ചാവക്കാട്: കടപ്പുറത്ത് വേലിയേറ്റം ശക്തമായി കരയിലേക്ക് തിരയടിച്ച് കയറുമ്പോഴും അപകടമറിയാതെ സന്ദർശകർ കടലിലേക്കിറങ്ങുന്നത് പതിവാകുന്നു. ബ്ലാങ്ങാട്, മന്ദലാംകുന്ന്, പെരിയമ്പലം ബീച്ചുകളിലാണ് സന്ദർശകർ എല്ലാ വിലക്കുകളും ലംഘിച്ച് കടലിലേക്കിറങ്ങുന്നത്. ജില്ലയുടെ കിഴക്കൻ മേഖലയിലുള്ളവരും പാലക്കാട് ജില്ലക്കാരുമാണ് കൂടുതലായെത്തുന്ന സന്ദർശകർ. ബ്ലാങ്ങാട് ബീച്ചിലാണെങ്കിൽ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന പല ദേശക്കാരും ധാരാളമെത്തുന്നുണ്ട്. കടലിലിറങ്ങരുതെന്ന് ബോർഡ് വെച്ചിട്ടുണ്ടെങ്കിലും ആരും ഗൗനിക്കാറില്ല. ബ്ലാങ്ങാട് ഒഴിച്ച് മറ്റൊരിടത്തും സന്ദർശകരെ പേരിനെങ്കിലും നിയന്ത്രിക്കാനാരുമില്ല. ചില ദിവസങ്ങളിൽ കടപ്പുറം മുനക്കക്കടവ് തീരദേശ പൊലീസ് സ്റ്റേഷനിലിൽ നിന്നുള്ള രണ്ട് പൊലീസുകാർ കുറച്ച് നേരം സാന്നിധ്യം അറിയിക്കാറുണ്ട്. ബ്ലാങ്ങാട് ബീച്ചിൽ ടൂറിസം വകുപ്പിന്റെ കീഴിലുള്ള രണ്ട് ലൈഫ് ഗാർഡുകൾ രാവിലെ മുതൽ വെയിലും കൊണ്ട് സന്ദർശകരെ വിലക്കുന്നുണ്ടെങ്കിലും ആരും ഇവരെ വകവെക്കുന്നില്ല. ഇവരുടെ മുന്നറിയിപ്പ് കേട്ട് പലരും കുറേയകലെ പോയി കുളിക്കുന്ന കാഴ്ചയാണ് പിന്നീട്. ഇത്തരത്തിൽ രണ്ട് പേരാണ് ആഴ്ചകൾക്ക് മുമ്പ് അപകടത്തിൽ പെട്ടത്. ഒരാൾക്ക് ജീവഹാനിയും സംഭവിച്ചു. എന്നിട്ടും കുട്ടികളെ പോലും കടലിലേക്കിറക്കുകയാണ് വരുന്നവർ. സന്ദർശകർ കടലിൽ ഇറങ്ങുന്നത് തടയാൻ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.