തിരുവല്ല: കാലപ്പഴക്കത്തെതുടർന്ന് അപകടഭീഷണി നേരിടുന്ന സ്കൂൾ കെട്ടിടം പുനർനിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള മേപ്രാൽ സെൻറ് ജോൺസ് ഗവൺമെൻറ് യു.പി സ്കൂൾ കെട്ടിടമാണ് അപകടാവസ്ഥയിലായിരിക്കുന്നത്.
ഇരുനൂറോളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളാണിത്. കെട്ടിടത്തിെൻറ ഓടുമേഞ്ഞ മേൽക്കൂരയുടെ പല ഭാഗങ്ങളും ചിതലെടുത്ത് ദ്രവിച്ചു. ചെങ്കൽനിർമിത ഭിത്തികൾക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്.
വർഷാവർഷം ജില്ല പഞ്ചായത്ത് ഫണ്ടിൽനിന്നടക്കം ലഭിക്കുന്ന തുക വിനിയോഗിച്ച് കെട്ടിടത്തിൽ നാമമാത്ര അറ്റകുറ്റപ്പണികൾ നടത്താറുണ്ടെങ്കിലും ബലക്ഷയത്തിന് പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വർഷംതോറും വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോകുന്ന മേപ്രാലിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന കെട്ടിടം കൂടിയാണിത്.
പലപ്പോഴും സ്കൂൾകെട്ടിടത്തിലും വെള്ളം കയറി ഇവിടെ അഭയം പ്രാപിക്കുന്നവരെ മറ്റ് ക്യാമ്പുകളിലേക്കും മാറ്റേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. എൽ.പി സ്കൂൾ പ്രവർത്തിക്കുന്ന കെട്ടിടം പൊളിച്ചുനീക്കി രണ്ട് നിലകളോടുകൂടിയ കെട്ടിടം നിർമിക്കുന്നതിന് സർവശിക്ഷ അഭിയാനിൽനിന്ന് 48 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
എന്നാൽ കെട്ടിട നിർമാണത്തിന് ഒരുകോടി രൂപയെങ്കിലും വേണ്ടിവരുമെന്നും ബാക്കി തുക അനുവദിക്കുന്നതിന് എം.എൽ.എയുടെ ഇടപെടൽ ആവശ്യമാണെന്നും ജില്ല പഞ്ചായത്ത് അംഗം സാം ഈപ്പൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.