ആളൂര്‍: പെട്രോള്‍ പമ്പ് മാനേജറെ ആക്രമിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. കൊടകര കൊപ്രക്കളം അണ്ടടത്ത് സ്വദേശി അമല്‍രാജ് (35), ശ്രീനാരായണപുരം ഈരയില്‍ മധു (36) എന്നിവരെയാണ് ആളൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പുലിപ്പാറകുന്നിലെ പെട്രോള്‍ പമ്പിലെ മാനേജര്‍ ആളൂര്‍ ചിറക്കുളം പാളയംകോട്ട്കാരന്‍ ഷജീര്‍ പി. ഷാജഹാനെയാണ് (30) വ്യാഴാഴ്ച രാത്രി ആക്രമിച്ച് പണം തട്ടാന്‍ ശ്രമിച്ചത്.
രാത്രി ജോലി കഴിഞ്ഞ് ബൈക്കില്‍ പോകുമ്പോഴാണ് വീടിന് സമീപം റോഡരികില്‍ മറഞ്ഞിരുന്ന പ്രതികള്‍ കമ്പിവടികൊണ്ട് ആക്രമിച്ചത്. ഒഴിഞ്ഞുമാറിയതിനാല്‍ അടി കൊള്ളാതെ രക്ഷപ്പെട്ടു. ബൈക്കിന്റെ ഒരു വശത്തെ കണ്ണാടി അടിയേറ്റ് തകര്‍ന്നു. രണ്ടു ദിവസത്തോളമായി പമ്പിലും പരിസരത്തും എത്തി ഇവര്‍ ഷജീറിനെ നിരീക്ഷിച്ചുവരുകയായിരുന്നു.
ഉച്ചവരെയുള്ള കളക്ഷന്‍ തുക ബാങ്കിലടക്കുകയും ഉച്ചകഴിഞ്ഞുള്ള പണവുമായി ഷജീര്‍ രാത്രി വീട്ടില്‍ പോകാറുണ്ടെന്നും മനസ്സിലാക്കിയാണ് ഇയാളെ ആക്രമിച്ച് പണം കൈക്കലാക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടത്. ഒന്നര ലക്ഷത്തോളം രൂപ ഷജീറിന്റെ പക്കലുണ്ടായിരുന്നെങ്കിലും തങ്ങളെ തിരിച്ചറിഞ്ഞതായി മനസ്സിലാക്കിയതോടെ പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.
ഗുണ്ട നേതാവ് കോടാലി ശ്രീധരന്റെ സംഘത്തില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്നയാളാണ് അറസ്റ്റിലായ അമല്‍ രാജെന്നും ചേര്‍പ്പ്, നിലമ്പൂര്‍ സ്‌റ്റേഷനുകളിലെ കേസുകളില്‍ ഉള്‍പ്പെട്ടയാളെന്നും പൊലീസ് പറഞ്ഞു. ആളൂര്‍ എസ്.എച്ച്.ഒ എം.ബി. സിബിന്‍, എസ്.ഐ കെ.എസ്. സുബിന്ത്, ഗ്രേഡ് എസ്.ഐമാരായ ഇ.ആര്‍. സിജുമോന്‍, ദാസന്‍, എ.എസ്.ഐ ജോഷി, സി.പി.ഒമാരായ മുരളി, റിക്‌സന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.