ജലാവശ്യം പാരമ്യത്തിൽ, ലഭിക്കുന്നത് പകുതി മാത്രം

തൃശൂർ: വേനൽ കടുത്തതോടെ ജില്ലയുടെ ജലാവശ്യം പാരമ്യത്തിൽ എത്തിനിൽക്കുകയാണ്. എന്നാൽ, ആവശ്യമുള്ളതിന്‍റെ പകുതി മാത്രം ജലമാണ് ലഭിക്കുന്നത്. പദ്ധതികളും പുതിയ കണക്ഷനുകളും ഏറുമ്പോഴും ജല സ്രോതസ്സുകൾ പഴയതുതന്നെയാണ്. വാട്ടർ അതോറിറ്റി പദ്ധതിക്കൾക്കൊപ്പം ജല ജീവൻ മിഷൻ പദ്ധതി വന്നതോടെ ജില്ലയുടെ ജലാവശ്യം വൻതോതിലാണ്. ജില്ലയിലെ വിവിധ മേഖലകളിലെ ഭൂഗർഭ ജലവും താഴുകയാണ്. ജില്ല ഭൂഗർഭ ജല വിഭാഗം നടത്തിയ പരിശോധനയിലാണ് ജല വിതാനം കുറയുന്നത് കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ച ജലമന്ത്രി റോഷി അഗസ്റ്റിന്‍റെ നേതൃത്വത്തിൽ കലക്ടറേറ്റിൽ നടന്ന യോഗത്തിൽ ജല വിതരണത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കി പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു. വേനൽമഴ കനത്താൽ പ്രശ്നത്തിന് പരിഹാരമാവുമെങ്കിലും അടുത്തിടെ വന്ന ന്യൂനമർദവും ചക്രവാത ചുഴിയുമൊക്കെ ജില്ലക്ക് വലിയതോതിൽ അനുഗുണവുമായിരുന്നില്ല.

ജില്ലയുടെ ദാഹമകറ്റാൻ പ്രതിദിനം 500 ദശലക്ഷം ലിറ്ററിലധികം ജലമാണ് വേണ്ടത്. നിലവിൽ ലഭിക്കുന്നത് 250 ദശലക്ഷം ലിറ്റർ ജലം മാത്രം. കേന്ദ്ര പദ്ധതികളിൽ പ്രതിദിന ആളോഹരി വിഹിതം നേരത്തേ 40 ലിറ്റർ ആയിരുന്നു. നിലവിലിത് 70 ലിറ്ററിലേക്ക് മാറിയെങ്കിലും 100 ലിറ്ററാണ് കേരളം നൽകുന്നത്. ജല അതോറിറ്റി പദ്ധതികളിൽ ഗ്രാമപ്രദേശങ്ങളിൽ 100 ലിറ്ററാണ് പ്രതിദിന ആളോഹരി വിഹിതം. നഗരങ്ങളിലിത് 150 ലിറ്ററുമാണ്.

തീരത്തിന് കനത്ത ദാഹം

ജില്ലയിൽ തീരമേഖലയിലാണ് ജലക്ഷാമം കനത്ത രീതിയിലുള്ളത്. വാടാനപ്പള്ളി, ഏങ്ങണ്ടിയൂർ, തളിക്കുളം അടക്കം പഞ്ചായത്തുകളിൽ ജനം ദാഹജലത്തിനായി നെട്ടോട്ടം ഓടുകയാണ്. ഇതര ഭാഗങ്ങളിലുള്ളതിന് സമാനമായി മറ്റു ജല സ്രോതസ്സുകളില്ലാത്തതാണ് തീരത്തെ കനത്ത വരൾച്ച പടികൂടാൻ കാരണം. മലമേഖലയിൽ അടക്കം ഉയർന്ന സ്ഥലങ്ങളിൽ അവശ്യത്തിന് വെള്ളം ലഭിക്കാത്ത സാഹചര്യവുമുണ്ട്. പദ്ധതികൾ കൂടിയതിനാൽ ലഭിക്കുന്ന ജലത്തിന്‍റെ അളവിലും കുറവുവരുന്നുണ്ട്.

