തൃശൂർ: പോളിങ് ശതമാനം കുറഞ്ഞതിന്റെ അങ്കലാപ്പിൽ ചാലക്കുടിയിലെ മുന്നണി സ്ഥാനാർഥികളും തെരഞ്ഞെടുപ്പ് മാനേജർമാരും. ഒരുമാസത്തിലേറെ നീണ്ട പ്രചാരണം കൂട്ടത്തോടെ വോട്ടർമാരെ പോളിങ് ബൂത്തിലെത്തിക്കുമെന്ന പ്രതീക്ഷയാണ് രാഷ്ട്രീയ കക്ഷികൾ വെച്ചുപുലർത്തിയിരുന്നത്.
പ്രതീക്ഷ വെച്ച് പുലർത്തുന്ന മണ്ഡലത്തിൽ വോട്ടിങ് ശതമാനം എട്ട് ശതമാനത്തിലേറെ കുറഞ്ഞത് യു.ഡി.എഫ് കേന്ദ്രങ്ങളിൽ അസ്വസ്ഥത പടർത്തി. പോളിങ് ശതമാനം കുറഞ്ഞതിന്റെ കാരണങ്ങൾ പാർട്ടി പരിശോധിക്കണമെന്ന പരസ്യനിലപാടുമായി യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബെഹനാൻ ഇതിനകം രംഗത്ത് വന്നുകഴിഞ്ഞു.
തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏകോപനക്കുറവുണ്ടായി എന്ന തരത്തിലുള്ള ചില നേതാക്കളുടെ പ്രസ്താവനകൾ വരുദിവസങ്ങളിൽ കോൺഗ്രസിലെ ഗ്രൂപ്പ് പോരും കനക്കുമെന്ന സൂചനകളാണ് നൽകുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ 80.49 ശതമാനമായിരുന്നു പോളിങ്. ഇക്കുറിയിത് 71.94 ആണ്.
ബൂത്തുതല കണക്കുകൾ ശേഖരിച്ചശേഷം സൂക്ഷ്മമായ അവലോകനങ്ങളിലേക്ക് പാർട്ടികൾ കടക്കും. പാർട്ടി വോട്ടുകൾ കൃത്യമായി ചെയ്യപ്പെടുമെന്നതിനാൽ പോളിങ് ശതമാനം കുറഞ്ഞത് തങ്ങളെ ബാധിക്കില്ലെന്ന മുൻകാല നിലപാടുമായി മുന്നോട്ടുപോകാൻ ഇടതുമുന്നണിക്കും കഴിയുന്നില്ല. ഇതിന് പ്രധാനകാരണങ്ങൾ ട്വന്റി20യുടെ സാന്നിധ്യവും ബെന്നിയുടെ കഴിഞ്ഞ തവണത്തെ 1,32,274 വോട്ടിന്റെ ഉയർന്ന ഭൂരിപക്ഷവുമാണ്.
ട്വന്റി20യുടെ ശക്തികേന്ദ്രമായ കുന്നത്തുനാടാണ് ചാലക്കുടിയിലെ ഏറ്റവും ഉയർന്ന വോട്ടിങ് ശതമാനം രേഖപ്പെടുത്തിയ നിയമസഭ മണ്ഡലം. തൊട്ടുപിറകിലുള്ള പെരുമ്പാവൂരും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 20,536 വോട്ട് നേടി ട്വന്റി20 സ്ഥാനാർഥി മൂന്നാം സ്ഥാനത്തുവന്ന മണ്ഡലമാണ്. ഈ സാഹചര്യത്തിൽ ശക്തമായ സാന്നിധ്യമായി ട്വന്റി20 മാറുമോയെന്ന ആശങ്കയാണ് മുന്നണികൾക്കുള്ളത്.
ഇവർ നേടുന്ന വോട്ടുകൾ ഏതെങ്കിലും മുന്നണിയിൽനിന്ന് മാത്രമാവുകയില്ല. ബെന്നി ബെഹനാനോട് ശക്തമായ എതിർപ്പുള്ള ട്വന്റി20 കുന്നത്തുനാട് എം.എൽ.എ പി.വി. ശ്രീനിജനോടും സി.പി.എമ്മിനോടും സമാനരീതിയിൽ കടുത്തവിയോജിപ്പ് പുലർത്തുന്നുണ്ട്. എറണാകുളം ജില്ലയിൽ പെടുന്ന നിയമസഭ മണ്ഡലങ്ങളിൽ പ്രചാരണം മോശമായിരുന്നുവെന്നത് എൻ.ഡി.എയെയും അലോസരപ്പെടുത്തുന്നു.
സീറ്റ് ബി.ഡി.ജെ.എസിന് കൈമാറിയതോടെ ബി.ജെ.പി പ്രചാരണത്തിൽ ഉഴപ്പിയെന്നാണ് ആക്ഷേപം. പോളിങ് കുറഞ്ഞ മണ്ഡലങ്ങളായ അങ്കമാലിയിലും ചാലക്കുടിയിലും കോൺഗ്രസിന്റെ എം.എൽ.എമാരാണുള്ളത്. എം.പിയായ ശേഷം ബെന്നിബെഹനാൻ പ്രവർത്തനം കേന്ദ്രീകരിച്ച മണ്ഡലവുമാണ് അങ്കമാലി. തൃശൂർ ജില്ലയിൽ യു.ഡി.എഫിന് കിട്ടിയ ഏക നിയമസഭ മണ്ഡലമാണ് ചാലക്കുടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.