തൃശൂർ: തൃശൂർ-കൊടുങ്ങല്ലൂർ റൂട്ടിൽ തൃശൂർ-ബണ്ട് റോഡ് മേഖലയിൽ ബസ് യാത്ര നിരക്ക് വർധിപ്പിച്ചു. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി അധിക ദൂരം സർവിസ് നടത്തുന്നതിന് ഒരു ഫെയർ സ്റ്റേജാണ് ആർ.ടി.ഒ വർധിപ്പിച്ചത്. തൃശൂരിൽനിന്ന് കൊടുങ്ങല്ലൂരിലേക്കുള്ള റൂട്ടിലാണ് വർധന.
ഒരു ഫെയർ സ്റ്റേജിൽ മൂന്നുരൂപ കൂടുന്നതോടെ നിലവിൽ 45 രൂപയുള്ളത് 48 രൂപയാവും. വർധിപ്പിച്ച നിരക്ക് മാർച്ച് ഒന്നു മുതൽ പ്രാബല്യത്തിൽ വരും. നിർമാണ പ്രവർത്തനം നടക്കുന്ന സമയത്ത് മാത്രമാണ് ഈ നിരക്ക് ബാധകം. കൂർക്കഞ്ചേരി-കൊടുങ്ങല്ലൂർ റൂട്ടിൽ കോൺക്രീറ്റ് പ്രവൃത്തി നടക്കുന്നതിനാൽ കൂർക്കഞ്ചേരിയിൽനിന്ന് തിരിഞ്ഞ് ആൽത്തറ ജങ്ഷൻ, ബണ്ട് റോഡ്, ചിയാരം മഠം, കണിമംഗലം പാലം വഴി പാലക്കൽ എത്തിയാണ് തൃശൂർ-കൊടുങ്ങല്ലൂർ, തൃശൂർ-തൃപ്രയാർ റൂട്ടിലെ ബസുകൾ സർവിസ് നടത്തുക.
മൂന്നര കിലോമീറ്റർ അധികം ഓടുന്നതിനാൽ രണ്ടു ഫെയർസ്റ്റേജ് വർധിപ്പിക്കാൻ ബസ് ഉടമകൾ അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയിലാണ് ഒരു ഫെയർ സ്റ്റേജ് വർധിപ്പിച്ച് ആർ.ടി.ഒ തീരുമാനമെടുത്തത്. പാലക്കൽ മുതൽ നേരത്തേയുള്ള നിരക്ക് തന്നെയാണ് നൽകേണ്ടത്. ആർ.ടി.ഒ തീരുമാനത്തെ ബസുടമകൾ സ്വാഗതം ചെയ്തു.
അതേസമയം, ഇരിങ്ങാലക്കുട-കൊടുങ്ങല്ലൂർ റൂട്ടിൽ അണ്ടാണിക്കുളത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ബ്ലോക്ക് ജങ്ഷനിൽ എത്തിയാണ് ബസുകൾ സർവിസ് നടത്തുന്നത്. ഈ റൂട്ടിൽ സർവിസ് നടത്തുന്ന ബസുകൾ കൂടുതൽ ദൂരം ഓടുന്നുണ്ടെങ്കിലും പഴയ നിരക്കിൽ തന്നെ സർവിസ് തുടരും.
കണിമംഗലം മുതൽ കൂർക്കഞ്ചേരി വരെ കോൺക്രീറ്റ് പ്രവൃത്തി പുരോഗമിക്കുകയാണ്. ഒരുഭാഗം മുഴുവൻ ടാർ ഇളക്കി കോൺക്രീറ്റിന് സജ്ജമാക്കുന്ന പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.