തിരുവല്ല: സി.പി.എം ഭരിക്കുന്ന തിരുവല്ല അർബൻ സഹ. ബാങ്കിൽ നിക്ഷേപിച്ച ലക്ഷങ്ങൾ മുൻ ബ്രാഞ്ച് മാനേജറും ജീവനക്കാരിയും ചേർന്ന് തട്ടിയെടുത്ത സംഭവത്തിൽ ബാങ്ക് ചെയർമാനും സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ അഡ്വ. ആർ. സനൽകുമാറിനെതിരെ ഗുരുതര ആരോപണവുമായി നിക്ഷേപകയുടെ മകൾ രംഗത്ത്.
പണം നിക്ഷേപക തന്നെ പിൻവലിച്ചു എന്ന രീതിയിലടക്കം പലതരത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച ആർ. സനൽകുമാറിന്റെ വാദം ഇവർ തള്ളി. സനൽകുമാർ ഇടപെട്ട് തങ്ങളെക്കൊണ്ട് നിർബന്ധപൂർവം പൊലീസിൽ പരാതി നൽകി കെണിയിൽപെടുത്തുകയായിരുന്നു എന്നാണ് തട്ടിപ്പിന് ഇരയായ നിക്ഷേപക തിരുവല്ല മതിൽഭാഗം സ്വദേശിനി വിജയലക്ഷ്മി മോഹന്റെ മകളും സഹകരണ വകുപ്പിന് നൽകിയ പരാതിയിലെ രണ്ടാം കക്ഷിയുമായ നീന മോഹൻ പറയുന്നത്.
നിക്ഷേപം നടത്തിയ സമയത്ത് ബ്രാഞ്ച് മാനേജറായിരുന്ന പ്രീത ഹരിദാസും മറ്റൊരു ജീവനക്കാരിയും ചേർന്നാണ് പണം വ്യാജ ഒപ്പിട്ട് തട്ടിയെടുത്തത്. 2015ലാണ് ജില്ല സഹകരണ ബാങ്ക് മുൻ മാനേജർ കൂടിയായിരുന്ന മതിൽഭാഗം പാഞ്ചജന്യം വീട്ടിൽ മോഹൻദാസിന്റെ ഭാര്യ വിജയലക്ഷ്മി 3,50,000 രൂപ തിരുവല്ല അർബൻ സഹകരണ ബാങ്കിൽ സ്ഥിര നിക്ഷേപമിട്ടത്. പലിശ സഹിതം 6.7 ലക്ഷം കിട്ടേണ്ടിടത്ത് 2022 ഒക്ടോബറിൽ നിക്ഷേപത്തുക തിരികെ എടുക്കാൻ ചെന്നപ്പോൾ അക്കൗണ്ട് കാലി. ബാങ്ക് ജീവനക്കാർ നടത്തിയ തട്ടിപ്പിൽ ബാങ്ക് ചെയർമാൻ പരാതി നൽകേണ്ട സ്ഥാനത്ത് തങ്ങളെക്കൊണ്ട് ബാങ്ക് ചെയർമാനായ ആർ. സനൽകുമാർ നിർബന്ധപൂർവം തിരുവല്ല ഡിവൈ.എസ്.പി മുമ്പാകെ പരാതി നൽകിക്കുകയായിരുന്നു എന്ന ആരോപണമാണ് വിജയലക്ഷ്മിയുടെ മകൾ നീന ഉന്നയിക്കുന്നത്.
പൊലീസിൽ പരാതി നൽകിയാൽ നഷ്ടമായ പണം പ്രീത അടക്കമുള്ളവരിൽനിന്ന് വാങ്ങി നൽകുന്നതിനുവേണ്ട എല്ലാ സഹായവും ചെയ്തു നൽകാം എന്നും ബാക്കി തുക ബാങ്ക് നൽകാം എന്നുമുള്ള സനൽകുമാറിന്റെ ഉറപ്പിന്മേലാണ് വിജയലക്ഷ്മി മോഹൻ 2022 ഒക്ടോബറിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷനിൽ ഹാജരായ പ്രീതയും ജീവനക്കാരിയും നിക്ഷേപകയുടെ വ്യാജ ഒപ്പിട്ട് പണം തട്ടിയെടുത്തതായി സമ്മതിക്കുകയും മൂന്ന് മാസത്തിനുള്ളിൽ പണം മടക്കി നൽകാം എന്ന ഉറപ്പിന്മേൽ ചെക്കും പ്രോമിസറി നോട്ടും കൈമാറുകയും ചെയ്തിരുന്നു. എന്നാൽ, നാല് മാസത്തിനുശേഷവും പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് വിജയലക്ഷ്മിയും മകൾ നീനയും സഹകരണ വകുപ്പിലും ഹൈകോടതിയിലും പരാതിയുമായി എത്തിയത്.
ഇതിന് പിന്നാലെ പ്രീത മുൻകൂർ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചിരുന്നു.
ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച തള്ളിയ കോടതി രണ്ടാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല ഡിവൈ.എസ്.പി മുമ്പാകെ ഹാജരാകാനും നിർദേശം നൽകിയിട്ടുണ്ട്.
തട്ടിയെടുത്ത നാലര ലക്ഷം രൂപയിൽ 3,70,000 രൂപ ബാങ്കിൽ തിരിച്ചടച്ചതായി പ്രീതയുടെ ഭർത്താവായ ഹരിദാസ് പറയുന്നു.
അതേസമയം, ഒരു രൂപപോലും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് വിജയലക്ഷ്മിയും മകൾ നീനയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.