തിരുവല്ല : സി.പി.എം ഭരിക്കുന്ന തിരുവല്ല അർബൻ സഹകരണ ബാങ്കിൽ നിക്ഷേപിച്ച ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ മുൻ ബ്രാഞ്ച് മാനേജർ നൽകിയ മുൻകൂർ ജാമ്യ അപേക്ഷ ഹൈകോടതി തള്ളി. മുൻ ബ്രാഞ്ച് മാനേജർ ആയിരുന്ന സി.കെ പ്രീതയുടെ ജാമ്യാപേക്ഷയാണ് ഹൈകോടതി തള്ളിയത്. തിരുവല്ല മതിൽഭാഗം സ്വദേശിനി വിജയലക്ഷ്മി മോഹനും മകൾ നീന മോഹനും ബാങ്കിനെതിരെ പരാതിയുമായി ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രീത മുൻകൂർ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചത്. ഈ ജാമ്യാപേക്ഷയാണ് കോടതി ചൊവ്വാഴ്ച തള്ളിയത്.
രണ്ടാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പിക്ക് മുമ്പാകെ ഹാജരാവാൻ ഹൈകോടതി പ്രീതയോട് നിർദേശിച്ചിട്ടുണ്ട്. വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത നാലര ലക്ഷം രൂപയിൽ മൂന്നു ലക്ഷത്തി എഴുപതിനായിരം രൂപ ബാങ്കിൽ തിരിച്ചടച്ചതായി പ്രീത പ്രതികരിച്ചു. എന്നാൽ ബാങ്കിൽ പണം എത്തിയിട്ടില്ലെന്ന് ബാങ്ക് ചെയർമാനും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ആർ.സനൽകുമാർ പറയുന്നു.
2015 ലാണ് വിജയലക്ഷ്മി 380,000 രൂപ തിരുവല്ല അർബൻ സഹകരണ ബാങ്കിൽ സ്ഥിര നിക്ഷേപമിട്ടത്. അഞ്ചു വർഷത്തിനുശേഷം പലിശ സഹിതം 6 ലക്ഷത്തി എഴുപതിനായിരം രൂപ കിട്ടേണ്ടിടത്ത് നിക്ഷേപ തുക തിരികെ എടുക്കാൻ ചെന്നപ്പോൾ അക്കൗണ്ട് കാലി. 2022 ഒക്ടോബർ മാസത്തിൽ തുക പിൻവലിക്കാൻ എത്തിയപ്പോഴാണ് പണം പിൻവലിക്കപ്പെട്ട വിവരം പരാതിക്കാരി അറിഞ്ഞത്. തുടർന്ന് വിജയലക്ഷ്മി തിരുവല്ല ഡി.വൈ.എസ്.പി മുമ്പാകെ പരാതി നൽകി. ഡി.വൈ.എസ്.പിയുടെ നിർദേശപ്രകാരം അടുത്ത ദിവസം സ്റ്റേഷനിൽ എത്തിയ പ്രീതയും മറ്റൊരു ജീവനക്കാരിയും തങ്ങളാണ് പണം വ്യാജ ഒപ്പിട്ട് പിൻവലിച്ചതെന്ന് സമ്മതിച്ചു. തുടർന്ന് മൂന്ന് മാസത്തിനകം പണം തിരികെ നൽകാം എന്ന ഉറപ്പിന്മേൽ ഇവർ ചെക്കും പ്രോമിസ്ട്രി നോട്ടും പരാതിക്കാരിക്ക് നൽകി. 5 മാസങ്ങൾക്ക് ശേഷവും പണം ലഭിക്കാതെ വന്നതോടെയാണ് വിജയലക്ഷ്മി സഹകരണ രജിസ്ട്രാറിനും ഹൈകോടതിക്കും പരാതി നൽകിയത്. സഹകരണ രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ പരാതിക്കാരുടെ ആവലാതി സത്യമാണെന്ന് ബോധ്യമാവുകയും 7 ദിവസത്തിനകം നിക്ഷേപയുടെ പണം തിരികെ നൽകണം എന്ന് ആവശ്യപ്പെട്ട് രണ്ട് തവണ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
അതേസമയം നാലര ലക്ഷം രൂപയാണ് വ്യാജ ഒപ്പിട്ട് മാറിയെടുത്തത് എന്നും ബാക്കി തുക മറ്റൊരു ജീവനക്കാരിയാണ് എടുത്തതെന്നും പ്രീത പറഞ്ഞു. ഇതിൽ മൂന്ന് ലക്ഷത്തി എഴുപതിനായിരം രൂപ ബാങ്കിൽ തിരിച്ചടച്ചതായും പ്രീത പറയുന്നു. എന്നാൽ തട്ടിയെടുക്കപ്പെട്ട തുകയിൽ നിന്നും ഒരു രൂപ പോലും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് പരാതിക്കാരായ വിജയലക്ഷ്മിയും മകൾ നീനയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.