തിരുവല്ല: രാത്രികാല യാത്രക്കാർക്ക് ഭീഷണിയായി വടിവാൾ സംഘം. തിരുവല്ല നിവാസികൾ ഭീതിയുടെ നിഴലിൽ. കാറിലെത്തി വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘമാണ് രാത്രികാല യാത്രക്കാർക്ക് പേടിസ്വപ്നമായി മാറിയിരിക്കുന്നത്.
പുലർച്ച രണ്ടിനും അഞ്ചിനും ഇടയിലുള്ള സമയങ്ങളിലാണ് ആക്രമണങ്ങൾ ഏറെയും നടക്കുന്നത്. ഒമ്പത് രാത്രികാല യാത്രക്കാരാണ് കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം തിരുവല്ലയുടെ വിവിധ ഭാഗങ്ങളിലായി വടിവാൾ സംഘത്തിെൻറ ആക്രമണത്തിനിരയായത്. മാരുതി കാറിലെത്തുന്ന നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് ഇരയായവർ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.
രണ്ടാഴ്ച മുമ്പ് പുലർച്ച നാലിനും അഞ്ച് മണിക്കുമായി മതിൽ ഭാഗത്തും കാവുംഭാഗത്തുമായി പ്രഭാത സവാരിക്കാരെ ആക്രമിച്ചതാണ് ആദ്യസംഭവം.
പിന്നീട് നിരണത്തും കിഴക്കൻ മുത്തൂരിലും കവിയൂരിലും കടപ്രയിലും നെടുമ്പ്രത്തും നീരേറ്റുപുറത്തും തോട്ടഭാഗത്തും സമാന സംഭവങ്ങൾ അരങ്ങേറി. രാത്രികാല യാത്രക്കാരുടെ വാഹനങ്ങൾ തടഞ്ഞുനിർത്തി അപ്രതീക്ഷിതമായി ആക്രമിച്ച് പണവും മൊബൈൽ ഫോണുകളും കവരുന്നതാണ് സംഘത്തിെൻറ രീതി.
സംഘത്തിെൻറ ആക്രമണത്തിന് ഇരയാവരിൽ നാലുപേർ ചങ്ങനാശ്ശേരി, പായിപ്പാട്, തിരുവല്ല എന്നിവിടങ്ങളിലെ മത്സ്യ മാർക്കറ്റുകളിൽ മീനെടുക്കാൻ പോയ മത്സ്യക്കച്ചവടക്കാരാണ്. കാവുംഭാഗത്തും മതിൽ ഭാഗത്തും പ്രഭാത സവാരിക്കാരെ ആക്രമിച്ച കേസിലെ രണ്ട് പ്രതികൾ പിടിയിലായെങ്കിലും കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച ഇവർ പൊലീസിെൻറ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടിരുന്നു.
ഈ പ്രതികളുടെ നേതൃത്വത്തിലാകാം ആക്രമണങ്ങളെന്നാണ് പൊലീസ് നിഗമനം. അക്രമിസംഘത്തെ പിടികൂടുന്നതിനായി പ്രത്യേക സ്ക്വാഡിന് രൂപംനൽകിയതായി തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.