തിരുവല്ല : തിരുവല്ലയിൽ 80 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച നിന്തൽക്കുളം കൂത്താടി വളർത്തൽ കേന്ദ്രമായി മാറുന്നു. ജില്ല അക്വാട്ടിക്ക് അസോസിയേഷന്റെ നേതൃത്വത്തിൽ പുഷ്പഗിരി റോഡരികിൽ അര ഏക്കറോളം വരുന്ന നഗരസഭ ഭൂമിയിൽ നിർമിച്ച നീന്തൽക്കുളമാണ് അനാഥമായി കാടു കയറി നശിക്കുന്നത്. ഗണേഷ് കുമാർ കായിക മന്ത്രിയായിരുന്ന കാലത്ത് ഏതാണ്ട് 13 വർഷം മുമ്പ് ഏഷ്യൻ ഗെയിംസിന്റെ ഭാഗമായി കുട്ടികൾ അടക്കമുള്ളവർക്ക് നീന്തൽ പരിശീലിക്കാനായി കായിക വകുപ്പ് അനുവദിച്ച 50 ലക്ഷം രൂപ ചെലവഴിച്ചാണ് കുളം നിർമിച്ചത്.
നിർമാണത്തിലെ അപാകത മൂലം ചോർച്ച ഉണ്ടായതിനെ തുടർന്ന് ഉദ്ഘാടനം പോലും നടത്താൻ കഴിഞ്ഞില്ല. തുടർന്ന് സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ അഞ്ചു വർഷം മുമ്പ് എൻജിനീയറിങ് വിദഗ്ധർ എത്തി കുളത്തിന്റെ ചോർച്ച പരിഹരിക്കാൻ ശ്രമം നടത്തിയിരുന്നു. ചോർച്ച പരിഹരിക്കുന്നതിനും കുളത്തിന് മേൽക്കൂര നിർമ്മിക്കുന്നതിനും ചുറ്റുമതിൽ കെട്ടുന്നതിനുമായി രണ്ട് ഗഡുക്കളായി നഗരസഭയിൽ നിന്നും 30 ലക്ഷം രൂപ കൂടി അനുവദിച്ചു. മേൽക്കൂര നിർമ്മാണവും ചുറ്റുമതിൽ നിർമ്മാണവും പാതിവഴിയിൽ നിലച്ചു. എന്നിട്ടും ചോർച്ച പരിഹരിക്കാൻ നടപടി സ്വീകരിച്ചില്ല.
കുളത്തിൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ ഇലകളും മറ്റു മാലിന്യങ്ങളും വീണ് കൂത്താടികൾ പെറ്റ് പെരുകുകയാണ്. ഇത് മൂലം കൊതുക് ശല്യം വർധിച്ചതായി സമീപവാസികൾ പറയുന്നു. കുളത്തിന് ചുറ്റും കാട് വളർന്നതോടെ വിഷപ്പാമ്പുകൾ അടക്കമുള്ള ഇഴജന്തുക്കളുടെ താവളമായും പ്രദേശം മാറി. ഇവിടെ നിന്നും പുറത്തിറങ്ങുന്ന വിഷപ്പാമ്പുകൾ പുഷ്പഗിരി റോഡിലൂടെ സഞ്ചരിക്കുന്നവർക്കും സമീപത്തെ കുട്ടികളുടെ പാർക്കിനും ഭീഷണിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.