തൃശൂർ: മണ്ണുത്തി ഡോണ്‍ബോസ്കോ സ്കൂളിന് മുന്നില്‍ ദേശീയപാതക്കു കുറുകെ നടപ്പാത നിർമിക്കുന്നതുമായി ബന്ധപ്പെട്ട് റവന്യു മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. നിർമാണ പ്രവര്‍ത്തികള്‍ക്കുള്ള ടെൻഡര്‍ നടപടി സെപ്റ്റംബര്‍ മാസത്തില്‍തന്നെ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി യോഗത്തില്‍ എന്‍.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടര്‍ക്ക് നിർദേശം നല്കി. സെപ്റ്റംബറില്‍തന്നെ ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മുന്‍ഗണനയില്‍ ഒന്നാമതായെടുത്ത് ഈ അധ്യയന വര്‍ഷം കഴിയുന്നതിന് മുമ്പായി നിർമാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിർദേശം നല്കി.
മണ്ണുത്തി ഡോണ്‍ബോസ്കോ സ്കൂളിന് സമീപം അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മന്ത്രി അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്. ഡോണ്‍ ബോസ്കോ സ്കൂളില്‍ 2500ലധികം വിദ്യാർഥികള്‍ പഠിക്കുന്നുണ്ട്. കുട്ടികള്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ വലിയ പ്രയാസം നേരിടുന്നതായി സ്കൂള്‍ അധികൃതരും കൗണ്‍സിലര്‍മാര്‍മാരും യോഗത്തെ അറിയിച്ചു.
ദേശീയപാതയുടെ ടെൻഡര്‍ നടപടികളിലേക്കുകടന്ന 13 പ്രവൃത്തികളോടൊപ്പം മണ്ണുത്തി ഡോണ്‍ബോസ്കോ സ്കൂളിന് മുന്നില്‍ ദേശീയപാതക്ക് കുറുകെയുള്ള നടപ്പാതയുടെ ടെൻഡര്‍ നടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കി നിര്‍മാണം തുടങ്ങുമെന്ന് എന്‍.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടര്‍ പറഞ്ഞു. കലക്ടറേറ്റ് വിഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഓണ്‍ലൈനായി കലക്ടര്‍ അര്ജുന് പാണ്ഡ്യന്, അസി. കമീഷണര്‍ എന്‍.കെ സലീഷ്, എന്‍.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടര്‍ അൻസിൽ ഹസ്സൻ, ഡെപ്യൂട്ടി കലക്ടര്‍മാരായ യമുനാ ദേവി, ശാന്തകുമാരി, തൃശൂര്‍ തഹസില്‍ദാര്‍ ജയശ്രീ, മണ്ണൂത്തി എസ്.എച്ച്.ഒ എ.കെ. ഷമീര്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.