തൃശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബി.ജെ.പിയുടെ ജയം ഗൗരവമുള്ളതാണെന്നും കാലങ്ങളായി മുന്നണിക്ക് ലഭിച്ച വോട്ടുകളടക്കം ബി.ജെ.പിയിലേക്ക് ഒഴുകുന്നത് തിരിച്ചറിയാനും തടയാനും കഴിഞ്ഞില്ലെന്നും സി.പി.എം ജില്ല കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം.
ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ അടക്കമുള്ളവര്‍ ബി.ജെ.പിയുടെ നീക്കങ്ങളും സുരേഷ് ഗോപിയുടെ പ്രവര്‍ത്തനവും കാര്യമായി എടുക്കാത്തത് വീഴ്ചയായെന്നും വിമര്‍ശനം ഉയര്‍ന്നു.
അതേസമയം, തൃശൂരിലെ തോല്‍വിയുമായി ബന്ധപ്പെട്ട് സി.പി.ഐ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ സി.പി.എം ജില്ല കമ്മിറ്റി ചര്‍ച്ച ചെയ്തില്ല. അങ്ങനെ ആക്ഷേപമുണ്ടെങ്കില്‍ അത് മുന്നണി യോഗത്തിലാണ് ഉന്നയിച്ച് ചര്‍ച്ച ചെയ്യേണ്ടത് എന്ന് വിലയിരുത്തി.
കോണ്‍ഗ്രസ് വോട്ടുകള്‍ വന്‍തോതില്‍ ബി.ജെ.പിയിലേക്ക് മറിഞ്ഞു. കരുവന്നൂര്‍, തൃശൂര്‍ പൂരം, സംസ്ഥാനത്തെ ഭരണ വിരുദ്ധ വികാരം എന്നിവ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടെന്ന് ചിലര്‍ പരോക്ഷമായി ഉന്നയിച്ചു. പാര്‍ട്ടി സംശയത്തിന്റെ നിഴലിലായ പല സാഹചര്യങ്ങളിലും അണികളെയോ ജനങ്ങളെയോ യാഥാര്‍ഥ്യം ബോധ്യപ്പെടുത്തുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്.
ബാങ്കിന്റെ വീഴ്ച മൂലം ആദായ നികുതി വകുപ്പ് പാര്‍ട്ടി ജില്ല കമ്മിറ്റി അക്കൗണ്ടില്‍ ഇടപാട് തടഞ്ഞ സാഹചര്യം ഇക്കൂട്ടത്തില്‍ ഒന്നാണ്. പരാജയം കൂട്ടായ വീഴ്ചയുടെ ഫലമാണ്. ഏതെങ്കിലും ഘടകമോ നേതാവോ ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയതായി കാണാനാവില്ല.
ഗൗരവത്തോടെ വിഷയം പഠിക്കാനും തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളുമായുള്ള ബന്ധം പഴയതുപോലെ ദൃഢമാക്കാനുമുള്ള പ്രവര്‍ത്തനം തുടങ്ങണമെന്ന സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടിലെ നിർദേശം ചർച്ച ചെയ്തു. ജില്ല കമ്മിറ്റി യോഗം ഞായറാഴ്ചയും തുടരും. ലോക്കല്‍, ഏരിയ തലങ്ങളില്‍നിന്ന് ലഭിച്ച തെരഞ്ഞെടുപ്പ്, സംഘടന റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാണ് ചര്‍ച്ച നടക്കുന്നത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് യോഗത്തിനെത്തിയില്ല.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു പങ്കെടുത്തു. 40 പേര് സംസാരിച്ചു. ഉച്ചവരെ സംസ്ഥാന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് അതിന്മേല് ചര്‍ച്ച നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.