തിരുവല്ല: തിരുവല്ല കാർഷിക വികസന ബാങ്ക് ഭരണ സമിതിയിലേക്ക് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ സംഘർഷം. തിരുവല്ല സ്റ്റേഷൻ സബ് ഇൻസ്പെക്ടർ, സിവിൽ പൊലീസ് ഓഫിസർ, പഞ്ചായത്ത് അംഗം, രണ്ട് യു.ഡി.എഫ് സ്ഥാനാർഥികൾ എന്നിവർക്ക് ഉൾപ്പെടെ പത്ത് പേർക്ക് പരിക്കേറ്റു. എസ്.ഐ അനീഷ് എബ്രഹാം, പത്തനംതിട്ട എ.ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥൻ ഹരികൃഷ്ണൻ, നെടുമ്പ്രം പഞ്ചായത്ത് ആറാം വാർഡ് അംഗം വൈശാഖ്, യൂത്ത് കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം ഭാരവാഹി നെജോ മെഴുവേലി, തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥികളായ ബിജി മോൻ ചാലാക്കേരിൽ, കെ.പി. രഘുകുമാർ, ടൗൺ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഗിരീഷ് കുമാർ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ടോണി ഇട്ടി, സോണി മുണ്ടത്താനത്ത് എന്നിവർക്കാണ് പരിക്കേറ്റത്.
എം.ജി.എം സ്കൂളിൽ രാവിലെ എട്ടിനാണ് തെരഞ്ഞെടുപ്പ് തുടങ്ങിയത്. ഉച്ചക്ക് ഒന്നരയോടെ സംഘർഷാവസ്ഥയായി. യു.ഡി.എഫ് പ്രവർത്തകർക്കാണ് ആദ്യം അടികിട്ടിയത്. നെജോയുടെ തലയിൽ പൊട്ടലുണ്ട്, മൂന്ന് തുന്നലിട്ടു. ബിജിമോന്റെ കണ്ണിനാണ് പരിക്ക്. പൊലീസ് പലവട്ടം ലാത്തിവീശി. രണ്ടോടെ ആന്റോ ആന്റണി എം.പി സ്ഥലത്തെത്തി. ഇദ്ദേഹത്തെ ബൂത്തിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല.
ഹൈകോടതി ഉത്തരവുപ്രകാരം കർശന സുരക്ഷയോടെയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. വോട്ടർമാരുടെ ബാങ്ക് തിരിച്ചറിയൽ കാർഡിന് പുറമെ പൊതുതെരഞ്ഞെടുകളിൽ അനുവദിക്കപ്പെട്ട തിരിച്ചറിയൽ രേഖകൾ പരിശോധിച്ചശേഷമേ അകത്തേക്ക് കടത്തിവിടാവൂയെന്ന് കോടതി ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകിയിരുന്നു. ചിലഘട്ടങ്ങളിൽ ഇത് ലംഘിക്കപ്പെടുന്നുവെന്ന് യു.ഡി.എഫ് പ്രവർത്തകർ ആക്ഷേപം ഉന്നയിച്ചു.
ഇതോടെയാണ് സംഘർഷം ഉടലെടുത്തത്. എം.പിയെ തടയാനുള്ള എൽ.ഡി.എഫ് നീക്കം പൊലീസ് തടഞ്ഞതോടെ ലാത്തിച്ചാർജായി. ഇതോടെ എൽ.ഡി.എഫ് പൊലീസിന് നേരെ തിരിഞ്ഞു. നാലോടെയാണ് പൊലീസിന് നേർക്ക് കല്ലേറ് അടക്കം ഉണ്ടായത്. ഇതിനിടയാണ് രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്. വൈശാഖ് സി.പി.എം പ്രതിനിധിയാണ്.
പൊലീസിന്റെ ലാത്തിയടിയിൽ വൈശാഖിന്റെ തലപൊട്ടി, ഏഴ് തുന്നലിട്ടു. നിരവധി എൽ.ഡി.എഫ് പ്രവർത്തകർക്ക് ലാത്തിയടിയേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.