തൃശൂർ: തൃശൂർ പൂരം പ്രദർശനനഗരിയുടെ വാടകയുമായി ബന്ധപ്പെട്ട വിവാദത്തിന് കാരണമായത് വിഷയം ലോക്കൽ ഫണ്ട് ഓഡിറ്റിലെ നിരീക്ഷണം. വിഷയത്തിൽ ഹൈകോടതിയുടെ അന്തിമ ഉത്തരവ് അടുത്ത ദിവസമുണ്ടായേക്കും. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള തേക്കിൻകാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടിലാണ് പൂര പ്രദർശനം നടക്കുന്നത്.
2,64,000 ചതുരശ്രയടി വിസ്തൃതിയിലുള്ള സ്ഥലം രണ്ട് മാസത്തേക്കാണ് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങൾ മാത്രം സംഘാടകരാവുന്ന പൂരം പ്രദർശന കമ്മിറ്റിക്ക് വാടകക്ക് നൽകുന്നത്.
പ്രദർശനത്തിൽ നിന്ന് കിട്ടുന്ന വരുമാനമാണ് പൂരത്തിന്റെയും ഘടക പൂരങ്ങളുടെയും ചെലവ് നടത്താൻ പ്രധാനമായി ഉപയോഗിക്കുന്നത്. പ്രദർശന കമ്മിറ്റി ഏറ്റെടുത്ത ശേഷമുള്ള 60ാമത് പ്രദർശനമാണ് ഈ വർഷത്തേത്.
തറവാടക വർധനിപ്പിക്കണമെന്നത് സംബന്ധിച്ച് എല്ലാക്കാലത്തും ഉയരാറുണ്ടെങ്കിലും 2016ലെ ഇടത് ഭരണസമിതിയാണ് കാലാനുസൃതമായ വർധനയെന്ന ആവശ്യം ശക്തമാക്കിയത്. മറ്റ് ആവശ്യങ്ങൾക്ക് അനുവദിക്കുന്നത് പോലെയല്ല പൂരം പ്രദർശനമെന്ന വാദമാണ് പൂരം സംഘാടകർ ഉയർത്തുന്നത്. എന്നാൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ ലോക്കൽ ഓഡിറ്റിങ് നടന്നപ്പോഴുണ്ടായ നിരീക്ഷണമാണ് വിഷയം കോടതി കയറ്റിയത്.
ബോർഡിന് വരുമാന നഷ്ടമുണ്ടാക്കുന്നുവെന്നത് ഗൗരവകരമാണെന്നാണ് കണ്ടെത്തൽ. ഇതാണ് ബോർഡിനെയും പൂരം സംഘാടകരെയും കുഴപ്പിച്ചത്. വിഷയത്തിൽ ഹൈകോടതി സ്വമേധയാ കേസെടുത്ത് റിപ്പോർട്ട് തേടുകയായിരുന്നു. കാലാനുസൃതമായ വർധന ബോർഡ് പൂരം സംഘാടകരോട് ആവശ്യപ്പെട്ടതോടെയാണ് വിവാദത്തിലായത്.
ബോർഡ് ഇത് സംബന്ധിച്ച് വിശദീകരണം നൽകിയിട്ടുണ്ടെങ്കിലും കോടതി നിലപാട് നിർണായകമാകും. 20 കോടി രൂപ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടെന്നാണ് പ്രദർശന കമ്മിറ്റിയുടെ ആരോപണം. എന്നാൽ, ചുമതലയേറ്റ പ്രസിഡന്റ് എം.കെ. സുദർശനൻ ഇത് നിഷേധിച്ചു.
കോടതിയുടെ പരിഗണനയിലാണ് വിഷയമെന്നും കോടതിയുടെ നിർദേശം അനുസരിച്ചും പാറമേക്കാവ് - തിരുവമ്പാടി ദേവസ്വങ്ങളും പൂരം പ്രദർശന കമ്മിറ്റിയുമായും ചർച്ച ചെയ്തും പ്രശ്നത്തിന് പരിഹാരമാകുമെന്നും പ്രസിഡന്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.