തൃശൂർ: കേന്ദ്ര സർക്കാറിന്റെ ജൽശക്തി അഭിയാൻ ‘കാച്ച് ദ റെയിൻ 2023’ന്റെ ഭാഗമായി മൂന്നാം ദിവസത്തെ സന്ദർശനം കഴിഞ്ഞ കേന്ദ്രസംഘം ജില്ലയിലെ ജലസംരക്ഷണ പ്രവർത്തനങ്ങളിൽ സംതൃപ്തിയറിയിച്ചു. മടക്കത്തറ പഞ്ചായത്തിലെ കച്ചിത്തോട് ഡാം, പുത്തൂർ കായൽ തുടങ്ങിയിടങ്ങളിലാണ് മൂന്നാംദിനം സന്ദർശനം നടത്തിയത്.
പദ്ധതികളുടെ പുരോഗതി, പൂർത്തീകരണ വേളയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വിവിധ പദ്ധതികളിലുള്ള ജനപങ്കാളിത്തം എന്നീ കാര്യങ്ങളെല്ലാം കേന്ദ്രസംഘം വിശദീകരിച്ചു. തൊഴിലുറപ്പ് പദ്ധതി വഴി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടപ്പാക്കിയ അമൃത് സരോവർ കുളങ്ങൾ, ഇറിഗേഷൻ കച്ചിത്തോട് ചെക്ക് ഡാം, പുത്തൂർ കായൽ നവീകരണ പദ്ധതി, കേരള വാട്ടർ അതോറിറ്റിയുടെ കൊരട്ടിയിലെ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്, മണ്ണുസംരക്ഷണ വകുപ്പ്, ഭൂജലവകുപ്പ് തുടങ്ങിയ വകുപ്പുകളുടെ വിവിധ ജലസംപോഷണ പദ്ധതികൾ എന്നിവ സംഘം സന്ദർശിച്ചു.
ഇവയുടെ വിജയകരമായി നടപ്പാക്കൽ വഴി ജില്ലയിലെ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന വിവിധ മേഖലകളിൽ ജലസംപോഷണം കൂടുതലായി നടക്കുന്നതായി സംഘം വിലയിരുത്തി. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ വിവിധ പദ്ധതികളിലെ ജല സംപോഷണ മാർഗങ്ങളും പരിപാലനവും വിലയിരുത്താനാണ് കേന്ദ്രസംഘം ജില്ലയിൽ ഉടനീളം സന്ദർശനം നടത്തിയത്. ജില്ല സെൻട്രൽ നോഡൽ ഓഫിസർ ദീപക് ശ്രീവാസ്തവ, ടെക്നിക്കൽ ഓഫിസർ സപ്ത സാക്ഷി എന്നിവരാണ് സംഘത്തിലുണ്ടായത്. സബ് കലക്ടർ മുഹമ്മദ് ഷെഫീഖ്, അസി. കലക്ടർ വി.എം. ജയകൃഷ്ണൻ, ഭൂജലവകുപ്പ് ജില്ല ഓഫിസർ ഡോ. എൻ. സന്തോഷ്, ജില്ല പ്ലാനിങ് ഓഫിസർ എൻ.കെ. ശ്രീലത, തൊഴിലുറപ്പ് പ്രോഗ്രാം കോഓഡിനേറ്റർ പി.കെ. ഉഷ, ജില്ല മണ്ണുസംരക്ഷണ ഓഫിസർ പി.ഡി. സിന്ധു എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.