തൃശൂർ: വൈദ്യുതി വിതരണ മേഖലയുടെ വികസനവും നവീകരണവും ലക്ഷ്യമിട്ട കേന്ദ്രാവിഷ്കൃത പദ്ധതിയായ റീവാമ്പ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്കീം (ആർ.ഡി.എസ്.എസ്) രണ്ടാം ഘട്ട പദ്ധതിയിൽ ജില്ലയിൽ 1200 കോടി രൂപയുടെ പദ്ധതികൾ തയാറായി.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 50.50 കോടി, ഒല്ലൂർ മണ്ഡലത്തിൽ 48.15 കോടി, കുന്നംകുളം മണ്ഡലത്തിൽ 44.74 കോടി, ഗുരുവായൂർ മണ്ഡലത്തിൽ 46.61കോടി, പുതുക്കാട്- 31.68, മണലൂർ - 49.56 കോടി, തൃശൂർ -82.66 കോടി, നാട്ടിക -60.09 കോടി എന്നിങ്ങനെ തുകക്കുള്ള ശിപാർശകളാണ് അവതരിപ്പിക്കപ്പെട്ടത്.
മേൽ ശിപാർശകൾ സംസ്ഥാന സർക്കാർ വഴി കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ പരിഗണനക്കായി സമർപ്പിക്കും. ആർ.ഡി.എസ്.എസ് ഒന്നാംഘട്ട പദ്ധതിയിൽ ജില്ലക്ക് അനുവദിച്ചത് 233.43 കോടി രൂപയാണ്. ഒന്നാംഘട്ട പദ്ധതിയിൽ സംസ്ഥാനത്ത് 11156 കോടി രൂപയുടെ പദ്ധതിയാണ് അനുവദിച്ചത്. ഇതിൽ വിതരണ നഷ്ടം കുറക്കാനുള്ള 1755.84 കോടി ടെൻഡർ നടപടിയിലാണ്.
കെ.എസ്.ഇ.ബി തയാറാക്കിയ പദ്ധതിയുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും വൈദ്യുതി മേഖലയിലെ സംഘടനകൾക്കുമായി ജില്ല പഞ്ചായത്ത് ഹാളിൽ ശിൽപശാല സംഘടിപ്പിച്ചു. പദ്ധതിയുടെ അന്തിമരേഖയാകുംമുമ്പ് പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ പ്രവൃത്തികൾ കൂടി ഉൾപ്പെടുത്തണമെന്ന് ബോർഡ് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ശിൽപശാല സംഘടിപ്പിച്ചത്.
ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. ഇ.ടി. ടൈസൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, കെ.എസ്.ഇ.ബി ജനറേഷൻ- ഇലക്ട്രിക്കൽ ഡയറക്ടർ സിജി ജോസ് എന്നിവർ മുഖ്യാതിഥികളായി. കെ.എസ്.ഇ.ബി ചീഫ് എൻജിനീയർ എം.എ പ്രവീൺ വിഷയാവതരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.