മാള: ആളൂരിൽ യുവാക്കളെ വാളുവീശി ആക്രമിച്ച പ്രതി അറസ്റ്റിൽ. ആളൂർ മാനാട്ടുകുന്ന് പേരിപ്പറമ്പിൽ രതീഷ് എന്ന മുറി രതീഷിനെ (40) ചാലക്കുടി ഡിവൈ.എസ്.പി ടി.എസ്. സിനോജ്, ഇൻസ്പെക്ടർ കെ.സി. രതീഷും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസമാണ് സംഭവം. റോഡരികിൽ നിൽക്കുകയായിരുന്ന മാനാട്ടുകുന്നു സ്വദേശികളായ സുൽത്താൻ, ഷിഹാബ് എന്നിവരെ ആക്രമിച്ച കേസിലാണ് അറസ്റ്റ്.
മദ്യപിച്ച് സ്കൂട്ടറിൽ വരികയായിരുന്ന പ്രതിയും സുഹൃത്തും പരാതിക്കാരെ സ്കൂട്ടർ ഇടിച്ചുവീഴത്താൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്തതോടെ ആക്രമണം നടത്തിയ പ്രതികൾ സ്ഥലത്ത് വാള് വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഭവശേഷം രക്ഷപ്പെട്ട രതീഷ് മൊബൈൽ ഫോൺ ഉപയോഗിക്കാതെ തമിഴ്നാട്ടിലടക്കം ഒളിവിൽ കഴിഞ്ഞു. തിരുവോണദിവസം അർധരാത്രിയാണ് കല്ലേറ്റുംകരയിൽനിന്ന് രതീഷിനെ പൊലീസ് സംഘം പിടികൂടിയത്. കൂട്ടുപ്രതി നേരത്തേ അറസ്റ്റിലായിരുന്നു.
ആളൂർ സ്റ്റേഷൻ റൗഡി ലിസ്റ്റിലുള്ള രതീഷ് നാട്ടിലെ സ്ഥിരം ശല്യക്കാരനാണ്. ഇരിങ്ങാലക്കുട, കൊടകര, ആളൂർ സ്റ്റേഷനുകളിലായി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ആളൂർ എസ്.ഐ വി.പി. അരിസ്റ്റോട്ടിൽ, ക്രൈം സ്ക്വാഡ് അംഗങ്ങളായ സീനിയർ സി.പി.ഒ ഇ.എസ്. ജീവൻ, സി.പി.ഒ കെ.എസ്. ഉമേഷ്, ആളൂർ സ്റ്റേഷൻ സീനിയർ സി.പി.ഒമാരായ എ.ബി. സതീഷ്, അനിൽ കുമാർ, സി.പി.ഒ ലിജോ, ഐ.വി. സവീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.