വാടാനപ്പള്ളി: സംവിധായകൻ രാമു കാര്യാട്ടിന്റെ ഓർമക്കായി ജന്മനാടായ ചേറ്റുവയിൽ സ്മാരകം നിർമിക്കാൻ കല്ലിട്ടിട്ട് 11 വർഷമാവാറായിട്ടും ഇനിയും സ്മാരകം ഉയർന്നില്ല. നീണ്ട മുറവിളിക്കൊടുവിലാണ് ചേറ്റുവ വിശ്രമകേന്ദ്രത്തിന് സമീപം റവന്യൂ വക ഭൂമിയിൽ സ്മാരകം നിർമിക്കാൻ തീരുമാനിച്ചത്. ഇതിനായി 20 സെന്റ് സ്ഥലമാണ് നീക്കിവെച്ചത്. 2011ൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തലേ ദിവസമാണ് അന്നത്തെ റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രൻ സ്മാരക മന്ദിരത്തിന്റെ തറക്കല്ലിടൽ നടത്തിയത്.
സ്ഥലത്തിന്റെ രേഖകൾ അന്നത്തെ ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് അധികൃതർക്ക് കൈമാറിയിരുന്നു. പിന്നീട് യു.ഡി.എഫ് സർക്കാർ വന്നതോടെ തുടർനടപടി ഉണ്ടായില്ല. 2016ൽ വന്ന എൽ.ഡി.എഫ് സർക്കാറും അഞ്ച് വർഷത്തിനിടയിൽ മന്ദിരം നിർമിക്കാൻ ഇടപെടൽ നടത്തിയില്ല. പുതുതായി വന്ന എൽ.ഡി.എഫ് സർക്കാറും ഒരു വർഷമാവാറായിട്ടും സ്മാരകം നിർമിക്കാൻ ഒരു നടപടിയും എടുത്തില്ല.
സ്ഥലം ഇപ്പോൾ കാടുകയറി ഇഴജന്തുക്കൾ താവളമാക്കി. സ്മാരക മന്ദിരത്തിൽ ലൈബ്രറി, ഓപൺ സ്റ്റേജ് അടക്കമുള്ളവ നിർമിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, പിന്നീട് ആരും തിരിഞ്ഞുനോക്കിയില്ല. സ്മാരകം നിർമിക്കാൻ ഒരു മുറവിളിയും ഇല്ല. സാംസ്കാരിക നായകരും സിനിമ ലോകവും ചേറ്റുവക്കാരും സ്മാരകത്തിനായി ശബ്ദിക്കാനുമില്ല. രാമു കാര്യാട്ടിന്റെ വീടും സ്ഥലവും അന്ത്യവിശ്രമം കൊള്ളുന്ന ഇടവും വരെ ബന്ധുക്കൾ വിൽപന നടത്തിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.