തൃശൂർ: വരുമാനത്തിൽ ബഹുദൂരം മൂന്നോട്ടോടി തൃശൂർ റെയിൽവേ സ്റ്റേഷൻ. ദക്ഷിണ റയിൽവേ തിരുവനന്തപുരം ഡിവിഷന്റെ 2022-23സാമ്പത്തിക വർഷത്തെ കണക്ക് പുറത്തുവന്നപ്പോൾ ഇവിടത്തെ വരുമാനം 134.61 കോടിയായി ഉയർന്നു. ഈ ഡിവിഷനിൽ വരുമാനത്തിൽ മൂന്നാം സ്ഥാനത്താണ് എ വൺ സ്റ്റേഷനായ തൃശൂർ. കോവിഡ് പ്രതിസന്ധി അയഞ്ഞ് തുടങ്ങിയ 2021-22ൽ 62.8 കോടിയായിരുന്നു വരുമാനം. നിയന്ത്രണങ്ങൾ ഇല്ലാതായി ഗതാഗതം സാധാരണ നിലയിലായത് സ്റ്റേഷന്റെ വരുമാനം കുത്തനെ ഉയർത്തി. യാത്രക്കാരുടെ എണ്ണത്തിലും വൻ വർധനവാണുള്ളത്.
58 ലക്ഷത്തിലേറെ യാത്രക്കാരാണ് സാമ്പത്തികവർഷം റെയിൽവേയെ ആശ്രയിച്ചത്. പ്രതിദിനം 16086 യാത്രക്കാരാണ് തൃശൂർ റെയിൽവേ സ്റ്റേഷൻവഴി പോകുന്നത്. ടിക്കറ്റ് വരുമാനത്തിലും റിസർവേഷൻ, ടിക്കറ്റ് ഇതര വരുമാനങ്ങളിലും വർധനവുണ്ട്. പാസഞ്ചർ ട്രെയിനുകൾ നിർത്തി ഇവയെല്ലാം എക്സ്പ്രസ് ആക്കിയതും യാത്ര ഇളവുകൾ ഭൂരിഭാഗവും വെട്ടിക്കുറച്ചതും വരുമാനത്തിൽ പ്രതിഫലിച്ചിട്ടുണ്ട്. റെയിൽവേയുടെ ഓൺലൈൻ റിസർവേഷൻ സംവിധാനങ്ങൾ കാര്യക്ഷമമാക്കി യാത്രക്കാരിലേക്ക് കൂടുതൽ എത്തിച്ചതും വരുമാന വർധനക്കിടയാക്കി.
ജില്ലയിൽ വരുമാനത്തിൽ രണ്ടാംസ്ഥാനം ഗുരുവായൂരിനാണ്, 7.84 കോടി. എട്ട് ലക്ഷത്തിലേറെ യാത്രക്കാർ ബി കാറ്റഗറിയിലുള്ള ഗുരുവായൂർ സ്റ്റേഷൻ ഉപയോഗിച്ചു. പ്രതിദിനം രണ്ടായിരത്തിലേറെ യാത്രക്കാരാണ് ഇവിടെനിന്ന് യാത്ര ചെയ്യുന്നത്. മൂന്നാമത് ചാലക്കുടിയാണ്, 5.86 കോടി. 12 ലക്ഷത്തിലേറെ യാത്രക്കാർ ചാലക്കുടി റെയിൽവേ സ്റ്റേഷൻ ഉപയോഗിച്ചു. മൂവായിരത്തിലേറെ പേർ പ്രതിദിനം ഇവിടെ നിന്ന് യാത്ര ചെയ്യുന്നു. ചെറിയ സ്റ്റേഷനുകളെയെല്ലാം വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. യാത്രക്കാരുടെ വർധനവിനനുസരിച്ച് ആവശ്യമായ സൗകര്യം ഒരുക്കുന്നതിൽ റെയിൽവേ പിറകിലാണ്. ജനറൽ കോച്ചുകൾ വെട്ടിക്കുറക്കുകയും അർധരാത്രിക്ക് ശേഷം പ്രധാന സ്റ്റോപ്പുകൾപോലും നിർത്തലാക്കുകയും ചെയ്യുന്നത് യാത്രക്കാരെ വലക്കുന്നുണ്ട്.