വേണ്ടത് ജല സാക്ഷരത

തൃശൂർ: നിർണായകഘട്ടത്തിൽ ജലോപയോഗത്തിൽ ബോധവത്കരണമാണ് വേണ്ടതെന്ന നിലപാടാണ് അധികൃതർക്കുള്ളത്. കുടിവെള്ളത്തിനായി ജനം നെട്ടോട്ടം ഓടുമ്പോൾ വാഹനം കഴുകാനും ചെടി നനക്കാനും മറ്റിതര ആവശ്യങ്ങൾക്കും ലഭിക്കുന്ന വെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കണം.

ദുരുപയോഗം ഇല്ലാതാക്കിയാൽ തന്നെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാനാവും. ഒപ്പം പൈപ്പ്ലൈനുകളിൽ വെള്ളം മോഷ്ടിക്കുന്ന ചെറിയ പ്രവണതകളും കണ്ടുവരുന്നുണ്ട്. ഇതും ഒഴിവാക്കേണ്ടതുണ്ട്. ബോധവത്കരണം കൊണ്ട് പ്രയോജനം ഇല്ലാതെ വരുമ്പോൾ പിഴ അടക്കം നടപടികളും സ്വീകരിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.

ജല അതോറിറ്റിയുടെ 94 പദ്ധതികൾ

തൃശൂർ: ജല അതോറിറ്റിയുടെ 94 പദ്ധതികളാണ് ജില്ലയിലുള്ളത്. മൊത്തം 2.4 ലക്ഷം കണക്ഷനുകളാണ് ഈ പദ്ധതികളിലായുള്ളത്. 2020 മുതൽ തുടങ്ങിയ കേന്ദ്ര സർക്കാറിന്‍റെ ജലജീവൻ മിഷൻ പദ്ധതിയിൽ ഇതുവരെ 68,000 പേർക്ക് നൽകിക്കഴിഞ്ഞു. ജലജീവൻ മിഷൻ പദ്ധതിയിൽ കേരളത്തിലെ പ്രതിദിന ആളോഹരി വിഹിതം 100 ലിറ്ററായതിനാൽ ജലാവശ്യം കൂടുതലാണ്.

നാട്ടിക ഫർക്കയിൽ 2020ൽ കരാർ നൽകിയ പദ്ധതി പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്. പൈപ്പിന്‍റെ അടക്കം വില കൂടിയ സാഹചര്യത്തിൽ കരാർ അനുസരിച്ച് പണി നടത്താനാവില്ലെന്ന കരാറുകാരന്‍റെ വാദം. ഇത് അനുസരിച്ച് കരാറുകാരനെ നഷ്ടോത്തരവാദിയാക്കി വീണ്ടും കരാർ വിളിക്കുന്ന നടപടിയാണ് നാട്ടികയിൽ പുരോഗമിക്കുന്നത്.

ഭാരതപ്പുഴ, ചാലക്കുടി, മണലി, കുറുമാലി പുഴകളും പീച്ചി ഡാമുമാണ് ജില്ലയുടെ പ്രധാന ജല സ്രോതസ്സ്. ഇതിൽ ഭാരതപ്പുഴ ഒഴികെയുള്ളവയിൽ വെള്ളം ആവശ്യത്തിന് ലഭ്യമാണ്. ഭാരതപ്പുഴയിലെ ജലദൗർബല്യം വടക്കാഞ്ചേരി കുടിവെള്ള പദ്ധതിയെ വല്ലാതെ ബാധിക്കുന്നുണ്ട്. മലമ്പുഴ ഡാമിൽ നിന്ന് ജലം ലഭിക്കുന്നതോടെ പ്രശ്നത്തിന് പരിഹാരം ഉണ്ടാവും. ഈ ആവശ്യവുമായി ജില്ല അധികൃതർ ഡാം അധികാരികളുമായി കത്തെഴുത്ത് നടത്തിയിട്ടുണ്ട്. കനോലി കനാലിൽ നിന്ന് അടക്കം വെള്ളം കൃത്യമായി ലഭിക്കുന്നുണ്ട്. ഏപ്രിലിൽ വേനൽ മഴ കൂടി ലഭിച്ചാൽ കാര്യങ്ങൾ അനുകൂലമാവും. മഴ ലഭിക്കാത്ത സാഹചര്യം പ്രശ്ന സങ്കീർണവുമാകും. 

Tags:    
News Summary - At the peak of water demand, only half is available

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.