തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിൽ പുനർനിർമിക്കാൻ തീരുമാനം. പൂർണമായും റെയിൽവേയുടെ ചെലവിൽ ഏറ്റെടുക്കുന്ന പദ്ധതിക്ക് നോഡൽ ഓഫിസറെ നിയമിച്ചു. പ്രാഥമിക വിവരശേഖരണവും ആരംഭിച്ചു.
100 കോടിയോളം ചെലവ് വരുന്ന പ്രവൃത്തികൾ മൂന്നു വർഷം കൊണ്ട് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തിരുവനന്തപുരം റെയിൽവേ ഡിവിഷനൽ മാനേജർ ആർ. മുകുന്ദ് അറിയിച്ചു. തൃശൂർ ലോക്സഭ മണ്ഡലത്തിലുൾപ്പെട്ട റെയിൽവേ സ്റ്റേഷനുകളുടെ വികസനം ചർച്ചചെയ്യാൻ ടി.എൻ. പ്രതാപൻ റെയിൽവേ സ്റ്റേഷനിൽ വിളിച്ച അവലോകന യോഗത്തിൽ സംസാരിക്കവെയാണ് ഡി.ആർ.എം ആർ. മുകുന്ദ് ഇക്കാര്യം അറിയിച്ചത്.
റെയിൽവേയിൽനിന്നും സീനിയർ ഡിവിഷനൽ കമേഴ്സ്യൽ മാനേജർ ജെറിൻ ആനന്ദ്, അസി. ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. ബാബുരാജ്, സീനിയർ ഡിവിഷനൽ എൻജിനീയർ (നോർത്ത്) നരസിംഹ ആചാരി, എറണാകുളം ഏരിയ മാനേജർ നിതിൻ റോബർട്ട് എന്നിവരും തൃശൂരിലെ മുഴുവൻ ഉദ്യോഗസ്ഥരും പങ്കെടുത്തു. ടി.എൻ. പ്രതാപനോടൊപ്പം മുൻ എം.എൽ.എമാരായ ടി.വി. ചന്ദ്രമോഹൻ, എം.പി. വിൻസെന്റ്, ഓട്ടോ തൊഴിലാളി യൂനിയൻ നേതാവ് ഷംസുദ്ദീൻ, യാത്രക്കാരുടെ പ്രതിനിധികളായ പി. കൃഷ്ണകുമാർ, അരുൺ ലോഹിതാക്ഷൻ, ഷാജു ജോസഫ്, ടി. രാമൻകുട്ടി, എം. ഗിരീശൻ, രവിക്കുട്ടൻ, പുതുക്കാട് എം.എൽ.എയുടെ സെക്രട്ടറി മനോജ് എന്നിവർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു.
കോവിഡിന് മുമ്പ് ഓടിയിരുന്ന മുഴുവൻ ട്രെയിനുകളും മൂന്ന്, നാല് ആഴ്ചകൾക്കുള്ളിൽ പുനരാരംഭിക്കുമെന്ന് യോഗത്തിൽ അറിയിച്ചു. പാസഞ്ചർ ട്രെയിനുകളുടെ ഹാൾട്ട് സ്റ്റേഷനുകളിലെ സ്റ്റോപ്പുകളും പുനഃസ്ഥാപിക്കും. എറണാകുളത്തുനിന്നും ഷൊർണൂർ വരെയുള്ള മൂന്നാം പാതയുടെ അന്തിമ ലൊക്കേഷൻ സർവേ നടന്നുവരികയാണ്. വേഗത കൂടിയ ട്രെയിനുകൾക്ക് കൂടി അനുയോജ്യമായ വിധത്തിലാകും പ്രസ്തുത പാത നിർമിക്കുക. ഓട്ടോമാറ്റിക് സിഗ്നലിങ് അടുത്ത ബജറ്റിൽ വീണ്ടും പരിഗണനയിലുണ്ട്. തൃശൂരിലെ പ്രീ - പെയ്ഡ് ഓട്ടോ പ്രശ്നം പരിഹരിക്കാൻ ജൂൺ 14ന് ബന്ധപ്പെട്ട എല്ലാവരുടെയും യോഗം എം.പിയുടെ സാന്നിധ്യത്തിൽ ചേരും.
അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടുന്നത് അടുത്ത സമയവിവര പട്ടികയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഗുരുവായൂർ - തിരുനാവായ പാത സർവേ തടസ്സപ്പെട്ടത് മൂലം റെയിൽവേ മരവിപ്പിച്ചിരിക്കുകയാണ്. ഗുരുവായൂരിലെ യാർഡ് വികസനം പ്രത്യേക പദ്ധതിയായി ഏറ്റെടുക്കാനുള്ള സാധ്യത പരിശോധിക്കും. തിരുവെങ്കിടം അടിപ്പാത നഗരസഭയുടെ അനുമതി ലഭ്യമാകുന്ന മുറക്ക് ഏറ്റെടുക്കും. പൂങ്കുന്നം സ്റ്റേഷന്റെ ശേഷിക്കുന്ന പ്രവൃത്തികളും റോഡ് ടാറിങ്ങും പൂർത്തിയാക്കും. പൂങ്കുന്നത്ത് ഏതാനും മിനി ഷെൽട്ടറുകളും തൃശൂരിൽ ടാക്സിക്കാർക്ക് വിശ്രമത്തിനായി ഷെഡ്ഡും ഇരിങ്ങാലക്കുടയിൽ സ്റ്റേഷനിലേക്കുള്ള വഴിയിൽ മേൽക്കൂരയും നിർമിക്കാൻ റെയിൽവേ പദ്ധതി തയാറാക്കിയാൽ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും തുക അനുവദിക്കാമെന്ന് ടി.എൻ. പ്രതാപൻ അറിയിച്ചു.
പുതുക്കാട് നടപ്പാലത്തിന് സാധ്യതാ പഠനം നടത്തും. നെല്ലായി സ്റ്റേഷൻ കെട്ടിടം പുതുക്കിപ്പണിയാനുള്ള സാധ്യതകൾ ആരായും. മുതിർന്ന പൗരന്മാർക്കടക്കമുള്ള യാത്രാസൗജന്യം സംബന്ധിച്ച് റെയിൽവേ ബോർഡിന്റെ തീരുമാനം ആവശ്യമാണെന്നും അറിയിച്ചു.
ഇരിപ്പിടമില്ല; യോഗത്തിൽ ബഹളം
തൃശൂർ: റെയിൽവേ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട നിർദേശങ്ങളും പരാതികളും നേരിട്ട് കേൾക്കാൻ റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടത്തിയത് ഏതാനും ആളുകൾക്ക് മാത്രം ഇരിക്കാവുന്ന വി.ഐ.പി ലോഞ്ചിൽ. ഇതിൽ ഭൂരിഭാഗം ഇരിപ്പിടങ്ങളും റെയിൽവേ ഉദ്യോഗസ്ഥർ മുൻകൂട്ടി കൈയടക്കിയിരുന്നു. രാവിലെ 10ന് വി.ഐ.പി റൂമിന്റെ ഡോർ അടച്ച് പിന്നീട് വരുന്നവരെ തടയാൻ റെയിൽവേ പൊലീസിനെ കാവൽ നിർത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും രണ്ടും മൂന്നും മിനിറ്റ് വൈകി വന്ന മുതിർന്ന പൗരന്മാരെയും പൊതുപ്രവർത്തകരെയും ഇരിപ്പിടം പോലും നൽകാതെ വാതിലിനു പുറത്ത് നിർത്തിച്ചത് ബഹളത്തിനിടയാക്കി. തുടർന്ന് ഓരോരുത്തരെയായി അകത്തുകടത്തുകയും നിർദേശങ്ങൾ പറയാൻ അനുവാദം നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.