ചാവക്കാട്: സംസ്ഥാന കായകൽപ് പുരസ്കാരം ലഭിച്ച ചാവക്കാട് താലൂക്ക് ആശുപത്രി അഭിമാനത്തിന്റെ നിറവിൽ. ആശുപത്രിലെ മാലിന്യ സംസ്കരണത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാ ജീവനക്കാർക്കും നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത് നന്ദി അറിയിച്ചു. എൻ.കെ. അക്ബർ എം.എൽ.എ, മുൻ എം.എൽ.എ കെ.വി. അബ്ദുൽ ഖാദർ എന്നിവരുടെയും ആശുപത്രി സൂപ്രണ്ട് ഡോ. എ. ഷാജ് കുമാർ, മുൻ സൂപ്രണ്ട് ഡോ. പി.കെ. ശ്രീജ എന്നിവരുടെയും സഹകരണവും പ്രയത്നങ്ങളും ആശുപത്രിയുടെ വികസനത്തിന്റെ പിന്നിലെ പ്രധാന ഘടകങ്ങളാണ്. ഖരമാലിന്യ സംസ്കരണ പദ്ധതി അവസാനഘട്ടത്തിലാണെന്നും അവർ പറഞ്ഞു.
താലൂക്കിലെ 16 പഞ്ചായത്തുകളിലെയും ഗുരുവായൂർ, ചാവക്കാട് നഗരസഭകളിലെയും സാധരണക്കാരുടെ ആശ്രയമാണ് ചാവക്കാട് താലൂക്ക് ആശുപത്രി. തീരമേഖലയിലെ സാധാരണക്കാരായ കൂലിത്തൊഴിലാളികളുടെയും കൃഷിക്കാരുടെയും മത്സ്യത്തൊഴിലാളികളുടെയും ചികിത്സക്കായുള്ള പ്രധാന അത്താണിയാണ് ഈ ആതുരാലയം. അസ്ഥിരോഗം, ഇ.എൻ.ടി, സ്ത്രീ രോഗം, ശിശുരോഗം, ജനറൽ സർജറി, ജനറൽ മെഡിസിൻ, ഡെന്റൽ, ഓപ്ത്താൽമോളജി എന്നീ വിഭാഗങ്ങളിലായി സർജറി ഉൾപ്പടെയുള്ള സേവനങ്ങള്‍ നല്കുന്നു. സർക്കാറിന്റെ വിവിധ ഫണ്ടുകള്‍, എം.എൽ.എ ഫണ്ട്, എൻ.എച്ച്.എം ഫണ്ട്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് തുടങ്ങിയവ ഉപയോഗിച്ച് വലിയ വികസനമാണ് സമീപ കാലങ്ങളിലായി ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നടന്നത്.
മികച്ച രീതിയിലുള്ള അത്യാധുനിക പ്രസവ ശുശ്രൂഷാ സമുച്ചയം, ആരോഗ്യ വകുപ്പിന്റെ പ്ലാൻ ഫണ്ട് 2.46 കോടി ചെലവഴിച്ച് തുറന്ന് നല്‍കിയതോടെ പ്രസവ ചികിത്സക്കും കുട്ടികളുടെ ചികിത്സക്കുമായി സ്വകാര്യ ആശുപത്രികളെ മാത്രം ആശ്രയിച്ചിരുന്ന നൂറ് കണക്കിനാളുകള്‍ക്ക് ആശ്വാസമായി. ഈ കെട്ടിടത്തിനുമുകളിൽ രണ്ട് നിലകളിലായി ആരോഗ്യ വകുപ്പിന്റെ തന്നെ പ്ലാൻ ഫണ്ടായ 3.60 കോടി ഉപയോഗിച്ച് നിർമിച്ച വനിത-ശിശു ശുശ്രൂഷ കേന്ദ്രവും കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പിനായുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള പൊതുജനാരോഗ്യ വിഭാഗവും സേവന സജ്ജമാണ്. എൻ.എച്ച്.എം ഫണ്ടിൽ നിന്ന് ട്രൂനാറ്റ് ലാബ്, സെൻട്രൽ ഓക്സിജൻ സിസ്റ്റം, പവർ ലോൺ ട്രി എന്നിവ യാഥാർഥ്യമാക്കാനായതും ആശുപത്രിയുടെ സേവനം കാര്യക്ഷമമാക്കാന്‍ സഹായകമായി. കോവിഡ് ഐ.ടി.യു, ഒ.പി കാത്തിരുപ്പ് കേന്ദ്രം, എട്ട് ഡയാലിസിസ് ബെഡുകൾ ആധുനീക മെഷീൻ അടക്കമുള്ള ഡയാലിസിസ് സെന്റർ, ജല ശുദ്ധീകരണ പ്ലാന്റ്, ഫുള്ളി ഓട്ടോമാറ്റിക് അനലൈസർ, തൈറോയ്ഡ് ടെസ്റ്റ് മെഷീൻ എന്നിവ സ്ഥാപിച്ച് 24 മണിക്കൂറും സേവനം നൽകുന്ന മികച്ച ലാബ്, ഫിസിയോ തെറാപ്പി യൂനിറ്റ്, ദ്രവ മാലിന്യ പ്ലാന്റ് എന്നിങ്ങനെ മികച്ച സൗകര്യങ്ങളുള്ള ഏതൊരു സ്വകാര്യ ആശുപത്രിയോടും കിടപിടിക്കുന്നതാണ് ചാവക്കാട് താലൂക്കാശുപത്രി. വൈദ്യുതി തടസ്സം ഒഴിവാക്കുന്നതിനായി സോളാര്‍ പ്ലാന്റും ജനറേറ്ററുകളും പ്രവര്‍ത്തിപ്പിക്കുന്ന സര്‍ക്കാര്‍ ആശുപത്രിയാണിത്.
