അമലനഗർ: അമല സമാന്തര റെയിൽവേ മേൽപാലം നിർമാണവുമായി ബന്ധപ്പട്ട് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സ്പെഷൽ പർപ്പസ് വെഹിക്കിളായ (എസ്.പി.വി) റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ ഓഫ് കേരള പ്രതിനിധികളും ഡി.പി.ആർ തയാറാക്കുന്ന റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവിസ് ഏജൻസി പ്രതിനിധികളും ചേർന്ന് സന്ദർശനം നടത്തി.
തൃശൂർ - കുറ്റിപ്പുറം റോഡിലെ അമല റെയിൽവേ മേൽപാലത്തിന് സമാന്തരമായി മറ്റൊരു മേൽപാലം നിർമിക്കണമെന്ന ആവശ്യമാണ് യാഥാർഥ്യമാകുന്നത്. 7.5 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി യാഥാർഥ്യമാകുന്നതോടെ വടക്കാഞ്ചേരി മണ്ഡലത്തിലെ ഏറ്റവും പ്രധാനമായ ഗതാഗത പ്രശ്നങ്ങളിൽ ഒന്നിന് പരിഹാരം കാണാനാകും.
അമല റെയിൽവേ മേൽപാലം ഭാഗത്തെ നിരന്തര അപകടങ്ങൾക്കും ഗതാഗത പ്രശ്നത്തിനും പരിഹാരമായി സമാന്തര റെയിൽവേ മേൽപാലം നിർമാണത്തിനായുള്ള സർവേ ആരംഭിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അറിയിച്ചു.
ഏതാനും ദിവസങ്ങൾക്കകം സർവേ പൂർത്തിയാക്കി സമാന്തര മേൽപാലത്തിന്റെ അലൈൻമെന്റ് തയാറാക്കുമെന്നും ഇതിന് റെയിൽവേയുടെ അംഗീകാരവും അനുമതിയും ലഭ്യമാകുന്ന മുറക്ക് മണ്ണ് പരിശോധന ഉൾപ്പെടെ നടത്തി മൂന്ന് മാസത്തിനുള്ളിൽ ഡി.പി.ആർ തയാറാക്കുമെന്നും റൈറ്റ്സ്, ആർ.ബി.ഡി.സി.കെ പ്രതിനിധികൾ അറിയിച്ചു. കേരള വാട്ടർ അതോറിറ്റി ജൽ ജീവൻ മിഷനുമായി ബന്ധപ്പെട്ട പൈപ്പ് ലൈൻ കൊണ്ടുപോകാനായി പ്രത്യേക പാലവും നിർമിക്കേണ്ടതായിട്ടുണ്ട്.
കുപ്പിക്കഴുത്തുൾപ്പെടെയുള്ള ഗതാഗത പ്രശ്നങ്ങൾ പരിഹരിച്ച് മികച്ച ഗതാഗത സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. മുണ്ടൂർ-പുറ്റേക്കര കുപ്പിക്കഴുത്ത് പ്രശ്നം തീർത്ത് ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായുള്ള നടപടികൾ മുന്നോട്ട് കൊണ്ടുപോവുകയാണെന്നും എം.എൽ.എ പറഞ്ഞു.
പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ്, അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് സിമി അജിത് കുമാർ, കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉഷാദേവി, വൈസ് പ്രസിഡന്റ് കെ.എം. ലെനിൻ, പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എസ്. ശിവരാമൻ, ഗ്രൗണ്ട് വാട്ടർ അതോറിറ്റി അംഗം വർഗീസ് തരകൻ, ആർ.ബി.ഡി.സി.കെ ഡെപ്യൂട്ടി ജനറൽ എ.എ. അബ്ദുൽ സലാം, റൈറ്റ്സ് ടീം ലീഡർ പി. വെങ്കിടേഷ്, പി.ഡബ്ല്യു.ഡി റോഡ്സ് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ ബേസിൽ ചെറിയാൻ, കേരള വാട്ടർ അതോറിറ്റി പ്രോജക്ട് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ എച്ച്.ജെ. നീലിമ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.