തിരുവല്ല: കൃത്യമായ തുമ്പോ തെളിവോ സാക്ഷികളോ ഇല്ലാതിരുന്ന കേസിൽ അന്വേഷണ മികവിലൂടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ ഒട്ടനവധി ക്രിമിനൽ കേസുകളിൽ പ്രതികളായ നാലംഗ ക്വൊട്ടേഷൻ സംഘത്തെ പിടികൂടി തിരുവല്ല പൊലീസ്. മാവേലിക്കര നൂറനാട് പടനിലം അരുൺ നിവാസിൽ അനിൽകുമാർ (അക്കു - 30), കാർത്തികപ്പള്ളി ചെറുതന ഇലഞ്ഞിക്കൽ വീട്ടിൽ ജി. യദു കൃഷ്ണൻ (വിഷ്ണു - 26), വിയപുരം കാരിച്ചാൽ കൊച്ചിക്കാട്ടിൽ വീട്ടിൽ കെ.ഡി. സതീഷ് കുമാർ (43), അമ്പലപ്പുഴ കരുമാടി സംഗീത മന്ദിരത്തിൽ ഷമീർ ഇസ്മയിൽ (റോയി -32) എന്നിവരാണ് പിടിയിലായത്. അനിൽ കുമാറിന്റെ കൊടുമൺ നെടുമൺ കാവിന് സമീപത്തെ വീട്ടിൽനിന്നുമാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.
കവിയൂർ പഴംമ്പള്ളി തുണ്ട് പറമ്പിൽ വീട്ടിൽ മനീഷ് വർഗീസിനെ (38) ആക്രമിച്ച് പരിക്കേൽപിച്ച കേസിലാണ് ഇവർ കുടുങ്ങിയത്. കവിയൂർ സ്വദേശിയായ വിദേശ മലയാളി നൽകിയ ക്വട്ടേഷൻ പ്രകാരം മനീഷിനെ മാരക ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.
ഈമാസം പന്ത്രണ്ടാം തീയതി വൈകീട്ട് നാല് മണിയോടെ കവിയൂർ പഴംപള്ളി ജങ്ഷന് സമീപമായിരുന്നു കേസിന് ആസ്പദമായ സംഭവം. വഴിയരികിൽ കാറിൽ കാത്തുകിടന്ന സംഘം, ബൈക്കിലെത്തിയ മനീഷിന്റ മുഖത്ത് മുളകുപൊടി എറിഞ്ഞശേഷം ഇരുമ്പ് പൈപ്പ് അടക്കം ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ് മനീഷ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. പ്രതികൾ സഞ്ചരിച്ച മാരുതി ആൾട്ടോ കാറിന്റെ അവ്യക്തമായ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് അതിനൂതന സാങ്കേതികവിദ്യയായ ഫോറൻസിക് വിഡിയോ അനാലിസിസ് സംവിധാനം ഉപയോഗിച്ചാണ് പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം തിരിച്ചറിഞ്ഞത്. കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പിടിയിലായ ഗുണ്ട സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ മനേഷ് വർഗീസ് അടങ്ങുന്ന നാലംഗസംഘം രണ്ടുവർഷം മുമ്പ് കവിയൂരിൽ കേസിൽ ക്വട്ടേഷൻ നൽകിയ കവിയൂർ സ്വദേശിയായ വിദേശ മലയാളിയെ ആക്രമിച്ചിരുന്നു. ഇതിന്റെ വൈരാഗ്യം തീർക്കുന്നതിനായി മനീഷിനെ ആക്രമിക്കുവാൻ തിരുവല്ല സ്വദേശിയായ ഗുണ്ട നേതാവിന് വിദേശ മലയാളി 1,40,000 രൂപയുടെ ക്വൊട്ടേഷൻ നൽകി. ക്വട്ടേഷൻ നൽകിയ വിദേശ മലയാളിയടക്കം പിടിയിലാവാൻ ഉണ്ടെന്നും പിടിയിലായ പ്രതികൾ വധശ്രമം അടക്കം ഒട്ടനവധി കേസുകളിൽ പ്രതികളാണെന്നും പൊലീസ് പറഞ്ഞു.
തിരുവല്ല സി.ഐ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ സീനിയർ സി.പി.ഒമാരായ അഖിലേഷ്, ഉദയ ശങ്കർ, മനോജ്, സി.പി.ഒ അവിനാശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.