മാള: ചാലക്കുടി പുഴയോരമായ അന്നമനടയിൽ ചുഴലിക്കാറ്റ് പരിഭ്രാന്തി പരത്തി. 10, 11, 12 വാർഡുകളിലാണ് കാറ്റ് ആഞ്ഞടിച്ചത്. ആറ് വീടുകൾ ഭാഗികമായി തകർന്നു. ആളപായം ഇല്ല. വിവിധ ഭാഗങ്ങളിൽ മരങ്ങൾ ഒടിഞ്ഞുവീണ് നാശനഷ്ടം ഉണ്ടായി.
അഞ്ചുമിനിറ്റ് മാത്രമാണ് കാറ്റ് വീശിയത്. രണ്ട് വൈദ്യുതി തൂണുകൾ, നൂറോളം ജാതി, മൂന്ന് തെങ്ങ്, രണ്ട് തേക്ക് എന്നിവ കടപുഴകി.
പുഴ കരകവിഞ്ഞൊഴുകിയ പ്രദേശങ്ങളിലാണ് കാറ്റ് ആഞ്ഞടിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
കാറ്റിൽ വലഞ്ഞ് ജാതികർഷകർ
മാള: ചാലക്കുടി താലൂക്കിൽ അടിക്കടിയുണ്ടാവുന്ന ചുഴലിക്കാറ്റിൽ വലഞ്ഞ് ജാതി കർഷകർ. പ്രധാന സുഗന്ധവിളയായ ജാതിക്ക കൂടുതൽ ഉൽപാദിപ്പിക്കുന്ന മേഖലകളാണ് പുഴയോര പ്രദേശമായ അന്നമനട, പാലിശ്ശേരി, മാമ്പ്ര, എരയാംകുടി, പുവത്തുശ്ശേരി എന്നിവ. അന്നമനടയിൽ ബുധനാഴ്ചയുണ്ടായ ചുഴലിക്കാറ്റിൽ 50ലധികം മരങ്ങൾ കടപുഴകി. പുഴ കരകവിഞ്ഞ് സമാന രീതിയിൽ നൂറോളം വൃക്ഷങ്ങൾ കടപുഴകിയിരുന്നു.
കൃഷിനാശം വന്നവർക്ക് അതനുസരിച്ചുള്ള നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. സർക്കാർ ജാതി കർഷകർക്കായി പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് ജാതികർഷകർക്കായി പ്രവർത്തിക്കുന്ന അന്നമനട ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ഇ.എം. ഷിലിൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.