അതിരപ്പിള്ളി: വാഴച്ചാൽ ചെക്ക്പോസ്റ്റിൽ ഷോളയാർ ഭാഗത്തേക്കള്ള യാത്രക്കാരെ വനപാലകർ തടയുന്നതായി പരാതി. സമീപകാലത്തായി ഉയർന്നു വന്നിട്ടുള്ള വനപാലകരുടെ വികലനയം മൂലം പ്രദേശവാസികളും വിനോദ സഞ്ചാരികളും ബുദ്ധിമുട്ടിലാവുന്നത് പതിവായി. വാഴച്ചാൽ ഡി.എഫ്.ഒയുടെ കീഴിൽവരുന്ന വനപാലകരാണ് യാത്രക്കാർക്കെതിരെ നിയമ വിരുദ്ധമായി യാത്രക്ക് തടയിടുന്നത്. ഇതു മൂലം വളരെ പ്രതീക്ഷയോടെ ദൂരെ നിന്ന് വിനോദ സഞ്ചാര മേഖലയിലെത്തുന്ന നിരവധി പേർ ദുരിതം അനുഭവിക്കുകയാണ്. പെരിങ്ങൽക്കുത്ത്, ഷോളയാർ മേഖലയിലേക്ക് പോകുന്നവരാണ് വാഴച്ചാൽ ചെക്ക് പോസ്റ്റിൽ തടയപ്പെടുന്നത്. വനപാലകരുടെ ഇത്തരം ജനവിരുദ്ധമായ നടപടികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് പരാതി.
വാഴച്ചാൽ ചെക്ക് പോസ്റ്റ് മുതൽ മലക്കപ്പാറ ചെക്ക് പോസ്റ്റ് വരെയുള്ള ഗതാഗതം വനനിയമങ്ങളുടെ അടിസ്ഥാനത്തിൽ രാത്രി യാത്രക്ക് നിയന്ത്രണമുണ്ട്. വൈകീട്ട് ആറു മുതൽ രാവിലെ ആറുവരെ ഇതുവഴി യാത്രക്കാരെയും അവരുടെ വാഹനങ്ങളെയും കടത്തി വിടില്ല. എന്നാൽ, പുളിയിലപ്പാറ, പെരിങ്ങൽ ഭാഗത്തെ പ്രദേശവാസികൾക്ക് ഇക്കാര്യത്തിൽ ഇളവുകൾ അനുവദിക്കണമെന്നുണ്ട്. കർശനക്കാരായ വനപാലകരുമായി പ്രദേശവാസികൾ ചെക്ക് പോസ്റ്റ് കടത്തിവിടുന്നതിനെ ചൊല്ലി തർക്കങ്ങൾ ഏറെ ഉണ്ടാവാറുണ്ട്. എന്നാൽ, രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ എല്ലാവർക്കും ഇതുവഴി പോകാനുള്ള അവകാശമുണ്ട്. എന്നാൽ, മദ്യമടക്കമുള്ള എന്തെങ്കിലും കാര്യങ്ങൾ നിയമവിരുദ്ധമായി വാഹനങ്ങളിൽ കടത്തിക്കൊണ്ട് പോകുന്നത് തടയാൻ പരിശോധിക്കാൻ വനപാലകർക്ക് അധികാരമുണ്ട്. എന്നാൽ, ഇതിന്റെ മറവിൽ വനപാലകർ യാത്രക്കാരുടെ യാത്ര നിഷേധിക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നതായാണ് പരാതി.
വാൽപ്പാറ, മലക്കപ്പാറ എന്നിവിടങ്ങളിലേക്ക് നേരിട്ട് പോകുന്നവരെ മാത്രമാണ് ചെക്ക് പോസ്റ്റിൽ കടത്തി വിടുന്നത്. അതിന് ഇടയിലുള്ള പുളിയിലപ്പാറ, പെരിങ്ങൽക്കുത്ത്, അമ്പലപ്പാറ, ഷോളയാർ ഭാഗത്തേക്ക് പോകുന്നവരെ മിക്കവാറും തടയുകയാണ്. ദൂരെനിന്ന് വരുന്ന പലരും പരാതികൾ നൽകാനും നിയമപ്രശ്നങ്ങൾക്ക് പിന്നാലെ പോകാനുള്ള വൈമുഖ്യവും കാരണം തിരിച്ചു പോവുകയാണ്. വനപാലകരുടെ ഇത്തരം കർശനമായ നിലപാടിൽ മടുത്ത് വിനോദ സഞ്ചാരികൾ ഈ മേഖലയെ തന്നെ ഒഴിവാക്കുന്നു. ഇത് അതിരപ്പിള്ളി ടൂറിസം മേഖലയിലെ കച്ചവടക്കാരടക്കം ഉപജീവനം നടത്തുന്നവർക്ക് തിരിച്ചടിയാവുകയാണ്. എം.പിയും എം.എൽ.എയും ഈ പ്രശ്നത്തിൽ ഇടപെടണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.