ആദ്യഘട്ടത്തില്‍ എം.എല്‍.എയായിരുന്ന കെ.വി. അബ്ദുൽഖാദറും നിലവിലെ എം.എൽ.എ എന്‍.കെ. അക്ബറും മികച്ച പിന്തുണയാണ് ആശുപത്രിയെ മികവുറ്റതാക്കാന്‍ നല്‍കിയതെന്ന് നഗരസഭ ചെയർപെഴ്സൻ ഷീജ പ്രശാന്ത് പറഞ്ഞു. നബാര്‍ഡ് സഹായത്തോടെ 10.62 കോടി ചെലവഴിച്ച് പുതിയ കാഷ്വാലിറ്റി ക്ലിനിക്ക് കൂടി യാഥാർഥ്യമാക്കുന്നതോടെ സംസ്ഥാനത്തെ തന്നെ മികച്ച ആശുപത്രിയാകാന്‍ ചാവക്കാട് താലൂക്കാശുപത്രിക്ക് കഴിയുമെന്നും അവർ പറഞ്ഞു.
ചാവക്കാട്: ശുചിത്വത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലന്ന് ചാവക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ. ഷാജ് കുമാർ. ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറാവാത്തതാണ് പുരസ്കാരം ലഭിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. താൻ മാത്രമല്ല, മുൻ സൂപ്രണ്ട് ഡോ. പി.കെ. ശ്രീജ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരും ജീവനക്കാരും നഗരസഭ ഭരണ നേതൃത്വവും എൻ.കെ. അക്ബർ എം.എൽ.എ ഉൾപ്പടെയുള്ള ജനപ്രതിനിധികളും ആശുപത്രി മാനേജ്മെൻറും ഒത്തൊരുമിച്ചു പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ പുരസ്കാരം ചാവക്കാടിന് ലഭിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനി സ്വദേശിയായ ഡോ. ഷാജ് കുമാർ നേരത്തെ പൊന്നാനി താലൂക്ക് ആശുപത്രി സൂപ്രണ്ടായിരുന്നു. പൊന്നാനി ആശുപത്രിക്ക് തുടർച്ചയായ മൂന്ന് വർഷമാണ് മികച്ച ആശുപത്രിക്കുള്ള കായ കൽപ്പ് പുരസ്കാരം ലഭിച്ചത്.
കുന്നംകുളം: 2023-24 വര്‍ഷത്തിലെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡില്‍ കുന്നംകുളം നഗരസഭ പോര്‍ക്കളേങ്ങാട് അര്‍ബന്‍ പി.എച്ച്.സിക്ക് ജില്ല തലത്തില്‍ രണ്ടു ലക്ഷം രൂപയുടെ പുരസ്കാരം. ആരോഗ്യ മന്ത്രി വീണ ജോർജാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്. പുരസ്കാര പട്ടികയില്‍ വിവിധ മേഖലകളിലെ രണ്ടാം ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തിയാണ് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പോര്‍ക്കളേങ്ങാട് 94.22 ശതമാനം മാര്‍ക്ക് നേടിയത്. പോര്‍ക്കളേങ്ങാട് അര്‍ബന്‍ പി.എച്ച്.സി മുമ്പും ഈ അവാര്‍ഡ് നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.