തൃശൂർ: വായനശാലകൾക്കായി സഹകരണ ബാങ്കുകൾ മുഖേന വാങ്ങിയ പുസ്തകങ്ങളുടെ വിവരങ്ങൾ തേടി സർക്കാർ. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തെ ശക്തിപ്പെടുത്താനായിട്ടായിരുന്നു സഹകരണ ബാങ്കുകൾ മുഖേന പഞ്ചായത്തുകളിലെ വായനശാലകൾക്ക് പുസ്തകങ്ങൾ വാങ്ങി നൽകാൻ നിർദേശം നൽകിയത്.
എന്നാൽ, വാങ്ങിയ പുസ്തകങ്ങൾ ഗ്രന്ഥശാലകളിലേക്കെത്തിയില്ല, ബാങ്കുകളിലെ ഗോഡൗണുകളിൽതന്നെ കെട്ടിക്കിടന്നു. ഈ പുസ്തകങ്ങൾ പഞ്ചായത്തിൽ അഫിലിയേറ്റ് ചെയ്ത ഗ്രന്ഥശാലകൾക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കൊടകര കേന്ദ്ര ഗ്രന്ഥശാലയിൽനിന്ന് ലൈബ്രേറിയനായി വിരമിച്ച ജയൻ അവണൂർ നവകേരള സദസ്സിൽ നിവേദനം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകളിൽ കെട്ടിക്കിടക്കുന്ന പുസ്തകങ്ങളെക്കുറിച്ച് പൂർണ വിവരങ്ങൾ സഹകരണ വകുപ്പ് തേടുന്നത്. ഇതുസംബന്ധിച്ച ജോ. രജിസ്ട്രാർമാരോട് ഉടൻ റിപ്പോർട്ട് നൽകാൻ സഹകരണ സംഘം രജിസ്ട്രാർ ഉത്തരവിലൂടെ നിർദേശിച്ചതായി ജയൻ അവണൂരിനെ സർക്കാർ രേഖാമൂലം അറിയിച്ചു.
വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായ കാലത്താണ് ഈ തീരുമാനമെടുത്തത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ദൈനംദിന പ്രവർത്തനങ്ങൾ പോലും അവതാളത്തിലായ നിലയിലായിരുന്നു സാഹിത്യ പ്രവർത്തക സഹകരണ സംഘം. സർക്കാർ തുകയനുവദിച്ച് താൽക്കാലിക പരിഹാരം കാണുന്നതിനുപരിയായി സംഘം പ്രസിദ്ധീകരിച്ച് വിൽപന കാര്യമായി നടക്കാതെയിരിക്കുന്ന പുസ്തകങ്ങൾക്ക് വിപണി സാധ്യതയുണ്ടാക്കിയാൽ വൻ തുക സമാഹരിക്കാനാവുമെന്നതായിരുന്നു ലക്ഷ്യം.
സഹകരണ സംഘങ്ങൾക്ക് ഇതിനായി നിശ്ചിത തുക വകയിരുത്തിയാൽ പഞ്ചായത്തിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ബാങ്ക് പരിധിയിലെ വായനശാലകൾക്കെല്ലാം പുസ്തകങ്ങളും ലഭ്യമാകും. സഹകരണ ബാങ്കുകൾ വഴി പുസ്തകങ്ങൾ വാങ്ങി സാഹിത്യ പ്രവർത്തക സഹകരണ സംഘത്തെ സജീവമാക്കിയെങ്കിലും പുസ്തകങ്ങൾ വായനശാലയിലേക്കെത്തിക്കുകയെന്ന നിർദേശം നടന്നില്ല. പലവിധ കാരണങ്ങളാൽ പുസ്തകങ്ങൾ ബാങ്കുകളിൽ കെട്ടിക്കിടക്കുകയാണ്.
തൃശൂർ: നഗരത്തിലെ വഴിയോര പുസ്തക വിൽപ്പന നടത്തുന്നവരെ ഒഴിപ്പിക്കാനുള്ള കോർപ്പറേഷൻ നീക്കത്തിന് അങ്ങനെ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. ലുലു കൺവെൻഷൻ സെന്ററിൽ നവകേരള സദസ്സിന്റെ തുടർച്ചയായുള്ള സാംസ്കാരിക പ്രവർത്തകരുമായുള്ള മുഖാമുഖത്തിൽ എഴുത്തുകാരൻ ബെന്യാമിനാണ് തൃശൂർ നഗരത്തിൽ നിന്നും സെക്കൻഡ്ഹാൻഡ് പുസ്തകക്കച്ചവടക്കാരെ ഒഴിവാക്കാൻ കോർപ്പറേഷൻ ശ്രമം തുടങ്ങിയതും നോട്ടീസ് നൽകിയതും ആശങ്കയായി അറിയിച്ചത്.
എന്നാൽ ഇവരെ ഒഴിവാക്കാൻ ഒരു തീരുമാനവുമില്ലെന്ന് മേയർ എം.കെ വർഗീസും ജില്ലയിലെ മന്ത്രിമാരും എം.എൽ.എയും അടക്കമുണ്ടായിരുന്ന വേദിയിൽ മുഖ്യമന്ത്രി പിണറായി ഉറപ്പ് നൽകിയത്.
ഇത് സംബന്ധിച്ച് പുനരധിവാസ പ്രവർത്തനം വേണമെന്ന് മുഖ്യമന്ത്രി കോർപ്പറേഷന് നിർദേശവും നൽകി. തെരുവ് കച്ചവടങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു വഴിയോര പുസ്തക വിൽപ്പനക്കാർക്ക് ഒഴിയാനാവാശ്യപ്പെട്ട് കോർപ്പറേഷൻ നോട്ടീസ് നൽകിയത്.
എന്നാൽ ലേണിങ്ങ് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി രാജ്യത്ത് ആദ്യമായി സ്ട്രീറ്റ് ലൈബ്രറി ആശയം യാഥാർഥ്യമാക്കിയ കോർപ്പറേഷൻ തെരുവ് പുസ്തക കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിലെ വൈരുധ്യവും ക്രൂരതയും ആരോപിച്ച് സാംസ്കാരിക പ്രവർത്തകർ തന്നെ വിമർശനവുമായി രംഗത്ത് വന്നതോടെയാണ് വിവാദമായത്.
മുഖാമുഖത്തിൽ എഴുത്തുകാർക്ക് നൽകിയ മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ ആശ്വാസത്തിലാണ് സാംസ്കാരിക പ്രവർത്തകരും വഴിയോര പുസ്തക വിൽപ്പനക്കാരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.