ചേറ്റുവ: പടന്ന തീരദേശ പ്രദേശത്ത് ജല അതോറിറ്റിയുടെ കുടിവെള്ളം എത്തിയിട്ട് ഒരു വർഷം. ദേശീയ പാത വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കുടിവെള്ളപൈപ്പുകൾ മാറ്റിസ്ഥാപിച്ചിട്ടും തീരദേശ മേഖലയിൽ വെള്ളം എത്തിയില്ല. റോഡ് വെട്ടിപ്പൊളിച്ചും പറമ്പ് മാന്തിപ്പൊളിച്ചും പൈപ്പിട്ട് മൂടിയതല്ലാതെ കുടിവെള്ളമെത്താൻ നടപടിയില്ല. ജല അതോറിറ്റിയുടെ ഗാർഹിക കണക്ഷൻ എടുത്തിട്ടുള്ള വീടുകളിൽ കുടിവെള്ളം തീരെ ലഭിക്കാത്തവർക്കും കൃത്യമായി വെള്ളക്കരം പിരിക്കു ന്നുമുണ്ട്. ഗാർഹിക കണക്ഷൻ എടുത്തവർക്ക് കുടിവെള്ളം ലഭ്യമാക്കേണ്ട ഉത്തരവാദിത്തം ജല അതോറിറ്റിക്കുണ്ട്, ദേശീയ പാത നിർമാണ പ്രവർത്തനങ്ങളുടെ പേര് പറഞ്ഞ് പ്രദേശവാസികളെ ചൂഷണം ചെയ്യുകയാണ് ഉദ്യോഗസ്ഥർ.
പരാതിയുടെ അടിസ്ഥാനത്തിൽ കുടിവെള്ളപ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കലക്ടർ പലതവണ ദേശീയ പാത കരാർ കമ്പനിക്കും ജല അതോറിറ്റി സൂപ്രണ്ടിങ്ങ് എൻജിനിയർക്കും കത്ത് നൽകിയെങ്കിലും ഒരുവർഷം പിന്നിട്ടിട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കുടിവെള്ളം എത്തിക്കാൻ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് പൊതുപ്രവർത്തകൻ ലെത്തീഫ് കെട്ടുമ്മൽ പറഞ്ഞു,
തീരദേശത്തെ കുടിവെള്ളപ്രശ്നം ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്കും ലെത്തീഫ് പരാതി നൽകിയിരുന്നു, പല കാരണങ്ങളാണ് ജല അതോറിറ്റി ഇതുവരെ പറഞ്ഞിരുന്നത്. ജല അതോറിറ്റി ഇനിയും തീരദേശ മേഖലയിലും പരിസരപ്രദേശത്തും കുടിവെള്ളം എത്തിക്കുന്നതിൽ അലംഭാവം തുടർന്നാൽ പ്രദേശവാസികൾക്ക് കുടിവെള്ളം ലഭിക്കുന്നത് വരെ ജല അതോറിറ്റി ഓഫിസിന് മുന്നിൽ നിരാഹാരസമരം നടത്തുമെന്ന് ലെത്തീഫ് കെട്ടുമ്മൽ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.