തിരുവല്ല: രണ്ടര വർഷമായിട്ടും നിർമാണം പൂർത്തിയാകാത്ത നന്നാട് തെക്കുംമുറി പാലം നാട്ടുകാരെ വട്ടം കറക്കുന്നു.പത്തനംതിട്ട-ആലപ്പുഴ ജില്ലകളുടെ അതിർത്തി പങ്കിടുന്ന ഈരടിച്ചിറ-തിരുവന്‍വണ്ടൂർ റോഡില്‍ വരട്ടാറിന് കുറുകെയുള്ള നിർമാണം പൂർത്തിയാകാത്ത പാലമാണ് നാട്ടുകാർക്ക് യാത്രാദുരിതമാകുന്നത്.
തിരുവന്‍വണ്ടൂര്‍-നന്നാട് കരകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ പണി രണ്ട് വര്‍ഷം മുമ്പ് തുടങ്ങിയതാണ്. മാസങ്ങളോളം നിശ്ചലമായിരുന്ന പണിക്ക് അടുത്തിടെ ജീവന്‍വെച്ചു. പാലത്തിന്റെ മേല്‍ത്തട്ട് വാര്‍ക്കുന്ന പണി കഴിഞ്ഞയാഴ്ച പൂര്‍ത്തിയായി. ഇനി അപ്രോച് റോഡ് ഉയര്‍ത്തി വശങ്ങള് കെട്ടണം. പാലത്തിന് കൈവരികള്‍ അടക്കമുള്ള പണിയും ബാക്കിയാണ്. ഇത് പൂർത്തിയാകാൻ മാസങ്ങൾ വേണ്ടിവരും.
തുടക്കം മുതലേ മന്ദഗതിയിലായിരുന്നു പണിയെന്ന് നാട്ടുകാര്‍ പറയുന്നു. പിന്നീട് വെള്ളപ്പൊക്കം, മഴ എന്നിങ്ങനെ പല ഒഴികഴിവുകള്‍ പറഞ്ഞ് പണി നീണ്ടു. വരട്ടാറിനു കുറുകെ നിര്‍മിച്ച താൽക്കാലിക പാലം വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയതോടെ യാത്രാദുരിതം ഇരട്ടിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയിലെ വെള്ളപ്പൊക്കത്തില്‍ അക്കരെയിക്കരെ കടക്കാന്‍ പ്രദേശവാസികള്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. ചെറുകിട വ്യവസായികളും കൃഷിക്കാരും ഉൽപന്നങ്ങളുമായി തിരുവന്‍വണ്ടൂരും മറ്റ് ഇടങ്ങളിലും എത്തിപ്പെടാന്‍ ബഹുദൂരം സഞ്ചരിക്കേണ്ടി വരുന്നുണ്ട്. പുതിയ പാലത്തിന്റെ പണിക്കായി ചിറകെട്ടിയതോടെ വരട്ടാറ്റിലെ ഒഴുക്കും തടസ്സപ്പെട്ട നിലയിലാണ്.
പ്രദേശവാസികളുടെ യാത്രാമാര്‍ഗമായിരുന്ന പഴയപാലം പൊളിച്ചുനീക്കിയ ശേഷമാണ് പാലം നിർമാണം ആരംഭിച്ചത്. നന്നാട് ഈരടിച്ചിറ വരെ രണ്ടര കിലോമീറ്റര്‍ ദൂരംവരുന്ന റോഡില്‍ മൂന്നു പാലങ്ങളാണുള്ളത്. റോഡ് തുടങ്ങുന്നിടത്തും അവസാനിക്കുന്നയിടത്തുമായി ഉളള ഓരോപാലങ്ങളുടെ പണി പൂര്‍ത്തീകരിച്ചു. റോഡില്‍ പലയിടത്തും ടാറിങ്ങും നടത്തി.
20 വര്‍ഷമായി തകര്‍ന്നുകിടന്ന റോഡ് റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.5 കോടി ചെലവഴിച്ചാണ് നവീകരിക്കുന്നത്. എന്നാൽ, ഏറ്റവും പ്രധാനപ്പെട്ട പുത്തന്‍തോട് പാലത്തിന്റെ നിര്‍മാണം എങ്ങുമെത്താത്തതാണ് പ്രദേശവാസികളെ ദുരിതത്തിലാക്കിയിരിക്കുന്നത്. 2021 ഡിസംബര്‍ 13നാണ് പഴയപാലം പൊളിച്ചത്
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.