തൃശൂർ: ഹോളി ഫാമിലി സ്കൂളിൽ ഇതുപോലൊരു പരീക്ഷാഫല ദിനം ഉണ്ടായിട്ടില്ല. മിഠായി മധുരവുമായെത്തി വിദ്യാർഥിനികൾ തങ്ങളുടെ ടീച്ചർമാരുടെ മുന്നിൽ വിങ്ങിപ്പൊട്ടി. പ്രിയ കൂട്ടുകാരി അപർണയുടെ വിയോഗം അത്രമേൽ അവരെ ദുഃഖത്തിലാഴ്ത്തിയിരുന്നു. എസ്.എസ്.എൽ.സി മോഡൽ പരീക്ഷയിൽ ഒരു മാർക്ക് പോലും നഷ്ടപ്പെടുത്താത്ത അവൾ സ്കൂളിലെ ഫുൾ എ പ്ലസ് പട്ടികയിൽ ഇടംപിടിച്ചേനേ. എന്നാൽ, കഴിഞ്ഞ മാർച്ച് 15ന് അവൾ ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ അവളുടെ ഇരിപ്പിടം ശൂന്യമായി കിടന്നു.
മാടക്കത്തറ മാടശ്ശേരി വീട്ടിൽ ഗോപാലകൃഷ്ണെൻറയും അജിതയുടെയും രണ്ടാമത്തെ മകളായ അപർണ പഠിക്കാൻ മിടുക്കിയായിരുന്നു. സ്കൂൾ പരീക്ഷകളിലും സ്േകാളർഷിപ്പുകളിലും ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കി. അതിനാൽ അധ്യാപകരുടെ കണ്ണിലുണ്ണി. മാർച്ച് എട്ടിന് പത്താം ക്ലാസ് രണ്ടാമത് മോഡൽ പരീക്ഷയുടെ അവസാന ദിനത്തിൽ അവൾ ക്ലാസിൽവെച്ച് ഛർദിച്ചു. വീട്ടുകാരെ വിളിച്ചുകൊണ്ടുവരാമെന്നും വീട്ടിൽ പോകാമെന്നും പറഞ്ഞിട്ടും അവൾ കൂട്ടാക്കിയില്ല. നല്ല വയറുവേദന ഉണ്ടായിരുന്നു. വീണ്ടും ഛർദിച്ചെങ്കിലും മുഖം കഴുകിവന്ന് പരീക്ഷ എഴുതി. വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്ക് വയറുവേദന കലശലായി. അന്ന് രാത്രിതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പൻറിസൈറ്റിസാണെന്ന് കണ്ടെത്തി വൈകാതെ ശസ്ത്രക്രിയ നടത്തിയെങ്കിലും മുറിവും വേദനയും മാറിയില്ല. തുടർപരിശോധനയിലാണ് ആമാശയത്തിൽ ടി.ബി വ്യാപനം കണ്ടെത്തിയത്. രോഗാവസ്ഥ മൂർഛിക്കുകയും 15ന് അപർണ മരിക്കുകയും ചെയ്തു.
വിദ്യാർഥികളും അധ്യാപകരും ഒന്നടങ്കം കണ്ണീർവാർത്ത ദിനം. കൂട്ടുകാരികൾ പരീക്ഷ എഴുതില്ലെന്ന് പറഞ്ഞു. അധ്യാപകർ എല്ലാവരുടെയും വീടുകളിലെത്തി സമാശ്വസിപ്പിച്ചു. ഏപ്രിൽ എട്ടിന് അവളില്ലാത്ത എസ്.എസ്.എൽ.സി പരീക്ഷ. ബുധനാഴ്ച പരീക്ഷ ഫലം വന്നപ്പോൾ സ്കൂളിലെ 353 വിദ്യാർഥികളിൽ 352 പേരും വിജയിച്ചു; പരീക്ഷ എഴുതാത്ത അപർണയൊഴികെ. 237 ഫുൾ എ പ്ലസ്.
''പരീക്ഷയെഴുതാൻ അവൾ അത്യന്ത്യം ആഗ്രഹിച്ചിരുന്നു. ഏത് അസുഖമുണ്ടെങ്കിലും എഴുതാൻ സൗകര്യമൊരുക്കണേ എന്ന് അവൾ പറഞ്ഞിരുന്നു. അവൾ പരീക്ഷ എഴുതിയെന്നും ഫുൾ എ പ്ലസ് നേടിയെന്നും വിശ്വസിക്കാനാണ് ഞങ്ങൾക്കിഷ്ടം.''- സ്കൂളിലെ പ്രധാനാധ്യാപിക സി. ജോസഫൈൻ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.