മാള: ചാലക്കുടിപ്പുഴയിൽനിന്ന് പമ്പ് ചെയ്യുന്ന കുടിവെള്ളത്തിന് നിറംമാറ്റം. പൊയ്യ പഞ്ചായത്തിലാണ് നിറം മാറി കുടിവെള്ളമെത്തിയത്. കഴിഞ്ഞ ദിവസം മുതൽ നിറം മാറ്റം കാണുന്നുണ്ടെങ്കിലും തിങ്കളാഴ്ചയാണ് രൂക്ഷമായത്. മാളയിൽ കടുത്ത കുടിവെള്ളക്ഷാമം തുടരുന്നതിനിെടയാണ് സംഭവം.
വേനൽ കനക്കുന്നതോടെ പ്രദേശത്തെ കിണറുകൾ വറ്റിവരളും. സാങ്കേതികത്വം പറഞ്ഞ് വെള്ളം അളവിന് മാത്രം കൊടുക്കൂ എന്ന സമീപനമാണ് അധികൃതർ സ്വീകരിക്കുന്നത്. ജലനിധിയും വാട്ടർ അതോറിറ്റിയും പരസ്പരം കുറ്റപ്പെടുത്തി ഒഴിഞ്ഞുമാറുകയാണെന്ന് പരാതി ഉയർന്നിട്ടുണ്ട്. ജലനിധി പദ്ധതിയിൽ പഞ്ചായത്തിന്റെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം എത്തുന്നില്ല.
കൊടവത്തുകുന്ന് ടാങ്കിൽ ആവശ്യത്തിന് കുടിവെള്ളം ശുദ്ധീകരിച്ച് എത്തിക്കുന്നതിന്റെ പോരായ്മ മൂലമാണ് വിതരണത്തിന് തടസ്സം നേരിടുന്നതിന് കാരണമെന്ന് അഭിപ്രായമുണ്ട്. വൈന്തലവാട്ടർ അതോറിറ്റിയുടെ പമ്പിങ് കേന്ദ്രത്തിൽനിന്ന് ശുദ്ധീകരിച്ച ജലം ടാങ്കിലേക്ക് വരുന്നതിന് നടപടി സ്വീകരിക്കണം.
സമയാസമയങ്ങളിൽ ജലനിധി ഉപഭോക്താക്കളിൽനിന്ന് പണം സ്വീകരിക്കുന്നുണ്ട്. കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സമരത്തിനൊരുങ്ങുകയാണ്. ജലനിധി, വാട്ടർ അതോറിറ്റി, പഞ്ചായത്ത് ഏകോപനമില്ലായ്മയാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഇവർ പറയുന്നു. പ്രശ്നപരിഹാരത്തിന്ന് വി.ആർ. സുനിൽ കുമാർ എം.എൽ.എ ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.