തൃശൂർ: തെരഞ്ഞെടുപ്പ് കാലത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ ശ്രമിക്കുന്നത് രാജ്യത്തെ വർഗീയമായി ധ്രുവീകരിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തൃശൂർ ലോക്സഭ മണ്ഡലം യു.ഡി.എഫ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ അതിശക്തമായ നിലപാട് സ്വീകരിച്ച പ്രസ്ഥാനമാണ് കോൺഗ്രസ്. ബഹുസ്വര സങ്കൽപത്തെ ഇല്ലാതാക്കുന്ന ബി.ജെ.പിയെ ചെറുക്കുകയെന്നത് ജനാധിപത്യ മതേതര വിശ്വാസികളുടെ ഉത്തരവാദിത്തമാണെന്ന് സതീശൻ ഓർമിപ്പിച്ചു. ഇന്ത്യ മുന്നണിക്കും യു.ഡി.എഫിനും അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്.
പ്രധാനമന്ത്രി കേരളത്തിൽ വരുംതോറും യു.ഡി.എഫിന്റെ വിജയം ഉറപ്പാക്കുകയാണെന്നും സതീശൻ കൂട്ടിച്ചേർത്തു. ഏത് പ്രതിസന്ധിയിലും ജനങ്ങൾക്കൊപ്പം യു.ഡി.എഫ് ഉണ്ടാകുമെന്ന് വിശ്വാസം വളർത്തിയെടുത്താൽ സ്വപ്നതുല്യമായ വിജയം നമുക്ക് അവർ സമ്മാനിക്കുമെന്നും അതിനുവേണ്ടി കൂടുതൽ ഊർജ്ജസ്വലതയോടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകണമെന്നും സതീശൻ പറഞ്ഞു.
കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, എം.പി. വിൻസെൻറ്, ഒ. അബ്ദുറഹ്മാൻ കുട്ടി, പി.എ. മാധവൻ, ടി.വി. ചന്ദ്രമോഹൻ, എം.കെ. പോൾസൺ മാസ്റ്റർ, അനിൽ അക്കര, ജോസഫ് ചാലിശ്ശേരി, സി.എച്ച്. റഷീദ്, സി.എ. മുഹമ്മദ് റഷീദ്, പി.ആർ.എൻ. നമ്പീശൻ, സി.വി. കുരിയാക്കോസ്, കെ.ആർ. ഗിരിജൻ, ലോനപ്പൻ ചക്കച്ചപറമ്പിൽ, ജോൺസൺ കാഞ്ഞാരത്തിങ്കൽ, സുനിൽ അന്തിക്കാട്, കെ.ബി. ശശികുമാർ, ജോൺ ഡാനിയേൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.