തിരുവല്ല: വേനൽ കടുത്തതിന് പിന്നാലെ തോടുകൾ വറ്റിയതോടെ പാടശേഖരങ്ങളിൽ വെള്ളമെത്തിക്കാൻ കഴിയാതെ അപ്പർകുട്ടനാട്ടിലെ നെൽകർഷകർ വലയുന്നു. ജില്ലയിൽ ഏറ്റവുമധികം നെല്ലുൽപാദിപ്പിക്കുന്ന പെരിങ്ങര പഞ്ചായത്തിലെ പാടശേഖരങ്ങളാണ് വെള്ളമില്ലാതെ വറ്റിവരളുന്നത്. പാടശേഖരങ്ങൾക്ക് സമീപത്തെ ജലാശയങ്ങൾ ഭൂരിഭാഗവും വറ്റി. കഴിഞ്ഞ മാസം മുതൽ ജലനിരപ്പ് ക്രമാതീതമായി താഴുന്നതിനാൽ മുമ്പെങ്ങുമില്ലാത്ത വരൾച്ച കൃഷിയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് കർഷകർ.
പമ്പ, മണിമല നദികളിൽ ജലനിരപ്പ് എക്കാലത്തെയും താഴ്ന്ന നിലയിലാണ്. കിണറുകളും വറ്റി തുടങ്ങി. അപ്പർകുട്ടനാട്ടിലെ ഒട്ടുമിക്ക പാടശേഖരങ്ങളിലും നെൽച്ചെടികൾക്ക് രണ്ട് മാസത്തോളം പ്രായമായി. രാസവളവും കീടനാശിനിയുമൊക്കെ പ്രയോഗിച്ചതിനാൽ ഈസമയത്ത് ജലം നന്നായി ആവശ്യമാണ്.
എന്നാൽ പാടശേഖരങ്ങൾക്കുള്ളിലേക്ക് ജലം എത്തിച്ചേരുന്നില്ല. സമീപത്തെ തോടുകളെല്ലാം വറ്റിവരണ്ടതോടെ വെള്ളം എത്തിക്കാൻ മാർഗ്ഗമില്ല. പെരുന്തുരുത്തി തെക്ക്, കിഴക്ക്, ശങ്കരാപാടം, പാരൂർ കണ്ണാട്ട്, കൈപ്പാല കിഴക്ക്, പടിഞ്ഞാറ്, വേങ്ങൽ, വേങ്ങൽ ഇരുകര, പാണാകാരി എന്നീ പാടശേഖരങ്ങളിലെല്ലാം കർഷകർ ഭീതിയിലാണ്.
ഇടത്തോടുകൾ പൂർണമായി വറ്റിവരണ്ടു. പെരിങ്ങര, നിരണം, കടപ്ര, നെടുമ്പ്രം കൃഷിഭവൻ പരിധിയിൽപെട്ട പ്രദേശങ്ങളിൽ കാർഷികാവശ്യങ്ങൾക്ക് ജലക്ഷാമം രൂക്ഷമാണ്.
ഇതുകാരണം പലപാടങ്ങളും വരണ്ടുണങ്ങിയ നിലയിലാണ്. ജലാശയങ്ങളിലെ വെള്ളം താഴുന്നതിന് പിന്നാലെ നദികളിലേയും തോടുകളിലേയും പോളയുടെ ശല്യവും കർഷകരെ ദുരിതത്തിലാക്കുന്നു.
ശരിയായ രീതിയിൽ ബണ്ടുകെട്ടി ബലപ്പെടുത്താതിനാൽ തിട്ടയിടിഞ്ഞ് തോടുകളുടെ ആഴം കുറഞ്ഞു. അനുദിനം ചൂടുകൂടി വരുന്നതോടെ വേനൽ മഴയിലാണ് കർഷകരുടെ ഇനിയുള്ള പ്രതീക്ഷ. പെരിങ്ങര പഞ്ചായത്തിലെ ഓൾഡ് മാർക്കറ്റ്, ന്യു മാർക്കറ്റ് തോടുകൾ ആഴംകൂട്ടി തെളിച്ചിട്ട് വർഷങ്ങളായി. ഇതുകാരണം സമീപത്തെ ഒമ്പത് പാടശേഖരങ്ങളിലേക്ക് വെള്ളം എത്തിക്കാനാകുന്നില്ല. 1800 ഏക്കറിലെ പാടങ്ങളിലാണ് നെൽകൃഷി കരിഞ്ഞുണങ്ങുന്നത്.
തോടുകളിൽ വെള്ളം ഉണ്ടെങ്കിൽ പമ്പിങ് നടത്താനാകും. എന്നാൽ പായലും പോളയും എക്കലും കയറി പലയിടത്തും തോടുകൾ മൂടിയ നിലയിലാണ്. പാടശേഖരങ്ങളിൽ നിന്ന് ജലം പുറത്തേക്ക് പമ്പ് ചെയ്യാൻ പമ്പിംഗ് സബ്സിഡിയുണ്ട്. എന്നാൽ ജലക്ഷാമം നേരിടുമ്പോൾ വെള്ളം എത്തിക്കുന്നതിന് സർക്കാർ സഹായമില്ല. നെൽക്കൃഷിക്ക് വളമിട്ടശേഷം വെള്ളംകയറ്റാൻ പാടത്തെ തൂമ്പുകൾ തുറന്നാലും വെള്ളം പാടത്തേക്ക് കയറ്റാനാകാത്ത അവസ്ഥയാണ്.
ഏപ്രിൽ, മേയ് മാസങ്ങളിൽ അനുഭവപ്പെടുന്നതുപോലെ പകൽ സമയങ്ങളിൽ 34 ഡിഗ്രിയാണ് അപ്പർകുട്ടനാട്ടിലെ ഇപ്പോഴത്തെ ശരാശരി താപനില. കരിനിലങ്ങളിൽ വിളവിറക്കിയ കർഷകരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.