തിരുവല്ല: അധ്യയന വര്‍ഷാരംഭം ഉത്സവമാക്കാന്‍ തിരുവല്ല നഗരസഭയില്‍ ചേര്‍ന്ന യോഗം ബഹളത്തില്‍ കലാശിച്ചു. സ്കൂളുകളുടെ ഫിറ്റ്നസ് സംബന്ധിച്ച പരിശോധന പൂര്‍ത്തിയാക്കാന്‍ സാധിക്കാഞ്ഞതാണ് ബഹളത്തിന് കാരണം. നഗരസഭയിലെ എന്‍ജിനിയറിങ് വിഭാഗത്തിന്റെ അലംഭാവമാണ് നിലവിലെ പ്രതിസന്ധികളുടെ കാരണം. ദിവസങ്ങള്‍ക്ക് മുമ്പ് ക്രമീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ ഒന്നും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. കാലപ്പഴക്കമേറിയ കെട്ടിടങ്ങളും ഇതുവരെ പുനര്‍നിര്‍മാണം നടത്താത്ത നിര്‍മിതികളും അടക്കം വലിയ ദുരിതാവസ്ഥയിലാണ് കെട്ടിടങ്ങള്‍. ചെറുതും വലുതുമായ നിരവധി സ്കൂളുകള്‍ നഗരസഭ പരിധിയില്‍ ഉണ്ട്. ഇവയില്‍ പ്രധാനപ്പെട്ട ആറ് സ്കൂളുകളില്‍ അഞ്ഞൂറിലധികം വിദ്യാർഥികള്‍ വീതം പഠിക്കുന്നുണ്ട്. അധ്യയനം തുടങ്ങുന്നതിന് മുമ്പ് സുരക്ഷ പരിശീലനം അടക്കം ഉറപ്പാക്കണമെന്ന മാനദണ്ഡം തിരുവല്ല നഗരസഭയില്‍ നടപ്പായിട്ടില്ല. കൗണ്‍സിലര്‍മാര്‍ ബഹളം വെച്ചതിനെതുടര്‍ന്ന് ഉടന്‍ ഫിറ്റ്നസ് പരിശോധന നടപടികള്‍ തുടങ്ങാന്‍ തീരുമാനമായി.
തിരുവല്ല: സ്കൂള്‍ പ്രവേശനോത്സവം പടിവാതിലില്‍ വന്നിട്ടും ഫിറ്റ്നസ് പരിശോധന പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത എന്‍ജിനീയറിങ് വിഭാഗത്തിനെതിരെ നടപടിവേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരും ഭരണക്കാരും തമ്മിലുള്ള മത്സരം മാത്രമാണ് നഗരസഭയില്‍ നടക്കുന്നതെന്നും പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ശ്രീനിവാസ് മറ്റത്തില്‍ പറഞ്ഞു. വിജയന് തലവന, വിമല്‍, ഗംഗരാധാകൃഷ്ണന്‍, പൂജ ജയന് എന്നിവര്‍ പങ്കെടുത്തു.
1981ൽ ഉദ്ഘാടനം ചെയ്ത സ്കൂളിന്റെ കെട്ടിടങ്ങൾ കാലപ്പഴക്കത്താൽ ജീർണിച്ചവയാണ്
കോന്നി: കൊക്കാത്തോട് ഗവ. ഹൈസ്കൂൾ പ്രവർത്തിക്കുന്നത് ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടത്തിൽ. അധ്യയനവർഷം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ആശങ്കയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും. അരുവാപ്പുലം പഞ്ചായത്തിലെ മൂന്നാം വാർഡിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ 67 കുട്ടികൾ ആണ് പഠിക്കുന്നത്. 1981ൽ ഉദ്ഘാടനം ചെയ്യപ്പെട്ട സ്കൂളിന്റെ കെട്ടിടങ്ങൾ കാലപഴക്കത്താൽ ജീർണിച്ചവയാണ്. കെട്ടിടത്തിന്റെ മേൽക്കൂര ഷീറ്റ് പാകിയെങ്കിലും കോൺക്രീറ്റ് കഷ്ണങ്ങൾ അടർന്നു വീഴുന്ന സ്ഥിതിയാണ്. മൂന്ന് ക്ലാസ് മുറികൾ ആണ് പ്രധാനമായും ഫിറ്റ്നസ് ഇല്ലാത്തത്. ഇതിനാൽ സമീപത്തെ മുറികൾ താൽകാലിക ക്ലാസ് റൂമുകൾ ആക്കിയാണ് നിലവിൽ പ്രവർത്തിക്കുന്നത്. സ്കൂൾ കെട്ടിടം അൺഫിറ്റ് ആണെന്ന് വിലയിരുത്തപ്പെട്ടതോടെ ഭീതിയോടെയാണ് അധ്യാപകരും വിദ്യാർഥികളും ഇതിനുള്ളിൽ കഴിയുന്നത്. ജില്ല പഞ്ചായത്തിൽനിന്ന് പതിനഞ്ച് ലക്ഷം രൂപ കെട്ടിട നിർമാണത്തിനായി അനുവദിച്ചിരുന്നു. പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ കുട്ടികളെ ഈ സ്കൂളിലേക്ക് അയക്കുവാൻ മാതാപിതാക്കൾക്ക് സമ്മതമാണെകിലും സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന സ്കൂളിൽ എങ്ങനെ കുട്ടികളെ പഠിപ്പിക്കും എന്ന ആശങ്കയിലാണ് ഇവിടുത്തെ അധ്യാപകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.