തൃശൂർ: ദീർഘദൂര, ഹ്രസ്വദൂര യാത്രയിൽ ജനറൽ ടിക്കറ്റുകൾ എടുക്കാനുള്ള റെയിൽവേയുടെ യു.ടി.എസ് ആപ്പ് ഹിറ്റായതും വരുമാന വർധനക്കിടയാക്കി. ജി.പി.എസ് അധിഷ്ഠിതമായി ആപ്ലിക്കേഷൻ വഴി നേരത്തെ റെയിൽവേ സ്റ്റേഷൻ പരിധിയിൽ മാത്രമേ ടിക്കറ്റ് ബുക്കിങ് സാധ്യമാകുമായിരുന്നുള്ളൂ. ഇപ്പോഴതിന്റെ പരിധി ദീർഘിപ്പിക്കുകയും എവിടെയിരുന്നും ബുക്കിങ് നടത്താവുന്ന രീതിയിലാക്കി. ഇതോടെ ടിക്കറ്റ് എടുക്കാൻ കൗണ്ടറിന് മുന്നിലെ ക്യൂ കുറഞ്ഞു. യു.ടി.എസ് വഴി സീസൺ ടിക്കറ്റുകൾ എടുക്കുകയും പുതുക്കുകയും ചെയ്യാം. യു.ടി.എസ് ആപ്പുകൾ പ്രചരിപ്പിക്കാനായി റെയിൽവേ യാത്രക്കാരിലേക്കിറങ്ങിയിരുന്നു. നിലവിൽ കൗണ്ടർ ടിക്കറ്റുകളേതിനേക്കാൾ യു.ടി.എസിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നുണ്ട്. ഐ.ആർ.സി.ടി.സിയുടെ ഓൺലൈൻ സംവിധാനം വഴിയുള്ള റിസർവേഷനുകളിലും വൻവർധനയുണ്ടായി. അതേസമയം, സർവിസ് ചാർജ് നൽകേണ്ടിവരുന്നതും ടിക്കറ്റ് ക്യാൻസൽ ചെയ്യുമ്പോൾ മുഴുവൻ തുകയും തിരിച്ചുകിട്ടാത്തതും യാത്രക്കാർക്ക് തിരിച്ചടിയാണ്.
ജില്ലയിലെ മറ്റ് റെയിൽവേ സ്റ്റേഷനുകൾ: വാർഷിക വരുമാനം,
വാർഷിക യാത്രികർ, പ്രതിദിന വരുമാനം, പ്രതിദിന യാത്രികർ
ഇരിങ്ങാലക്കുട - 4.87 കോടി - 9.54 ലക്ഷം - 1.33 ലക്ഷം - 2615
കൊരട്ടി അങ്ങാടി - 10.62 ലക്ഷം - 1.36 ലക്ഷം - 2910 - 375
നെല്ലായി - 5.67 ലക്ഷം - 60652 - 1556 - 165
മുള്ളൂർക്കര- 4.17 ലക്ഷം - 29079 - 1144 - 80
വടക്കാഞ്ചേരി - 1.81 കോടി - 3.36 ലക്ഷം - 49832 - 921
പൂങ്കുന്നം - 59 ലക്ഷം - മൂന്ന് ലക്ഷം - 16179 - 839
പുതുക്കാട് - 50.59 ലക്ഷം - 2.83 ലക്ഷം - 13863 - 778
ഒല്ലൂർ - 15.62 ലക്ഷം - 97354 - 4280 - 183
മുളങ്കുന്നത്തുകാവ് - 10.89 ലക്ഷം - 66749 - 2984 - 183
വള്ളത്തോൾനഗർ - 7.52 ലക്ഷം - 37135 - 2062 - 102
ഡിവൈൻ നഗർ - 40.67 ലക്ഷം - 77138 - 11198 - 211.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.