തൃശൂർ: ജില്ലയില്‍ കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ ആക്ടിവ് കോവിഡ് ക്ലസ്റ്ററുകളുടെ എണ്ണം 28 ആയി ഉയര്‍ന്നു. ഇവയില്‍ 10 എണ്ണം പുതുതായി രൂപപ്പെട്ടവയാണ്. ഇതിൽ ഗവ. എൻജിനീയറിങ് കോളജിലേതാണ് വലുത്. ഇതിനകം 82 പേര്‍ക്കാണ് ഇവിടെ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജൂബിലി മിഷന് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ 68 പേര്‍ക്കും ചെറുതുരുത്തി ജ്യോതി എൻജിനീയറിങ് കോളജില്‍ 32 പേര്‍ക്കും രോഗബാധയുണ്ടായി. മറ്റ് ക്ലസ്റ്ററുകളില്‍ 20ല്‍ താഴെയാണ് രോഗികളെന്ന് ജൂനിയര്‍ അഡ്മിനിസ്ട്രേറ്റിവ് മെഡിക്കല്‍ ഓഫിസര്‍ ഡോ. കാവ്യ കരുണാകരന് അറിയിച്ചു.
ജില്ലയിലെ രോഗ സ്ഥിരീകരണ നിരക്ക് വലിയതോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ വാര്‍ഡ് തല ആർ.ആർ.ടികള്‍ പുനഃസ്ഥാപിക്കാനും കോവിഡ് രോഗികളുടെ ഹോം ഐസൊലേഷനും സമ്പര്‍ക്ക രോഗികളുടെ സമ്പർക്കവിലക്ക് ശക്തിപ്പെടുത്താനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്കി. പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ മന്ത്രിമാരായ കെ. രാധാകൃഷ്ണന്, കെ. രാജന്, ആര്. ബിന്ദു എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
രണ്ടു ദിവസത്തിനുള്ളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ യോഗം ചേര്‍ന്ന് ആവശ്യമായ നടപടിയെടുക്കണം. കോവിഡ് വ്യാപനം കൂടിയ ഇടങ്ങളില്‍ മൈക്ക് അനൗണ്‍സ്മെന്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളിലൂടെ ജാഗ്രത നിര്‍ദേശം നല്‍കണം.
കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തി സമ്പർക്ക വിലക്ക് നടപ്പാക്കുന്ന കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടര്‍ ഹരിത വി. കുമാര്‍ അറിയിച്ചു. പ്രത്യേക സാഹചര്യത്തില്‍ ഗ്രാമസഭകള്‍ ഉള്‍പ്പെടെയുള്ള യോഗങ്ങള്‍ ഓണ്‍ലൈനായി ചേരാന്‍ ശ്രദ്ധിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.