തിരുവല്ല/പത്തനംതിട്ട: സാധ്യമാണെന്ന് വിശ്വസിക്കലാണ് അസാധ്യമായത് നേടാനുള്ള ഏകവഴി എന്ന് ഉറച്ചുവിശ്വസിച്ചാണ് 'തിരുവല്ല സ്ക്വാഡ് ' കുട്ടിയെ അന്വേഷിച്ച് ഇറങ്ങിയത്. എസ്.എസ്.എല്‍.സി ഫലം പുറത്ത് വരുന്നതിന് മുമ്പ് മേയ് ഏഴിന് തിരുവല്ല കുറ്റപ്പുഴ പുന്നകുന്നത്തുനിന്ന് കാണാതായ 15കാരനെയാണ് അവർ കണ്ടെത്തിയത്.
ചെന്നൈ നഗരത്തിന് സമീപത്തുനിന്നാണ് കുട്ടിയെ പ്രത്യേക പൊലീസ് സംഘം കണ്ടെത്തുന്നത്. ജില്ല പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അഞ്ഞൂറോളം സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു.
മണിക്കൂറുകളോളം സി.സി ടി.വി മുറിയിൽ ചെലവഴിച്ച ദിവസങ്ങളായിരുന്നു പിന്നീട്. കിട്ടിയ വിവരങ്ങൾക്ക് പിന്നാലെ അന്വേഷണസംഘം സഞ്ചരിച്ചുകൊണ്ടേയിരുന്നു. ആലപ്പുഴ, തിരുവനന്തപുരം, നാഗർകോവിൽ, വഴിക്കടവ്, ഗുഡല്ലൂർ എന്നിവടങ്ങളിലേക്ക് നീണ്ടു ആ യാത്ര. സിവിൽ പൊലീസ് ഓഫിസർമാരായ മനോജ്, അഖിലേഷ്, അവിനാശ് എന്നിവരായിരുന്നു മൂന്നംഗ സംഘം.
കുട്ടി തിരുവനന്തപുരത്തേക്കും തുടർന്ന് ട്രെയിനിൽ ചെന്നൈയിലേക്കുമാണ് പോയത്. മൊബൈൽ ഫോൺ ഓഫ് ആയിരുന്നു, അതിനാലാണ് ആദ്യം കാൾ വിവരങ്ങൾ ലഭ്യമാകാത്തത്.
ഫോൺ പിന്നീട് ചെന്നൈയിൽ വിൽക്കുകയും ചെയ്തു.ചെന്നൈയിൽ ഫോൺ വാങ്ങിയത് ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വ്യാപരിയായിരുന്നു. അയാളിൽനിന്നും ഗുഡല്ലൂരിലെ മൊത്തക്കച്ചവടക്കാരൻ വാങ്ങിക്കൊണ്ടുപോയ കൂട്ടത്തിൽ കുട്ടിയുടെ ഫോണും ഉണ്ടായിരുന്നു.
ഗുഡല്ലൂരുള്ള ഒരാൾ ഫോൺ വാങ്ങിയശേഷം സിം കാർഡ് ഇട്ടപ്പോഴാണ് പൊലീസിന് ആദ്യസൂചനകൾ ലഭിച്ചത്. ഫോണിന്റെ ഐ.എം.ഇ.ഐ നമ്പർ സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തിയതോടെ അന്വേഷണത്തിന്റെ വേഗം കൂടി.
ഗുഡല്ലൂരിൽനിന്നും കിട്ടിയ 'കച്ചിത്തുരുമ്പു'മായി ചെന്നൈയിലേക്ക് പൊലീസ് സംഘം കുതിച്ചു. അവിടെയെത്തി കുട്ടിയെ കണ്ടെത്തുമ്പോൾ മാസങ്ങൾ നീണ്ട കഠിനാധ്വാനത്തിനും കഷ്ടപ്പാടുകൾക്കും പരിസമാപ്തിയാവുകയായിരുന്നു.
കണ്ടെത്തുമ്പോൾ ചെന്നൈയിലെ പാരീസ് കോർണർ എന്ന സ്ഥലത്ത് രത്തൻസ് ബസാറിലെ നാസർ അലി എന്നയാളുടെ ബിരിയാണിക്കടയിൽ സഹായിയായി ജോലി നോക്കുകയായിരുന്നു. അവിടെ ജോലിചെയ്യുന്ന നേപ്പാൾ സ്വദേശിയുടെ ഫോണിൽനിന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിക്കുന്നത് കണ്ടെത്തിയപ്പോഴാണ് കുട്ടിയുള്ള പ്രദേശം പൊലീസിന് വ്യക്തമായത്.
കുട്ടിയെ വീടിനു പുറത്തൊന്നും കളിക്കാൻ വിടാതെ വീട്ടുകാർ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് പത്താം ക്ലാസ് പരീക്ഷാഫലം പുറത്തുവരുന്നതിന് ഒരാഴ്ചമുമ്പ് വീടുവിട്ടിറങ്ങിയത്. സ്വന്തം നിലക്ക് ജോലി ചെയ്ത പണമുണ്ടാക്കുകയായിരുന്നു ലക്ഷ്യം.
എസ്.എസ്.എൽ.സി ഫലം വന്നപ്പോള്‍ കുട്ടിക്ക് ഒമ്പത് എ പ്ലസും ഒരു എ ഗ്രേഡും ഉണ്ടായിരുന്നു. ഞാന്‍ പോവുകയാണ് എന്നെ ആരും അന്വേഷിക്കരുത് എന്ന് കത്ത് കണ്ടെത്തിയിരുന്നു. മുത്തശ്ശി തിരുവല്ല നഗരസഭ മുന്‍ കൗണ്‍സിലറാണ്. കുട്ടിയുടെ മാതവ് നേരത്തേ മരിച്ചിരുന്നു. ഡിവൈ. എസ്.പി അഷദ്, എസ്.എച്ച്.ഒ സുനിൽകൃഷ്ണൻ എന്നിവരും അന്വേഷണത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.