തൃശൂർ: ഹൈകോടതി ഉത്തരവിനെ തുടർന്ന് കരാറുകാരന് പ്രവൃത്തികൾക്കായി ബിനി ടൂറിസ്റ്റ് ഹോം അനുവദിച്ചത് വീണ്ടും വിവാദത്തിൽ. ടൂറിസ്റ്റ് ഹോം കരാർ നടപടികളിൽ ക്രമക്കേട് കണ്ടെത്തി പ്രവൃത്തികൾ സ്റ്റേ ചെയ്ത് തദ്ദേശ ഓംബുഡ്സ്മാൻ ഉത്തരവ് നിലനിൽക്കെ കരാറുകാരന് വീണ്ടും അനുവദിച്ചത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി സെക്രട്ടറിക്ക് പരാതിയെത്ത്. ഓംബുഡ്സ്മാനെ സമീപിച്ച ഹരജിക്കാരൻ തന്നെയാണ് സെക്രട്ടറിക്ക് കത്ത് നൽകിയത്.
ഉത്തരവ് നിലനിൽക്കെ, ലംഘിച്ച് കരാറുകാരന് പ്രവൃത്തികൾക്കായി അനുവദിച്ചത് ഓംബുഡ്സ്മാനെ അറിയിക്കുമെന്നും കത്തിൽ വ്യക്തമാക്കുന്നു. ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കിടയാക്കിയ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ബിനി ടൂറിസ്റ്റ് ഹോം ടെണ്ടർ നടപടികൾ ചോദ്യം ചെയ്തും മുനിസിപ്പൽ കൗൺസിൽ തീരുമാനങ്ങളെ ചോദ്യം ചെയ്തും പഴയ ലൈസൻസി ഓമന അശോകനും ബി.ജെ.പി, കോൺഗ്രസ് കൗൺസിലർമാരും നൽകിയ ഹരജികൾ ഹൈകോടതി സിംഗിൾ ബെഞ്ച് തള്ളിയാണ് നിലവിലെ കരാറുകാരൻ ജനീഷിന് തന്നെ അനുവദിച്ച് ഉത്തരവിട്ടത്.
എന്നാൽ ഇക്കഴിഞ്ഞ ഒമ്പതിനാണ് നടപടികളിൽ പ്രഥമദൃഷ്ട്യാ ദുരൂഹത പ്രകടമെന്ന് നിരീക്ഷിച്ച് ബിനി ടൂറിസ്റ്റ്ഹോം കൈമാറ്റം ഓംബുഡ്സ്മാൻ തടഞ്ഞ് ഉത്തരവിട്ടിരുന്നത്. അഡ്വ. പ്രമോദിന്റെ പരാതിയിലായിരുന്നു ഓംബുഡ്സ്മാന്റെ നടപടി. ടെൻഡർ നടപടിയിൽ വലിയ ക്രമക്കേട് നടന്നതായി ഓംബുഡ്സ്മാൻ നിരീക്ഷിച്ചു. ടെൻഡർ പ്രകാരം കോർപറേഷനിൽ കെട്ടി വെക്കേണ്ട തുക മേയർ കൗൺസിലിന്റെ അംഗീകാരമില്ലാതെ കരാറുകാരന് തവണകളായി അടക്കാനുള്ള അവസരം ഒരുക്കിക്കൊടുത്തു. മുനിസിപ്പൽ ആക്ട് പ്രകാരം മേയർ തന്റെ അധികാരപരിധി ലംഘിച്ചതായും ടെൻഡർ ലഭിച്ചിട്ടും കരാറുകാരൻ മൂന്ന് മാസം കഴിഞ്ഞാണ് മുഴുവൻ തുകയും അടച്ചത്. ഇത് നിയമലംഘനമാണ്.
ടെൻഡർ വ്യവസ്ഥകൾ പ്രകാരം നൽകേണ്ട ബാങ്ക് ഗാരന്റി കരാറുകാരൻ കോർപറേഷനിൽ നൽകിയിട്ടില്ല. ടെൻഡറിൽ പങ്കെടുത്ത വ്യക്തിക്ക് പകരം മറ്റൊരു കമ്പനി പണം അടച്ചതിലും ക്രമക്കേടുണ്ട്. ടെൻഡറും തുടർ നടപടികളും സംശയമുണ്ടാക്കുന്നതാണെന്നും റസ്റ്റ്ഹൗസിന്റെ സൂക്ഷിപ്പുകാരനായ കോർപ്പറേഷൻ സെക്രട്ടറിയും നടപടികളിൽ ഗുരുതരമായ വീഴ്ച വരുത്തി. ഇരുവിഭാഗവും തമ്മിൽ കരാർ ഒപ്പിടും മുമ്പേ സെക്രട്ടറി കരാറുകാരന് റസ്റ്റ് ഹൗസിന്റെ താക്കോൽ കൈമാറി, റസ്റ്റ്ഹൗസ് കെട്ടിടം അനധികൃതമായി പൊളിക്കുന്നതിന് കരാറുകാരന് ഈ നടപടി സഹായകമായതായും പരാതിയിൽ പറയുന്നു.
പ്രാഥമിക വാദം കേട്ടും രേഖകൾ പരിശോധിച്ചുമാണ് നടപടികളിൽ അസ്വാഭാവികതയുണ്ടെന്ന് ഓംബുഡ്സ്മാനെത്തിയത്. തുടർന്നായിരുന്നു കൈമാറ്റ നടപടികൾ തടഞ്ഞത്. കേസ് വീണ്ടും 2024 ഫെബ്രുവരി ഒമ്പതിന് പരിഗണിക്കാനിരിക്കുകയാണ്. പുതുവർഷത്തിൽ തുറന്ന് പ്രവർത്തിപ്പിക്കാനെന്ന നിലയിൽ രാപ്പകൽ ഭേദമില്ലാതെ പ്രവൃത്തികൾ പുരോഗമിക്കുകയാണ് ബിനിയിൽ. ഇതിനിടയിലാണ് ഓംബുഡ്സ്മാൻ സ്റ്റേ ഉത്തരവ് ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യം വ്യക്തമാക്കി സെക്രട്ടറിക്ക് വീണ്ടും പരാതി നൽകിയിരിക്കുന്നത്. ഹൈകോടതി നിർദേശിച്ച വ്യവസ്ഥകളും കരാറുകാരൻ പാലിച്ചിട്ടില്ലെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. മാത്രവുമല്ല, ഓംബുഡ്സ്മാൻ സ്റ്റേ ഉത്തരവ് നീക്കാൻ ഇതുവരെയും കോർപറേഷനോ കരാറുകാരനോ അപ്പീൽ നൽകിയിട്ടില്ല.
ബിനി ടൂറിസ്റ്റ് ഹോം കരാർ വിവാദം കൗൺസിലിലും പുറത്തും സി.പി.എമ്മിനെതിരെ കോൺഗ്രസും ബി.ജെ.പിയും വൻ പ്രതിഷേധങ്ങളുയർത്തിയിരുന്നുവെങ്കിലും സിംഗിൾ ബെഞ്ച് ഉത്തരവോടെ ഇതെല്ലാം അവസാനിച്ചിരുന്നു. ഇതോടെ വീണ്ടും വിഷയം ചൂടുപിടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.