തൃപ്രയാർ: എൽ.എൽ.ബി വിദ്യാർഥിനി ശ്രുതി കാർത്തികേയൻ തമിഴ്നാട്ടിലെ ഈറോഡിൽ ആഗസ്റ്റ് 17ന് ദുരൂഹ സാഹചര്യത്തിൽ മരിച്ചത് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആക്ഷൻ കൗൺസിൽ രൂപവത്കരണ യോഗം ആവശ്യപ്പെട്ടു. എടമുട്ടം തറയിൽ കാർത്തികേയെൻറയും കൈരളിയുടെയും മകളാണ് ശ്രുതി.
ബംഗളൂരുവിൽ സഹപാഠിയായിരുന്ന എറണാകുളം സ്വദേശി ഹരികൃഷ്ണനുമൊത്ത് ഈറോഡിലെത്തിയ ശ്രുതിയെ വിഷം അകത്ത് ചെന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. വിഷം കഴിച്ച് ആശുപത്രിയിൽ ആയിരുന്ന ഹരികൃഷ്ണൻ പ്രശ്നങ്ങളില്ലാതെ ആശുപത്രി വിട്ടു.
വാരിയെല്ലിന് ക്ഷതമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. ശ്രുതിയുടെ മരണത്തിന് പിന്നിൽ ഹരികൃഷ്ണെൻറ ലഹരി മാഫിയ ബന്ധമാണെന്ന് രക്ഷിതാക്കൾക്ക് സംശയമുണ്ട്. ശ്രുതിയുടെ മൊബൈൽ ഫോണും ലാപ്ടോപ്പും ഉൾപ്പെടെ കണ്ടെത്തിയിട്ടില്ല.
സംഭവം നടന്നയുടൻ ഹരികൃഷ്ണെൻറ വീട്ടുകാർ തമിഴ് നാട്ടിലെത്തി പൊലീസിനെ സ്വാധീനിക്കാൻ ശ്രമിച്ചതായും ആക്ഷേപമുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ വലപ്പാട് പഞ്ചായത്ത് കേന്ദ്രീകരിച്ച് ജാഗ്രത സമിതിയെന്ന ജനകീയ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചത്.
വലപ്പാട് പഞ്ചായത്ത് പ്രസിഡൻറ് വി.ഡി. ഷിനിത, ടി.യു. ഉദയൻ, പഞ്ചായത്ത് അംഗം അജ്മൽ ഷെരീഫ്, ബൽക്കിസ് ബാനു എന്നിവർ രക്ഷാധികാരികളും പി.എൻ. പ്രൊവിൻറ് (ചെയർമാൻ), സരസ്വതി വലപ്പാട് (കൺവീനർ), പി.ഡി. ഷാനവാസ്, കെ.ബി. രാഗേഷ് (ജോ. കൺവീനർമാർ), എൻ.എം. പുഷ്പാംഗദൻ (വൈസ് ചെയർമാൻ) എന്നിവർ ഭാരവാഹികളുമായാണ് ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.