തൃശൂർ: തൃശൂർ ജില്ലയിലെ കോൺഗ്രസ് ഗ്രൂപ് പോര് തെരുവിലെ തമ്മിലടിയിൽ കലാശിച്ചു. അടിയേറ്റ് പരിക്കേറ്റ ഡി.സി.സി ജനറൽ സെക്രട്ടറി കൂടിയായ ദലിത് നേതാവിനെ തൃശൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു. മുതിർന്ന നേതാവും മുൻ മന്ത്രിയുമായിരുന്ന സി.എൻ. ബാലകൃഷ്ണൻ അനുസ്മരണ ചടങ്ങ് അവണൂർ പഞ്ചായത്തിൽ ചേരിതിരിഞ്ഞ് സംഘടിപ്പിച്ചതാണ് തമ്മിലടിയിൽ കലാശിച്ചത്.
ഡി.സി.സി ജനറൽ സെക്രട്ടറി എം.എ. രാമകൃഷ്ണനെയാണ് നേതാക്കളും പ്രവർത്തകരും മർദിച്ചത്. കണ്ണിന് പരിക്കേറ്റതായി രാമകൃഷ്ണൻ പറഞ്ഞു. അവണൂർ വരടിയം സെന്ററിൽ 97, 99 ബൂത്തുകളുടെ നേതൃത്വത്തിൽ എം.എ. രാമകൃഷ്ണന്റെയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹിയും മുൻ യൂത്ത് കോൺഗ്രസ് നേതാവുമായ ലിന്റോ വരടിയത്തിന്റെയും നേതൃത്വത്തിലാണ് സാധാരണ സി.എൻ അനുസ്മരണം നടക്കാറുള്ളത്.
ഇത്തവണയും ഇരു ബൂത്തുകളും സംയുക്തമായി രാമകൃഷ്ണന്റെയും ലിന്റോയുടെയും നേതൃത്വത്തിൽ വരടിയം സെന്ററിലെ കൊടിമരത്തിന് സമീപം രാവിലെ ഏഴരയോടെ സി.എന്നിന്റെ ബോർഡ് വെച്ചും നിലവിളക്ക് കൊളുത്തിയും പുഷ്പാർച്ചന നടത്തിയും ആചരിച്ചു. എട്ടരയോടെ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ അനുസ്മരണത്തിനായി ബോർഡും നിലവിളക്കും പുഷ്പങ്ങളുമായി പ്രസിഡന്റ് പി.വി. ബിജുവിന്റെ നേതൃത്വത്തിൽ നേതാക്കളെത്തി.
അവിടെ ബോർഡും പുഷ്പാർച്ചനയും കണ്ടതോടെ ഇത് എടുത്തുകളഞ്ഞ് മണ്ഡലം കമ്മിറ്റിയുടെ ബോർഡ് വെച്ചു. തുടർന്ന് രാമകൃഷ്ണന്റെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും തിരികെയെത്തിയതോടെ തർക്കവും കയ്യാങ്കളിയുമാവുകയായിരുന്നു. ഇതിനിടയിലാണ് രാമകൃഷ്ണനെ മർദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്നുണ്ടെങ്കിൽ നേരത്തെ അറിയിച്ചാൽ മതിയായിരുന്നെന്നും പാർട്ടിയെ അപമാനിക്കാനും തന്നെ ആക്രമിക്കാനും ബോധപൂർവം നടത്തിയതാണ് ഈ നീക്കമെന്നും രാമകൃഷ്ണൻ ആരോപിച്ചു.
എന്നാൽ, മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിലാണ് അനുസ്മരണം നടത്താറുള്ളതെന്നും ഇത്തവണ വരടിയത്ത് നടത്താൻ തീരുമാനിച്ചിരുന്നെന്നും മണ്ഡലം പ്രസിഡൻറ് പി.വി ബിജു പറഞ്ഞു.നിശ്ചയിച്ച സമയത്തിന് മുമ്പെത്തി ബോർഡ് സ്ഥാപിച്ചും പുഷ്പാർച്ചന നടത്തിയും മണ്ഡലം പരിപാടിയെ തകർക്കാൻ ഒരു വിഭാഗം ശ്രമിക്കുകയായിരുന്നെന്നാണ് മണ്ഡലം കമ്മിറ്റിയുടെ ആരോപണം.
നേരത്തെ കരുവന്നൂർ കള്ളപ്പണക്കേസിൽ അറസ്റ്റിലായ പലിശക്കാരൻ സതീഷ് കുമാറുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് കണ്ടെത്തിയ കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്തിനെതിരെ കെ.പി.സി.സിക്കും ഡി.സി.സി നേതൃത്വത്തിനും കത്ത് നൽകിയിരുന്ന സംഘത്തിലെ പ്രധാനിയാണ് ഡി.സി.സി ജനറൽ സെക്രട്ടറി കൂടിയായ എം.എ രാമകൃഷ്ണൻ. മണ്ഡലം കമ്മിറ്റിയുടെ അനുസ്മരണം ഉദ്ഘാടനം ചെയ്തത് രാജേന്ദ്രൻ അരങ്ങത്താണ്.
രാമകൃഷ്ണന്റെ പരാതിയിലാണ് പേരാമംഗലം പൊലീസ് കേസെടുത്തത്. ഡി.സി.സിക്കും കെ.പി.സി.സിക്കും പരാതി നൽകിയതായും രാമകൃഷ്ണൻ പറഞ്ഞു. ഒരു വർഷത്തിലധികമായി പരിപാടികളുമായി നിസഹകരിക്കുകയും പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നതിനെതിരെ നിരവധി തവണ പരാതി നൽകിയിട്ടും രാമകൃഷ്ണനെതിരെ നടപടിയെടുക്കാതെ ഡി.സി.സി നേതൃത്വം സംരക്ഷിക്കുകയാണെന്നാണ് മണ്ഡലം കമ്മിറ്റി ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.