയിൽ തിരുവല്ല പൊലീസ് കേസെടുത്തു.

Tags:    
News Summary - goonda attack at kattookkara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.