തിരുവല്ല: നാലരക്കോടി ചെലവഴിച്ച് അഞ്ചുവർഷം മുമ്പ് വീണ്ടെടുത്ത കോലറയാർ അധികൃതരുടെ അവഗണനമൂലം നാശത്തിന്റെ പാതയിലേക്ക്. പമ്പയാറിന്റെ കൈവഴിയായി കടപ്ര പഞ്ചായത്തിലെ ആലംതുരുത്തിയിൽനിന്ന് ആരംഭിച്ച് നിരണം പഞ്ചായത്തിൽകൂടി ഒഴുകുന്ന നദിയാണ് പോളയും പായലും മറ്റ് മാലിന്യവും നിറഞ്ഞ് വീണ്ടും നാശത്തിലേക്ക് നീങ്ങുന്നത്.
പതിറ്റാണ്ടുകൾക്ക് മുമ്പ് 25 മീറ്ററോളം വീതിയിൽ ഒഴുകിയ കോലറയാറിലൂടെ കടപ്ര, നിരണം ഭാഗങ്ങളിൽനിന്ന് കെട്ടുവള്ളങ്ങളിൽ കാർഷികോൽപന്നങ്ങൾ ആലപ്പുഴയിൽ എത്തിച്ചിരുന്നു.
30 വർഷം മുമ്പ് ബോട്ട് സർവിസും നടന്നിരുന്നതായി പഴമക്കാർ പറയുന്നു. കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും മറ്റ് ഗാർഹിക ആവശ്യങ്ങൾക്കും അടക്കം 15 വർഷം മുമ്പുവരെ പ്രദേശവാസികൾ ആശ്രയിച്ച നദി കൂടിയാണിത്.
എന്നാൽ, സംരക്ഷണം ഇല്ലാത്തത് മൂലവും കൈയേറ്റം മൂലവും വീതി 10 മീറ്ററായി കുറഞ്ഞ് ഒഴുക്കുനിലച്ച നിലയിലായിരുന്നു. ഇതേതുടർന്നാണ് സർക്കാർ അനുവദിച്ച നാലുകോടിയും ജനകീയ പങ്കാളിത്തത്തോടെ സ്വരൂപിച്ച അരക്കോടിയും ചെലവഴിച്ച് അഞ്ച് വർഷം മുമ്പ് പോളയും പായലും മാലിന്യവും നീക്കം ചെയ്ത് ആഴം കൂട്ടി കോലറയാർ നവീകരിച്ചത്.
കോലറയാർ പുനരുജ്ജീവനത്തിന് പിന്നാലെ ചെറിയ വള്ളങ്ങളെ പങ്കെടുപ്പിച്ച് ജനകീയ കൂട്ടായ്മയിൽ വള്ളംകളി മത്സരവും നടത്തിയിരുന്നു. ഈ നദിയാണ് ഇപ്പോൾ സംരക്ഷണം ഇല്ലാതെ നാശത്തിന്റെ പാതയിലേക്ക് പോകുന്നത്.
ജില്ലയിലെ ഏറ്റവും വലിയ പാടശേഖരങ്ങളിൽ ഒന്നായ നിരണത്ത തടം പാടം ഉൾപ്പെടെ മേഖലയിലെ ഹെക്ടർ കണക്കിന് പാടശേഖരങ്ങളിലേക്ക് നെൽകൃഷിക്ക് വെള്ളം എത്തിക്കുന്നതിനുള്ള പ്രധാന മാർഗം കൂടിയാണ് ഈ നദി. കോലറയാറിലെ ഒഴുക്കുനിലച്ചതോടെ പാടശേഖരങ്ങളിലേക്ക് വെള്ളം എത്തിക്കേണ്ട അനുബന്ധ കൈത്തോടുകളും നാശത്തിലേക്ക് നീങ്ങുകയാണ്.
വേനൽ കടുത്തതോടെ പാടശേഖരങ്ങളിലേക്ക് വെള്ളം എത്തിക്കാൻ കഴിയാത്തത് കർഷകരെയും ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. നീരൊഴുക്ക് നിലച്ചതോടെ വെള്ളം കറുത്തിരുണ്ട് ദുർഗന്ധപൂരിതമായി കിടക്കുകയാണ്. ഇതോടെ കൊതുക് ശല്യവും ഏറിയിരിക്കുകയാണെന്ന് നദീതീരത്തെ താമസക്കാർ പറയുന്നു. നദിയിലെ മത്സ്യസമ്പത്തും നശിച്ചു. കോലറയാർ വീണ്ടെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്നതാണ് പൊതുജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.