തൃശൂര്‍: കോര്‍പറേഷനിലെ എൽ.ഡി.എഫ് ഭരണസമിതിക്കെതിരെ അവിശ്വാസത്തിന് കോൺഗ്രസ് നോട്ടീസ്. ഇതുസംബന്ധിച്ച കത്ത് ഡി.സി.സി ജനറൽ സെക്രട്ടറിയും പ്രതിപക്ഷ കക്ഷി നേതാവുമായ രാജൻ പല്ലന്‍റെ നേതൃത്വത്തിൽ കലക്ടര്‍ ഹരിത വി. കുമാറിന് കൈമാറി.
ഡി.സി.സി ഓഫിസില്‍ ചേര്‍ന്ന കൗൺസിലർമാരുടെയും ഡി.സി.സി ഭാരവാഹികളുടെയും യോഗത്തിലാണ് അവിശ്വാസത്തിന് തീരുമാനമെടുത്തത്. 55 അംഗ ഭരണസമിതിയിൽ കോൺഗ്രസ് വിമതനായ മേയർ എം.കെ. വർഗീസും സ്വതന്ത്രനായ സി.പി. പോളിയും ഉൾപ്പെടെ 25 പേരാണ് ഇടതുപക്ഷത്തിനുള്ളത്.
കോൺഗ്രസിന് 24ഉം ബി.ജെ.പിക്ക് ആറും അംഗങ്ങളാണുള്ളത്. കേവല ഭൂരിപക്ഷമില്ലാതെ ഇടതുമുന്നണിയുടെ തുടർഭരണമാണ് കോർപറേഷനിൽ.
2015ൽ ഭരണത്തിലേറുമ്പോഴും കേവല ഭൂരിപക്ഷമില്ലാതെ ഭരിച്ച് കാലാവധി പൂർത്തിയാക്കുകയായിരുന്നു. ഇതിനിടയിൽ യു.ഡി.എഫ് പക്ഷത്തുനിന്ന് രണ്ടുപേരെ ഇടത് പാളയത്തിലെത്തിക്കുകയും ചെയ്തു.
2020ലെ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്തർക്കത്തെ തുടർന്നായിരുന്നു നെട്ടിശേരിയിൽ എം.കെ. വർഗീസ് കോൺഗ്രസ് വിമതനായി മത്സരിച്ചത്. ഔദ്യോഗിക സ്ഥാനാർഥി ഇവിടെ പരാജയപ്പെടുകയും ചെയ്തു. ഫലപ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ ഇടത് നേതൃത്വം വർഗീസുമായി ചർച്ച നടത്തി കൂടെ നിർത്തുകയായിരുന്നു. സുപ്രധാനമായ മേയർ പദവിതന്നെ ഇതിനായി സി.പി.എം നേതൃത്വം വിട്ടുനൽകി. മൂന്നു വർഷത്തേക്കെന്നാണ് പ്രാഥമിക ധാരണയെങ്കിലും ഭരണം നിലനിർത്താൻ വർഗീസ് വേണമെന്നതിനാൽ ഭരണകാലാവധി പൂർണമായും വിട്ടുനൽകാനും ഇടത് നേതൃത്വം സന്നദ്ധമായേക്കും.
അതേസമയം, മേയറുടെ വ്യക്തിപരമായ പല നിലപാടുകളും വിവാദങ്ങളുണ്ടാക്കുന്നതും ഇടതുപക്ഷ നിലപാടുകളുമായി ചേർന്നുനിൽക്കാത്തതുമാണെന്നത് സി.പി.എമ്മിനും ഇടത് നേതാക്കൾക്കും അസംതൃപ്തിയുണ്ട്. പൊലീസ് സല്യൂട്ട് ഉൾപ്പെടെയുള്ളതിൽ മേയറെ ഓഫിസിലേക്ക് വിളിപ്പിച്ച് നിർദേശം നൽകേണ്ട സാഹചര്യമുണ്ടായിരുന്നു.
തിരുവില്വാമലയിൽ കോൺഗ്രസിനൊപ്പം കൂടി ഭരണത്തെ അട്ടിമറിച്ചതിന് പ്രതികാരം വീട്ടാൻ കാത്തിരിക്കുന്ന ബി.ജെ.പി കോർപറേഷനിൽ അവിശ്വാസത്തെ പിന്തുണച്ചാൽ ഇടതുപക്ഷത്തിന് ഭരണം നഷ്ടമാകും.
എന്നാൽ, കോൺഗ്രസിന് ഭരണം പിടിക്കണമെങ്കിൽ ഇപ്പോൾ ഇടതുപക്ഷത്തിനൊപ്പമുള്ള രണ്ടുപേരെ സ്വന്തം പാളയത്തിലെത്തിക്കണം. ഈ നീക്കം വിജയിക്കുമോയെന്നതാണ് കാത്തിരിക്കാനുള്ളത്.
അതോടൊപ്പം ബി.ജെ.പിയുമായി കൂട്ടുകൂടുന്നത് വലിയ ചർച്ചക്കിടയാക്കുമെന്നതും ഒരു വിഭാഗം നേതാക്കൾ അവിശ്വാസ നിലപാടിനോട് വിയോജിക്കുന്നവരാണ്. യു.ഡി.എഫിന്‍റെ അവിശ്വാസ നീക്കം നേരിടാൻ ഇടതുപക്ഷവും നീക്കങ്ങളാരംഭിച്ചു.
തൃശൂർ: അവിശ്വാസ നീക്കവുമായി പ്രതിപക്ഷം സജീവമായി നീങ്ങുമ്പോൾ മേയർ എം.കെ. വർഗീസ് കോർപറേഷൻ വികസന പദ്ധതികളുമായി ഡൽഹിയിൽ. വൈദ്യുതോൽപാദന മേഖലയിൽ കോർപറേഷൻ ഏറ്റെടുക്കുന്ന 136 കോടിയുടെ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ഊർജമന്ത്രാലയവുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് മേയർ ഡൽഹിയിലെത്തിയിരിക്കുന്നത്. സി.പി.എം നേതാവും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ വർഗീസ് കണ്ടംകുളത്തിയും മേയർക്കൊപ്പമുണ്ട്.
സംസ്ഥാനത്ത് വൈദ്യുതി വിതരണത്തിന് അധികാരമുള്ള ഏക തദ്ദേശ സ്ഥാപനമാണ് തൃശൂർ കോർപറേഷൻ. പുതിയ പദ്ധതിക്ക് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഫയലിൽ ഒപ്പുവെച്ചതോടെ അംഗീകാരമായി. ഡൽഹി ചർച്ചകൾക്കു ശേഷം വെള്ളിയാഴ്ചയേ മേയർ തിരികെയെത്തൂ. അവിശ്വാസവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്‍റേത് അവരുടെ കാര്യങ്ങളാണെന്നാണ് മേയറുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.